കുവൈത്ത് സിറ്റി: ഫിലിപ്പീൻസിൽ തീവ്രവാദികൾ തട്ടിക്കൊണ്ടുപോയ കോഴിക്കോട് മൂടാടി കൊളാറ വീട്ടിൽ നാരായണൻെറ മകൻ ബിജു (36) ജീവനോടെയുണ്ടെന്ന് ഇടനിലക്കാ൪ അറിയിച്ചതായി ഭാര്യ. ബിജു സുരക്ഷിതനാണെന്ന് ഫിലിപ്പീൻസിലുള്ള ഭാര്യ എലീന ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു. മോചനദ്രവ്യം നൽകാൻ താൻ തയാറാണെങ്കിലും എല്ലാ ബന്ദികളുടെയും കാര്യത്തിൽ ഒരുമിച്ച് തീരുമാനമായാൽ മാത്രമേ മോചിപ്പിക്കാനാവൂ എന്നാണ് തീവ്രവാദികളുടെ നിലപാടെന്നും എലീന കൂട്ടിച്ചേ൪ത്തു.
മോചനദ്രവ്യം താൻ സ്വരുക്കൂട്ടിവെച്ചിട്ടുണ്ടെന്നും അത് നൽകി ഭ൪ത്താവിനെ മോചിപ്പിക്കാൻ ഇടനിലക്കാ൪ വഴി ശ്രമം നടത്തിവരുകയാണെന്നും അവ൪ വ്യക്തമാക്കി. മറ്റു പലരെയും തീവ്രവാദികൾ ബന്ദികളാക്കിയിട്ടുണ്ട്. മോചനദ്രവ്യം കിട്ടിയാൽ എല്ലാവരെയും മോചിപ്പിക്കാമെന്നായിരുന്നു വാഗ്ദാനം. പിന്നീട് ഇക്കാര്യത്തിൽ പുരോഗതി ഇല്ലാതായതുകൊണ്ടാണ് ബിജുവിൻെറ മോചനത്തിന് വഴി തെളിയാതിരുന്നത്. ബിജു കൊല്ലപ്പെട്ടെന്ന വാ൪ത്ത പരന്നതിനെ തുട൪ന്ന് വീണ്ടും ഇടനിലക്കാരുമായി ബന്ധപ്പെട്ടപ്പോൾ ജീവനോടെയുണ്ടെന്ന് അവ൪ ഉറപ്പുനൽകിയതായി എലീന പറഞ്ഞു. അവ൪ വഴി തീവ്രവാദികളുമായി ബന്ധപ്പെട്ടുക്കൊണ്ടിരിക്കുകയാണെന്നും ഉടൻ മോചനദ്രവ്യം നൽകി മോചിപ്പിക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കൂട്ടിച്ചേ൪ത്തു.
അതേസമയം, ഇക്കാര്യത്തിൽ ഔദ്യാഗിക സ്ഥിരീകരണം ഇനിയും ഉണ്ടായിട്ടില്ല. ബിജുവിൻെറ മോചനവുമായി ബന്ധപ്പെട്ട് ഔദ്യാഗികമായി ഒരു വിവരവുമില്ലെന്നാണ് കുവൈത്തിലെ ഇന്ത്യൻ എംബസിയും ഫിലിപ്പീൻ എംബസിയും പറയുന്നത്.
കഴിഞ്ഞവ൪ഷം ജൂൺ 23ന് ഭാര്യയുടെ നാടായ ഫിലിപ്പീൻസിൽ കുടുംബസമേതം സന്ദ൪ശനം നടത്തവെയാണ് ബിജുവിനെ തീവ്രവാദികൾ തട്ടിക്കൊണ്ടുപോയത്. ബിജുവിനെ കൊലപ്പെടുത്തിയതായി ഫിലിപ്പീൻ പൊലീസിനെ ഉദ്ധരിച്ച് അവിടത്തെ മാധ്യമങ്ങളും വാ൪ത്താ ഏജൻസികളുമാണ് കഴിഞ്ഞദിവസം റിപ്പോ൪ട്ട് ചെയ്തത്. തീവ്രവാദികൾ ആവശ്യപ്പെട്ടതുപ്രകാരം മോചനദ്രവ്യം ഭാര്യ നൽകിയിട്ടും കൊലപ്പെടുത്തിയതായി ബിജുവിനെ തട്ടിക്കൊണ്ടുപോയ സുലു പ്രവിശ്യയിലെ സീനിയ൪ പൊലീസ് സൂപ്രണ്ട് അൻേറാണിയോ ഫ്രെയ്റയെ ഉദ്ധരിച്ചാണ് റിപ്പോ൪ട്ട് ചെയ്തത്. എന്നാൽ, മോചനദ്രവ്യം സ്വരുക്കൂട്ടിയിട്ടുണ്ടെങ്കിലും ഇതുവരെ നൽകിയിട്ടില്ലെന്ന് വ്യക്തമാക്കിയ ഭാര്യ, കേസ് അവസാനിപ്പിക്കാൻവേണ്ടി ബിജു കൊല്ലപ്പെട്ടെന്ന വാ൪ത്ത ഫിലിപ്പീൻ പൊലീസ് കെട്ടിച്ചമച്ചതാണെന്ന് ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.