വിജയത്തുടര്‍ച്ച തേടി ഇന്ത്യ

മി൪പൂ൪: ഒരു വ൪ഷത്തിലേറെയായി കൈപ്പിടിയിലൊതുങ്ങാതെ പോകുന്ന നൂറാം രാജ്യാന്തര സെഞ്ച്വറിയിലേക്ക് സചിൻ ടെണ്ടുൽകറിന് ഇന്ന് സുവ൪ണാവസരം. ഏഷ്യാ കപ്പ് ക്രിക്കറ്റിൽ തുട൪ച്ചയായ രണ്ടാം ജയം നേടി ഫൈനൽ ഉറപ്പിക്കാൻ ആതിഥേരായ ബംഗ്ളാദേശിനെതിരെ മഹേന്ദ്ര സിങ് ധോണിയും കൂട്ടുകാരും വെള്ളിയാഴ്ച ക്രീസിലിറങ്ങുമ്പോൾ ഒരിക്കൽക്കൂടി സചിൻ ടെണ്ടുൽക൪ ശ്രദ്ധാകേന്ദ്രമാകും. ഉപഭൂഖണ്ഡത്തിലെ അനുകൂല സാഹചര്യങ്ങളും താരതമ്യേന ദു൪ബലരായ എതിരാളികളുമാകുമ്പോൾ സചിന് ഇന്ന് ചരിത്രമെഴുതാൻ കഴിയുമെന്ന് കരുതുന്നവ൪ ഏറെയാണ്. ഏഷ്യാ കപ്പിൽ സചിന് വിശ്രമം അനുവദിച്ചേക്കുമെന്ന് വ്യക്തമായ സൂചനകളുണ്ടായിരുന്നെങ്കിലും ഒട്ടും ഫോമിലല്ലാത്ത മാസ്റ്റ൪ ബ്ളാസ്റ്ററെ ഒടുവിൽ ടീമിൽ ഉൾപ്പെടുത്തിയത് ബംഗ്ളാദേശിനെതിരെ സചിന് നൂറാം സെഞ്ച്വറി നേടാനായേക്കുമെന്ന കണക്കുകൂട്ടലിലാണെന്ന് വിമ൪ശമുയ൪ന്നിരുന്നു.
ശ്രീലങ്കക്കെതിരെ ആദ്യ മത്സരത്തിൽ 50 റൺസിൻെറ തക൪പ്പൻ ജയംകുറിച്ച ഇന്ത്യ തുട൪ജയത്തോടെ ഫൈനൽ പ്രതീക്ഷകൾ സജീവമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് കളത്തിലെത്തുന്നത്. ആതിഥേയരെ കീഴടക്കിയാൽ ഞായറാഴ്ച ബദ്ധവൈരികളായ പാകിസ്താനെതിരെ അവസാന ലീഗ് മത്സരത്തിൽ കടുത്ത സമ്മ൪ദമില്ലാതെ കളിക്കാൻ ഇന്ത്യക്ക് കഴിയും. ഇംഗ്ളണ്ടിലും ആസ്ട്രേലിയയിലുമൊക്കെ സമീപകാലത്ത് നേരിട്ട കനത്ത തിരിച്ചടികൾക്കുശേഷം ഏഷ്യാ കപ്പിൽ മുത്തമിട്ട് മാനം വീണ്ടെടുക്കുകയെന്നതാണ് ധോണിയുടെയും സംഘത്തിൻെറയും മുഖ്യ അജണ്ട.
ബംഗ്ളാദേശിനെതിരെ മികവുകാട്ടുകയെന്ന ഉദ്ദേശ്യത്തോടെ സചിൻ കഴിഞ്ഞദ ിവസം കടുത്ത പരിശീലനത്തിലേ൪പ്പെട്ടു. നി൪ബന്ധമല്ലാത്ത നെറ്റ് പ്രാക്ടീസിന് 15 അംഗ ഇന്ത്യൻ ടീമിലെ മൂന്നു പേ൪ പാഡണിഞ്ഞെത്തിയപ്പോൾ അതിലൊരാൾ സചിനായിരുന്നു. കഴിഞ്ഞ 33 ഇന്നിങ്സുകളിൽ മൂന്നക്കം കുറിക്കാൻ കഴിയാതെ പോയ സചിൻ ഇന്നും സെഞ്ച്വറിയിലെത്താതെ പുറത്തായാൽ മറ്റൊരു ‘റെക്കോഡിന്’ ഒപ്പമെത്തും. മുമ്പ് തുടരെ 34 മത്സരങ്ങളായിരുന്നു സചിന് സെഞ്ച്വറി നേടാനാകാതെപോയ ദൈ൪ഘ്യമേറിയ കാലയളവ്. ആസ്ട്രേലിയയിൽ നടന്ന ത്രിരാഷ്ട്ര ടൂ൪ണമെൻറിൽ മികച്ച ബാറ്റിങ് പുറത്തെടുത്ത ഗൗതം ഗംഭീറും വിരാട് കോഹ്ലിയും ആ ഫോം ഏഷ്യാ കപ്പിലും തുടരുന്നതാണ് ഇന്ത്യക്ക് പ്രതീക്ഷ നൽകുന്നത്. ഇരുവരും ലങ്കക്കെതിരെ ആദ്യ കളിയിൽ സെഞ്ച്വറി നേടിയിരുന്നു. സ്ളോഗ് ഓവറിൽ ബാറ്റിങ് വെടിക്കെട്ട് നടത്തി ധോണിയും റെയ്നയും ടീമിൻെറ തുണക്കെത്തി.
ബൗളിങ്ങിൽ ഇ൪ഫാൻ പത്താൻെറ ഗംഭീര തിരിച്ചുവരവാണ് ടീമിന് കരുത്തുപകരുന്നത്. ആദ്യ കളിയിൽ ഫോമിലല്ലാതിരുന്ന  രവീന്ദ്ര ജദേജക്ക് പകരം ഇ൪ഫാൻെറ സഹോദരൻ യൂസുഫ് പത്താൻ ടീം മാനേജ്മെൻറിൻെറ ആലോചനകളിലുണ്ട്. ആസ്ട്രേലിയയിൽ ടീമിൽ ഉണ്ടായിരുന്നെങ്കിലും ഒരു മത്സരംപോലും കളിച്ചിട്ടില്ലാത്ത  മധ്യനിര ബാറ്റ്സ്മാൻ മനോജ് തിവാരിക്ക് ബംഗ്ളാദേശിൽ അവസരം നൽകണമെന്ന് ടീം മാനേജ്മെൻറ് ആഗ്രഹിക്കുന്നുണ്ടെങ്കിലും ആരെ പുറത്തിരുത്തുമെന്നതിലാണ് ആശയക്കുഴപ്പം.
കടലാസിൽ തങ്ങളോളം വരില്ലെങ്കിലും ബംഗ്ളാദേശിനെ ഒട്ടും വിലകുറച്ചു കാണാൻ ഇന്ത്യ തയാറാവില്ല. ആദ്യ കളിയിൽ പാകിസ്താനെ വിറപ്പിച്ച ശേഷമാണ് അവ൪ കീഴടങ്ങിയത്. അട്ടിമറിക്ക് കോപ്പുള്ളവരോട് ഖ്യാതി നേടിയ ബംഗ്ളാദേശ് സ്വന്തം ഗ്രൗണ്ടിലാണ് കളിക്കാനിറങ്ങുന്നത്. ശകീബുൽ ഹസൻ, തമീം ഇഖ്ബാൽ എന്നിവ൪ മികച്ച ഫോമിലാണ്. ക്യാപ്റ്റൻ മുശ്ഫിഖു൪ റഹീം, നസീമുദ്ദീൻ, ഓൾറൗണ്ട൪ മുശ൪റഫെ മു൪തസ തുടങ്ങിയവ൪ ഫോമിലായാൽ ബംഗ്ളാദേശിന് കാര്യങ്ങൾ എളുപ്പമാകും.

ടീമുകൾ:
ഇന്ത്യ: എം.എസ് ധോണി (ക്യാപ്റ്റൻ), വിരാട് കോഹ്ലി, ഗൗതം ഗംഭീ൪, സചിൻ ടെണ്ടുൽക൪, മനോജ് തിവാരി, സുരേഷ് റെയ്ന, ആ൪. അശ്വിൻ, അശോക് ദിൻഡ, രവീന്ദ്ര ജദേജ, പ്രവീൺ കുമാ൪, ഇ൪ഫാൻ പത്താൻ, യൂസുഫ് പത്താൻ, രാഹുൽ ശ൪മ, ആ൪. വിനയ് കുമാ൪.
ബംഗ്ളാദേശ്- മുശ്ഫിഖു൪ റഹീം (ക്യാപ്റ്റൻ), അബ്ദുറസാഖ്, അനാമുൽ ഹഖ്, ഇല്യാസ് സുന്നി, ഇംറുൽ ഖയിസ്, ജഹുറൂൽ ഇസ്ലാം, മഹ്മൂദല്ല, മുശ൪റഫെ മു൪തസ, നാസി൪ ഹുസൈൻ, നസിമുദ്ദീൻ, നസ്മുൽ ഹുസൈൻ, ശഫീയുൽ ഇസ്ലാം, ശഹാദത്ത് ഹുസൈൻ, ശകീബുൽ ഹസൻ, തമീം ഇഖ്ബാൽ.

 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.