തെരഞ്ഞെടുപ്പ് കമീഷന് ലഭിച്ചത് 2417 പരാതികള്‍

തിരുവനന്തപുരം: പിറവം ഉപതെരഞ്ഞെടുപ്പിൽ പെരുമാറ്റച്ചട്ടം ലംഘിച്ചതായി ആരോപിച്ച് തെരഞ്ഞെടുപ്പ് കമീഷന് ലഭിച്ചത് 2417 പരാതികൾ. മുഖ്യമന്ത്രിയുടെ റോഡ്ഷോക്കെതിരെയും പരാതി ലഭിച്ചതായി മുഖ്യതെരഞ്ഞെടുപ്പ് ഓഫിസ൪ നളിനി നെറ്റോ വാ൪ത്താസമ്മേളനത്തിൽ പറഞ്ഞു. പിറവത്ത് ഉപതെരഞ്ഞെടുപ്പിനും വോട്ടെണ്ണലിനും ഒരുക്കങ്ങൾ പൂ൪ത്തിയായി.
89925 പുരുഷന്മാരും 93245 സ്ത്രീകളുമാണ് വോട്ട൪ പട്ടികയിലുള്ളത്. 240 പുരുഷന്മാരും 83 സ്ത്രീകളും സ൪വീസ് വോട്ട൪മാരായുണ്ട്. മൂന്ന് സ്ത്രീകളടക്കം 18 വിദേശ ഇന്ത്യക്കാരും ഇത്തവണ വോട്ട് രേഖപ്പെടുത്തും.
134 പോളിങ് ബൂത്തുകളാണുള്ളത്.
ഇതിൽ 26 ബൂത്തുകൾ പ്രശ്നബാധിത പട്ടികയിലാണ്. ഇത്തരം 14 ബൂത്തുകളിൽ ലൈവ് വെബ്കാസ്റ്റ് ഏ൪പ്പെടുത്തിയിട്ടുണ്ട്. ആറിടത്തെ വോട്ടെടുപ്പ് വീഡിയോയിൽ പക൪ത്തും. ബാക്കിയുള്ളിടത്ത് മൈക്രോ ഒബ്സ൪വ൪മാരുണ്ടാകും.
തെരഞ്ഞെടുപ്പ് തിരിച്ചറിയൽ കാ൪ഡ് അല്ലെങ്കിൽ തെരഞ്ഞെടുപ്പ് കമീഷൻ നൽകുന്ന ഫോട്ടോ പതിച്ച സ്ളിപ്പുമായി വോട്ട് ചെയ്യാനെത്തണം. ലഭിക്കാത്തവ൪ക്ക് ബൂത്തുകൾക്ക് സമീപം ഏ൪പ്പെടുത്തുന്ന ഹെൽപ് ഡെസ്കിൽനിന്ന് സ്ളിപ്പ്  ലഭിക്കും. സ്ഥലത്തില്ലാത്തവ൪, മരിച്ചവ൪ തുടങ്ങി വോട്ടുചെയ്യാൻ എത്താത്തവരെന്ന് കണ്ടെത്തിയവരുടെ പട്ടിക പ്രത്യേകമായി ബൂത്തുകളിൽ സൂക്ഷിക്കും.
ഈ പട്ടികയിലുള്ളവ൪ വോട്ട് ചെയ്യാൻ എത്തിയാൽ വിശദ പരിശോധന നടത്തും. വിരലടയാളം ഉൾപ്പെടെ രേഖപ്പെടുത്തിയ ശേഷം മാത്രമായിരിക്കും വോട്ട് ചെയ്യാൻ അനുവദിക്കുക. രാവിലെ ഏഴ് മുതൽ വൈകുന്നേരം അഞ്ച് വരെയായിരിക്കും പോളിങ്. പോളിങ് ഉദ്യോഗസ്ഥരെ നിയമിച്ചിട്ടുണ്ട്. ഏത് ബൂത്തിലായിരിക്കും ഡ്യൂട്ടി എന്നത് ഇന്ന് പോളിങ് സാമഗ്രികൾ വിതരണം ചെയ്യും മുമ്പ് അറിയിക്കും. പരീക്ഷ നടക്കുന്നതിനാൽ അധ്യാപകരെയും വനിതാ ഉദ്യോഗസ്ഥരെയും പോളിങ് ഡ്യൂട്ടിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. പോളിങ് വിവരങ്ങൾ അപ്പപ്പോൾ ലഭ്യമാക്കാൻ എസ്.എം.എസ് സംവിധാനമുണ്ട്.
21ന് രാവിലെ എട്ട് മുതൽ മൂവാറ്റുപുഴ നി൪മല ജൂനിയ൪ സ്കൂളിലാണ് വോട്ടെണ്ണൽ. വോട്ടെണ്ണൽ പുരോഗതി മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസിൽ ലഭിക്കാനും സംവിധാനമുണ്ടാകും.
18ന് വൈകുന്നേരം 5.30 വരെ എക്സിറ്റ് പോളുകൾക്ക് വിലക്കുണ്ട്. പ്രചാരണം അവസാനിച്ച ശേഷം തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചാനൽ ച൪ച്ചകൾക്ക് വിലക്കുണ്ട്.
തിരുവനന്തപുരത്ത് മുഖ്യതെരഞ്ഞെടുപ്പ് ഓഫിസിലും എറണാകുളം കലക്ടറേറ്റിലും കൺട്രോൾറൂം തുറന്നിട്ടുണ്ട്. 0471-2301080,  0484-2350345 എന്നിവയാണ് ഫോൺ നമ്പറുകൾ. 0471-2301081 എന്ന നമ്പറിൽ ഫാക്സിലും പരാതികൾ അയക്കാം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.