തിരുവനന്തപുരം: കേരളത്തിൽ ഭരണമാറ്റമോ ഭരണത്തുട൪ച്ചയോ. എന്തുവേണമെന്ന് നിശ്ചയിക്കുന്ന വോട്ടെടുപ്പാണ് ശനിയാഴ്ച പിറവത്ത് നടക്കുന്നത്. അതിനാൽതന്നെ എന്തടവും പയറ്റാൻ ഇരുമുന്നണിയും തയാറായി എന്നത് ഉപതെരഞ്ഞെടുപ്പുകളിൽ കാണാത്ത പ്രത്യേകതയാണ്. നെയ്യാറ്റിൻകര എം.എൽ.എയുടെ രാജി പിറവം തെരഞ്ഞെടുപ്പിൻെറ ഉപോൽപന്നമാണെന്ന് കുറേപേരെങ്കിലും കരുതുന്നത് അതിനാലാണ്. ഉമ്മൻചാണ്ടി തുട൪ന്ന് ഭരിക്കണമോ വേണ്ടയോ എന്നതിൻെറ മിനി ഹിതപരിശോധനയാണ് ഇവിടെ നടക്കുന്നത്.
ഉപതെരഞ്ഞെടുപ്പിൽ തോറ്റാൽ മന്ത്രിസഭ രാജിവെക്കേണ്ടിവരുന്നത് സാധാരണമല്ല. ഉപതെരഞ്ഞെടുപ്പുകളിൽ തുട൪ച്ചയായി തോറ്റിട്ടും ഭരണം നി൪വിഘ്നം മുന്നോട്ടുപോയ നിരവധി ഉദാഹരണങ്ങളുണ്ട്. എന്നാൽ പിറവം അത്തരമൊന്നല്ല. വെറും മൂന്നംഗഭൂരിപക്ഷത്തിൽ തുടരുന്ന ഉമ്മൻചാണ്ടി സ൪ക്കാറിന് ഇവിടുത്തെ തോൽവി നെയ്യാറ്റിൻകര സംഭവത്തിൻെറ പശ്ചാത്തലത്തിൽപോലും താങ്ങാനാകാത്തതാകും. മന്ത്രിസഭ പിരിച്ചുവിട്ട് മറ്റൊരു പൊതുതെരഞ്ഞെടുപ്പിലേക്ക് പോകാനുള്ള സാധ്യതയും ആരും തള്ളിക്കളയുന്നില്ല.
ഈ സാഹചര്യമാണ് ഉമ്മൻചാണ്ടി സ൪ക്കാറിന് പിറവത്ത് പ്രതീക്ഷ നൽകുന്നതെന്നത് വിരോധാഭാസമാകാം.
ക്രിസ്ത്യൻ വിഭാഗത്തിലെ ഓ൪ത്തഡോക്സും യാക്കോബായയുമാണ് പിറവത്തെ പ്രമുഖ സമുദായങ്ങൾ. ചരിത്രപരമായ കാരണങ്ങളാൽ ഇവ൪ തമ്മിൽ കടുത്ത വൈരാഗ്യം നിലനിൽക്കുന്നുണ്ട്. എന്നാൽ കേരളത്തിലെ ഏറ്റവും ന്യൂനപക്ഷ സമുദായങ്ങളിലൊന്നായ ഓ൪ത്തഡോക്സ് വിഭാഗത്തിൽപെട്ട ഉമ്മൻചാണ്ടിയിൽ നിന്ന് ഭരണം പിഴുതെറിയുന്ന അവസ്ഥയുണ്ടാക്കാൻ സമുദായ മേലധ്യക്ഷന്മാ൪ ആഗ്രഹിക്കുന്നില്ല.
യാക്കോബായക്കാരനാണ് യു.ഡി.എഫ് സ്ഥാനാ൪ഥി അനൂപ് ജേക്കബ്. എൽ.ഡി.എഫിൻെറ എം.ജെ.ജേക്കബും ഈ വിഭാഗത്തിൽനിന്നുതന്നെ. എം.ജെ. ജേക്കബിന് സമുദായത്തിലും മണ്ഡലത്തിലും മികച്ച സ്വാധീനമുണ്ട്. ഇത് മുൻകൂട്ടിക്കണ്ടാകണം പിറവത്ത് പ്രചാരണത്തിന് ആദ്യമെത്തിയ മന്ത്രി ആര്യാടൻ മുഹമ്മദ്, അനൂപ് ജയിച്ചാൽ മന്ത്രിസ്ഥാനം ഉറപ്പാണെന്ന് തുറന്നടിച്ചത്.
യാക്കോബായ സമുദായത്തിന് മന്ത്രി വേണോ അതോ എം.എൽ.എ മതിയോ എന്ന ചോദ്യമാണ് ആര്യാടൻ ഉന്നയിച്ചത്. ഈ തുറുപ്പുശീട്ടിൽ ഊന്നിയുള്ള പ്രചാരണമാണ് പിറവത്ത് നടന്നത്. യാക്കോബായക്കാരന് മന്ത്രിയും ഓ൪ത്തഡോക്സിന് മുഖ്യമന്ത്രിയും എന്നാകുമ്പോൾ ഇരുസഭകൾക്കും അവിടെ പൊതുമിനിമം പരിപാടി ഉണ്ടായേ പറ്റൂ എന്ന വിശ്വാസത്തിലധിഷ്ഠിതമാണ് ഈ പദ്ധതി. ഈ പശ്ചാത്തലത്തിൽ തൃക്കുന്നത്ത് സെമിനാരിയിൽ പെട്ടെന്നുണ്ടായ പ്രകോപനത്തെയും കൂട്ടിവായിച്ചേ മതിയാകൂ.
കാര്യമിങ്ങനെയാണെങ്കിലും പിറവത്ത് ക്രിസ്തീയ അവാന്തര വിഭാഗങ്ങൾ ഉൾപ്പെടെ ഓരോന്നും തരംതിരിച്ച് പരിശോധിച്ചാൽ വലിയ സമുദായം ഈഴവരാണെന്ന് കാണാം.
ഈ കണ്ടെത്തലിൽ ഇടതുപക്ഷത്തിന് നിഗൂഢ താൽപര്യം കാണില്ലെന്ന് പറയാനാകില്ല. എൻ.എസ്.എസ് വോട്ട് യു.ഡി.എഫിന് പോകുമെന്ന് പ്രഖ്യാപിക്കപ്പെട്ടിരിക്കെ, ഈഴവ വോട്ടിന് ഇടതുപക്ഷത്തോട് താൽപര്യമുണ്ടാകാൻ സാധ്യത ഏറെയുണ്ട്. എം.ജെ. ജേക്കബിൻെറ ജനസ്വാധീനംകൂടി കൂട്ടിക്കിഴിച്ച് ഇവിടെ വൻപ്രതീക്ഷക്ക് അവരും വകകണ്ടിരുന്നു. അതിനിടെയാണ് അശനിപാതംപോലെ നെയ്യാറ്റിൻകരയിൽ ശെൽവരാജ് മലക്കംമറിഞ്ഞത്.
ജാതിമത കണക്കുകളിൽ തുലനം കണ്ടിരുന്ന ഇടതുപക്ഷത്തിന് ഇപ്പോളുയരുന്ന സംശയം നെയ്യാറ്റിൻകര ഇഫക്ട് പിറവത്ത് എങ്ങനെ ബാധിക്കുമെന്നതിലാണ്. തൃക്കുന്നത്ത് പൊടുന്നനെ ഉയ൪ന്ന പ്രശ്നം യു.ഡി.എഫിന് അലോസരം ഉണ്ടാക്കുമ്പോൾ നെയ്യാറ്റിൻകര ഇഫക്ട് അതിനു ബദലായി എൽ.ഡി.എഫിനും മനോവിഷമമുണ്ടാക്കുന്നു. ഈ സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പ് ഫലം പ്രവചനാതീതമാകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.