ജിദ്ദ: ഈ വ൪ഷത്തെ ഹജ്ജുമായി ബന്ധപ്പെട്ട കരാറിൽ വിദേശകാര്യസഹമന്ത്രി ഇ.അഹമ്മദും സൗദി ഹജ്ജ് മന്ത്രി ഡോ. ബൻദ൪ ബിൻ മുഹമ്മദ് ബിൻ ഹംസയും ബുധനാഴ്ച രാവിലെ ഹജ്ജ് മന്ത്രാലയത്തിൽ നടന്ന ചടങ്ങിൽ ഒപ്പിട്ടു. മൂന്നുവ൪ഷത്തിനു ശേഷം സൗദി മന്ത്രാലയം ഇന്ത്യയുടെ ഹജ്ജ് ക്വോട്ട വ൪ധിപ്പിച്ചു. ഇതനുസരിച്ച് 1,70,000 പേ൪ക്ക് ഇത്തവണ ഹജ്ജ് നി൪വഹിക്കാം. കഴിഞ്ഞ വ൪ഷം 1,60,000 പേ൪ക്കാണ് കരാ൪ വേളയിൽ അനുമതി നൽകിയിരുന്നത്. പിന്നീട് അധിക ക്വോട്ടയായി 10,000 പേ൪ക്ക് കൂടി അവസരം നൽകുകയായിരുന്നു.
ഇത്തവണ ഇന്ത്യ 1,80,000 പേ൪ക്കുള്ള ക്വോട്ടയാണ് ആവശ്യപ്പെട്ടതെന്ന് ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് ഹാളിൽ വാ൪ത്താസമ്മേളനത്തിൽ മന്ത്രി അഹമ്മദ് അറിയിച്ചു. ഇപ്പോൾതന്നെ 1.7 ലക്ഷം പേ൪ക്ക് അനുമതി കിട്ടിയത് വലിയ നേട്ടമാണ്. പിന്നീട് 10,000 പേ൪ക്ക് കൂടി അഡീഷനൽ ക്വോട്ടയായി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പുതിയ ക്വോട്ടയിൽ സ്വകാര്യ ഹജ്ജ് ഗ്രൂപ്പിൻെറ കീഴിൽ എത്രപേ൪ക്ക് അവസരം ലഭിക്കുമെന്ന ചോദ്യത്തിന് ക്വോട്ടയിലെ വ൪ധന വഴി കൂടുതൽ പേ൪ക്ക് കേന്ദ്ര ഹജ്ജ് കമ്മിറ്റി മുഖേന തീ൪ഥാടനം നി൪വഹിക്കാൻ സാധിക്കും എന്നായിരുന്നു മറുപടി. കഴിഞ്ഞ വ൪ഷം 1,25,000 പേ൪ ഹജ്ജ് കമ്മിറ്റി മുഖേനയും 45,491 പേ൪ സ്വകാര്യ ഹജ്ജ് ടൂ൪ ഓപറേറ്റ൪മാ൪ മുഖേനയുമാണ് സൗദിയിലെത്തിയത്. സ്വകാര്യ ഗ്രൂപ്പുകാരുടെ ക്വോട്ട ഈ വ൪ഷം കൂട്ടില്ല എന്നാണ് മന്ത്രി നൽകിയ സൂചന.
ഇന്ത്യയിൽനിന്ന് എത്തുന്ന മുഴുവൻ ഹാജിമാ൪ക്കും പുണ്യസ്ഥലങ്ങളെ കൂട്ടിയോജിപ്പിക്കുന്ന മെട്രോട്രെയിൻ സൗകര്യം അനുവദിക്കണമെന്നും ഹജ്ജ് മന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മന്ത്രി അഹമ്മദ് വെളിപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.