കൊടിയ പീഡനങ്ങള്‍ തുടര്‍ക്കഥ -ആംനസ്റ്റി

ഡമസ്കസ്: പ്രസിഡൻറ് ബശ്ശാ൪ അൽ അസദിനെ പടിയിറക്കി ജനാധിപത്യ ഭരണം നടപ്പാക്കാനുള്ള സിറിയൻ ജനതയുടെ പ്രക്ഷോഭത്തിന് ഇന്നേക്ക് ഒരാണ്ട്. കടുത്ത മനുഷ്യാവകാശ ലംഘനങ്ങളും പീഡനങ്ങളും തുട൪ക്കഥയായ സിറിയയിൽ 8,500 ആളുകളാണ് ഇതിനകം കൊല്ലപ്പെട്ടത്. അന്നുമുതൽ സിറിയൻ സേന അറസ്റ്റ് ചെയ്ത സിവിലിയന്മാരും പ്രക്ഷോഭകരും ആസൂത്രിതമായ  പീഡനങ്ങൾക്ക് വിധേയരായതായി മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി പറയുന്നു.
സംഘടിത രീതിയിൽ സിവിലിയന്മാ൪ക്കു നേരെയുള്ള ഭരണകൂടത്തിൻെറ ആക്രമണം കുരുതികളുടെ കൃത്യമായ തെളിവ് നൽകുന്നതായി ആംനസ്റ്റി ബുധനാഴ്ച സമ൪പ്പിച്ച റിപ്പോ൪ട്ടിൽ വ്യക്തമാക്കുന്നു. ദൃക്സാക്ഷികളുടെയും ഇരകളുടെയും മൊഴിയുടെ അടിസ്ഥാനത്തിൽ 31 തരം പീഡനമുറകളെപ്പറ്റി പരാമ൪ശമുണ്ട്. സിറിയൻ അവസ്ഥയെക്കുറിച്ചുള്ള റിപ്പോ൪ട്ട് അന്താരാഷ്ട്ര ക്രിമിനൽ കോടതിക്ക് കൈമാറണമെന്ന് ആംനസ്റ്റി നി൪ദേശിച്ചു. യു.എൻ രക്ഷാസമിതിക്ക് മാത്രമേ അത്തരമൊരു നി൪ദേശം കൈക്കൊള്ളാനാകൂ.
സൈനികരെയും പൊലീസിനെയും വധിക്കുന്ന ‘തീവ്രവാദികളെ’യാണ് തങ്ങൾ കൊന്നൊടുക്കുന്നതെന്നാണ് ഭരണകൂടത്തിൻെറ ന്യായീകരണം.
ദേഹത്താകമാനമുള്ള മ൪ദനം, സിഗരറ്റ് കൊണ്ടുള്ള പൊള്ളിക്കൽ, വൈദ്യുത ഷോക്, മറ്റു തടവുകാരെ ബലാൽക്കാരത്തിന് വിധേയരാക്കുന്നതിന് സാക്ഷിയാക്കൽ, ടയറിൽ കെട്ടിത്തൂക്കിയുള്ള മ൪ദനം തുടങ്ങി കാൽ നഖങ്ങൾ ചവണകൊണ്ട് നീക്കംചെയ്യുന്നതടക്കം റിപ്പോ൪ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
മിക്ക അറസ്റ്റുകളും നീണ്ട കാലയളവിലേക്കുള്ളവയാണ്. അഭിഭാഷക൪ക്കോ ബന്ധുക്കൾക്കോ സന്ദ൪ശനവും അനുവദിച്ചിരുന്നില്ല. തടവുകാരെ  നിശ്ശബ്ദരാക്കുക എന്ന ലക്ഷ്യത്തോടെയുള്ളതാണ് ഈ നീക്കമെന്നും ആംനസ്റ്റി കൂട്ടിച്ചേ൪ത്തു.
സിറിയയിൽനിന്ന് 2,30,000 പേരാണ് അഭയാ൪ഥികളായി കടന്നത്. ഇവരിൽ 30,000 പേ൪ വിദേശത്താണ്. അഭയാ൪ഥികളെ തടയാനായി തു൪ക്കി, ലബനാൻ അതി൪ത്തികളിൽ മൈനുകൾ സ്ഥാപിച്ചിരിക്കയാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.