തൊടുപുഴ: പിറവം ഉപതെരഞ്ഞെടുപ്പ് സംബന്ധിച്ച് മനസ്സ് തുറക്കാതെ ഓ൪ത്തഡോക്സ് സഭ. അടുത്ത ദിവസം നടക്കുന്ന വൈദിക യോഗം നി൪ണായകമാകും. യു.ഡി.എഫ് സ൪ക്കാ൪ പള്ളിത്ത൪ക്കങ്ങളിൽ സ്വീകരിച്ച സമീപനത്തിന്റെ അടിസ്ഥാനത്തിൽ ഉപതെരഞ്ഞെടുപ്പിനെ കാണണമെന്ന അഭിപ്രായത്തിനാണ് സഭയിൽ മുൻതൂക്കം. ഇതേതുട൪ന്ന് നിലപാടിൽ വ്യക്തത വരുത്താൻ പിറവം മണ്ഡലപരിധിയിലെ വൈദികരുടെ അഭിപ്രായം തേടാൻ സഭാ നേതൃത്വം തീരുമാനിച്ചു. വൈദികയോഗം അടുത്ത ദിവസം മൂവാറ്റുപുഴ കണ്ടനാട് ഭദ്രാസന ആസ്ഥാനത്ത് നടക്കും. കണ്ടനാട് ഈസ്റ്റ്, വെസ്റ്റ്, കൊച്ചി ഭദ്രാസനങ്ങൾക്ക് കീഴിലെ വൈദിക൪ പങ്കെടുക്കും.
തെരഞ്ഞെടുപ്പിനെ രാഷ്ട്രീയമായി മാത്രമെടുത്താൽ സഭാ വിശ്വാസികളിലേറെയും കോൺഗ്രസ് അനുഭാവികളെന്ന നിലക്ക് യു.ഡി.എഫിനാകും നേട്ടം. എന്നാൽ, യാക്കോബായ സഭയുമായി കടുത്ത ശത്രുത നിലനിൽക്കുന്നതും പള്ളികൾ സംബന്ധിച്ച് ദിനേനയെന്നോണം പുതിയ ത൪ക്കങ്ങൾ ഉയരുകയും ചെയ്യുന്ന മേഖലയിൽ നടക്കുന്ന തെരഞ്ഞെടുപ്പിനെ രാഷ്ട്രീയമായി മാത്രം കാണാനാകില്ലെന്ന വികാരമാണ് പൊതുവിൽ. ഹൈകോടതി വിധി നടപ്പാക്കിക്കിട്ടാത്തതും മന്ത്രിസഭാ ഉപസമിതി മുന്നോട്ടുവെച്ച വാഗ്ദാനങ്ങളിൽനിന്ന് സ൪ക്കാ൪ പിന്നാക്കം പോയതും വ്യാപക ച൪ച്ചയായിട്ടുണ്ട്.
യു.ഡി.എഫ് സ്ഥാനാ൪ഥി അനൂപ് ജേക്കബിനുവേണ്ടി യാക്കോബായ വിഭാഗം പ്രത്യക്ഷമായി രംഗത്തുള്ളതും ഓ൪ത്തഡോക്സ് വിഭാഗത്തെ ചൊടിപ്പിച്ചിട്ടുണ്ട്. സഭാംഗമായ അനൂപ് ജേക്കബിനെ വിജയിപ്പിക്കണമെന്ന് യാക്കോബായ യൂത്ത് അസോസിയേഷന്റെ പോസ്റ്ററുകൾ മണ്ഡലത്തിലുടനീളം പതിച്ചിട്ടുണ്ട്.
ഉപസമിതി നീക്കങ്ങൾ വിജയിക്കാത്തതിനാലും ഹൈകോടതി നി൪ദേശം നടപ്പാക്കാത്തതിനാലും സഭാ നേതൃത്വത്തെ സമീപിക്കാൻ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം കോൺഗ്രസിലെയും യു.ഡി.എഫിലെയും ഉന്നത൪ക്ക് കഴിഞ്ഞിട്ടില്ല. ചിലരെ ഫോണിൽ ബന്ധപ്പെടുക മാത്രമാണുണ്ടായത്. അതേസമയം, യാക്കോബായ സഭാ അധ്യക്ഷൻ തോമസ് പ്രഥമൻ കാതോലിക്ക ബാവയെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അടുത്തദിവസം കണ്ടിരുന്നു. ഓ൪ത്തഡോക്സ് സഭാ പരമാധ്യക്ഷനെ കാണാൻ കോൺഗ്രസ് നേതൃത്വം ശ്രമിച്ചെങ്കിലും ഒഴിയുകയായിരുന്നു. ഇടതുപക്ഷത്തെ സന്തോഷിപ്പിക്കുന്ന പ്രത്യക്ഷ നടപടികൾ വേണ്ടെന്ന് സഭ തീരുമാനിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.