നഗരത്തില്‍ സുരക്ഷ ശക്തമാക്കി

കൊച്ചി: ക്രിസ്മസ് പുതുവത്സര ആഘോഷം  മുൻനി൪ത്തി നഗരത്തിലെ സുരക്ഷാക്രമീകരണം ശക്തിപ്പെടുത്തിയതായും അനിഷ്ട സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ മുൻകരുതൽ നടപടി സ്വീകരിച്ചതായും സിറ്റി പോലീസ് കമീഷണ൪ എം.ആ൪. അജിത്കുമാ൪ അറിയിച്ചു.
നഗരസുരക്ഷക്ക് 1000 ലധികം പോലീസ് ഉദ്യോഗസ്ഥരെ അധികമായി വിന്യസിച്ചിട്ടുണ്ട്. പാ൪ക്ക്, മറൈൻ ഡ്രൈവ്, ടൂറിസ്റ്റ് ലൊക്കേഷനുകൾ, ഷോപ്പിങ് മാളുകൾ, സിനിമാ തിയറ്റ൪ എന്നിങ്ങനെ തിരക്കുണ്ടാകാനിടയുള്ള എല്ലാ സ്ഥലത്തും നിരീക്ഷണം നടത്തുന്നതിനും കുഴപ്പക്കാരെ ഉടൻ പിടികൂടുന്നതിനും വനിതാ ഉദ്യോഗസ്ഥരടക്കമുള്ള ഷാഡോ പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചു. മഫ്തിയിൽ സഞ്ചരിക്കുന്ന ഇവരുടെ സേവനം 24 മണിക്കൂറും സീസൺ അവസാനിക്കും വരെ ലഭ്യമാകും.
 രാത്രിയും പകലും പട്രോളിങ് ശക്തിപ്പെടുത്തി. അസമയത്തും അസ്വഭാവികമായും നഗരത്തിൽ കാണുന്നവരുടെ തിരിച്ചറിയൽ രേഖകൾ പരിശോധിക്കും. മദ്യപിച്ചും അശ്രദ്ധമായും അലക്ഷ്യമായും വാഹനം ഓടിക്കുന്നവരെ പിടികൂടാൻ ബ്രീത്ത് അനലൈസറുകൾ സജ്ജീകരിച്ച മൊബൈൽ യൂനിറ്റുകൾ സിറ്റിയുടെ എല്ലാ മേഖലയിലും വിന്യസിച്ചു. റെയിൽവേ സ്റ്റേഷനുകൾ, ബസ് സ്റ്റേഷനുകൾ എന്നിവിടങ്ങളിൽ പ്രത്യേക നിരീക്ഷണം ഏ൪പ്പെടുത്തിയിട്ടുണ്ട്. യാത്രക്കാരെ നിരീക്ഷിക്കുന്നതിനും തിരക്ക് നിയന്ത്രിക്കുന്നതിനും സംവിധാനം ഒരുക്കി. ഇവിടുങ്ങളിൽ രഹസ്യനിരീക്ഷണത്തിന്  ഷാഡോ പോലീസ് സംഘത്തെ നിയോഗിച്ചു. ബസുകളിലെ തിരക്ക് മുതലെടുത്ത് മാലമോഷണം, പോക്കറ്റടി എന്നിവ നടത്തുന്ന സംഘങ്ങളെ പിടികൂടുന്നതിന് ഷാഡോ സംഘങ്ങളെ ഏ൪പെടുത്തി.
നഗരത്തിലേക്കുള്ള എല്ലാ പ്രവേശ  കവാടങ്ങളിലും പരിശോധന സംഘങ്ങൾ ഉണ്ടാകും. സംശയകരമായ എല്ലാ വാഹനങ്ങളും പരിശോധിക്കുന്നതിനും ഉത്സവ സീസൺ ലക്ഷ്യമാക്കി സ്പിരിറ്റ്,മയക്കുമരുന്നുകൾ എന്നിവ കടത്തിക്കൊണ്ടുവരുന്നത് തടയുന്നതിനും നടപടി സ്വീകരിച്ചു.  ബോംബ് സ്ക്വാഡിൻെറയും ഡോഗ് സ്ക്വാഡിൻെറയും സേവനം ലഭ്യമാക്കിയിട്ടുണ്ട്. ഈ ടീമുകൾ റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റാൻഡ് എന്നിവിടങ്ങൾ നിരന്തരമായി പരിശോധിക്കും. വിദേശ, ആഭ്യന്തര ടൂറിസ്റ്റുകൾ ധാരാളമായി എത്തുന്ന ഫോ൪ട്ടുകൊച്ചി, മട്ടാഞ്ചേരി മേഖലകളിൽ കുഴപ്പക്കാരെ കണ്ടെത്തി നടപടിയെടുക്കുന്നതിന് പ്രത്യേക ടീമുകളെ നിയോഗിച്ചു. കൂടുതൽ ടൂറിസ്റ്റ് പൊലീസ് ഉദ്യോഗസ്ഥരെയും നിയോഗിച്ചിട്ടുണ്ട്. ഹോട്ടൽ, ലോഡ്ജ്, ഹോംസ്റ്റേകൾ, ഗെസ്റ്റ് ഹൗസുകൾ എന്നിവ പരിശോധിച്ച് നിരീക്ഷണം നടത്തുന്നതിന് സ്പെഷൽ ബ്രാഞ്ച് ഉദ്യോഗസ്ഥരെ നിയോഗിച്ചു. കൊച്ചി കാ൪ണിവലിൻെറ സുഗമമായ നടത്തിപ്പിനും അനിഷ്ടസംഭവങ്ങൾ ഉണ്ടാകാതിരിക്കാനും ക്രമീകരണം ഏ൪പ്പെടുത്തിയതായും കമീഷണ൪ അറിയിച്ചു.
ആഘോഷങ്ങളുടെ മറവിൽ കുഴപ്പങ്ങൾ ഉണ്ടാക്കാൻ ശ്രമിക്കുന്നവ൪ക്കെതിരെയും പൊലീസ് നി൪ദേശങ്ങളെ അവഗണിക്കുന്നവ൪ക്കെതിരെയും സാമൂഹിക വിരുദ്ധ൪ക്കെതിരെയും നടപടി സ്വീകരിക്കും. ഈ ആഘോഷകാലം സുരക്ഷിതവും സമാധാനപൂ൪ണവുമാക്കുന്നതിന് സിറ്റി പോലീസ് നടത്തുന്ന ശ്രമങ്ങളോട് സഹകരിക്കണമെന്നും കമീഷണ൪ എം.ആ൪. അജിത്കുമാ൪ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.