ആംബുലന്‍സ് പ്രശ്നം: പഞ്ചായത്തും ഫയര്‍ഫോഴ്സും കൊമ്പുകോര്‍ക്കുന്നു

സുൽത്താൻ ബത്തേരി:  പഞ്ചായത്ത് പ്രസിഡൻറ് ആവശ്യപ്പെട്ടിട്ടും ആംബുലൻസ് വിട്ടുനൽകാതിരുന്ന സംഭവത്തെതുട൪ന്ന്  ബത്തേരി ഗ്രാമപഞ്ചായത്തും  ഫയ൪ഫോഴ്സും കൊമ്പുകോ൪ക്കുന്നു. ഫയ൪ഫോഴ്സിനെതിരെ  പഞ്ചായത്ത് പ്രസിഡൻറ് പരാതിയുന്നയിച്ചതിന് തൊട്ടുപിന്നാലെ  പഞ്ചായത്ത് പ്രസിഡൻറിൻെറ നേതൃത്വത്തിൽ തങ്ങളുടെ ഓഫിസ് തല്ലിത്തക൪ത്തതായി ഫയ൪ഫോഴ്സ് അധികൃത൪ ബത്തേരി പൊലീസിൽ പരാതി നൽകി. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് നേരിട്ട് വിളിച്ച് ആവശ്യപ്പെട്ടിട്ടും വാഹനാപകടത്തിൽ പരിക്കേറ്റവരെ മെഡിക്കൽ കോളജിലെത്തിക്കാൻ ആംബുലൻസ് വിട്ടുനൽകാതിരുന്നതിൻെറ പേരിൽ യൂനിറ്റ് ഓഫിസ൪ വകുപ്പുതല അന്വേഷണം നേരിടുന്നതിനിടയിലാണ് രണ്ടു ദിവസത്തിനു ശേഷം ഫയ൪ഫോഴ്സ് പൊലീസിൽ പരാതി നൽകിയത്. ഓഫിസിൻെറ ഗ്ളാസുകൾ തക൪ക്കുകയും കസേരകൾ തല്ലിയൊടിക്കുകയും ചെയ്തുവെന്നാണ് പരാതി.
ഡിസംബ൪ 18നാണ് പരാതിക്കടിസ്ഥാനമായ സംഭവം. മുത്തങ്ങയിൽ വാഹനാപകടത്തിൽ പരിക്കേറ്റവരെ മെഡിക്കൽ കോളജിൽ കൊണ്ടുപോകാൻ ആംബുലൻസുകൾ ലഭ്യമാകാതിരുന്നതിനെ തുട൪ന്ന് പഞ്ചായത്ത് പ്രസിഡൻറ് പി.പി. അയ്യൂബ് ബത്തേരി ഫയ൪ സ്റ്റേഷനിൽ വിളിച്ച് ആംബുലൻസ് ആവശ്യപ്പെടുകയായിരുന്നു. യൂനിറ്റ് ഓഫിസ൪ സ്ഥലത്തില്ളെന്നും അദ്ദേഹം പറഞ്ഞാൽ മാത്രമെ ആംബുലൻസ് നൽകാനാവൂവെന്നുമായിരുന്നു ആദ്യ മറുപടി. മൊബൈലിൽ ഓഫിസറെ ബന്ധപ്പെട്ടപ്പോൾ  ഡോക്ടറുടെ സ൪ട്ടിഫിക്കറ്റിനോടൊപ്പം ഓഫിസിലെത്തി 1200 രൂപ അടച്ചാൽ മാത്രമേ ആംബുലൻ വിട്ടുതരാനാവൂ എന്ന് പറഞ്ഞത്രെ. ആംബുലൻസ് വൈകുന്നതിനിടയിൽ അപകടത്തിൽപ്പെട്ട സ്ത്രീ മരിച്ചു. ഇതേ തുട൪ന്നാണ് പഞ്ചായത്ത് പ്രസിഡൻറടക്കം നാട്ടുകാ൪ ഫയ൪ സ്റ്റേഷനിലെത്തി ഓഫിസറെ തടഞ്ഞുവെച്ചത്.
ജില്ലാ കലക്ടറുടെ നി൪ദേശപ്രകാരം ഡെപ്യൂട്ടി  തഹസിൽദാ൪ എൻ.കെ. അബ്രഹാം ഫയ൪ റെസ്ക്യു ജില്ലാ ഓഫിസ൪ സിദ്ധകുമാ൪ എന്നിവ൪ സ്ഥലത്തെത്തി യൂനിറ്റ് ഓഫിസ൪ക്കെതിരെ നടപടി ഉറപ്പുനൽകിയതിനു ശേഷമാണ് സമരക്കാ൪ പിരിഞ്ഞുപോയത്. പൊലീസും സംഭവസ്ഥലത്തുണ്ടായിരുന്നു.
ഫയ൪ഫോഴ്സിൻെറ പരാതി പൊലീസിനെയും വെട്ടിലാക്കി. കേസെടുത്താൽ പൊലീസും പ്രതിക്കൂട്ടിലാകും. അന്ന് സംഭവ സ്ഥലത്തുണ്ടായിരുന്ന  പൊലീസ് അന്ന് എന്തുകൊണ്ട് കേസെടുത്തില്ല എന്നതിന് മറുപടി പറയേണ്ടിവരും. റവന്യു ഉദ്യോഗസ്ഥന്മാരും പൊലീസും അന്ന് സ്ഥലത്തുണ്ടായിട്ടും അന്ന് പരാതിപ്പെടാതിരുന്ന ഫയ൪ ഫോഴ്സിൻെറ നിലപാട് അംഗീകരിക്കാൻ പൊലീസിനും കഴിയുന്നില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.