ഡോക്ടര്‍മാരില്ല; അപകടത്തില്‍ പരിക്കേറ്റവര്‍ക്ക് ചികിത്സ വൈകി

സുൽത്താൻ ബത്തേരി: വാഹനാപകടത്തിൽ പരിക്കേറ്റവ൪ക്ക് ചികിത്സ നൽകാൻ ആശുപത്രികൾതോറും ചുറ്റിക്കറങ്ങി ഡോക്ട൪മാരെ തേടി നടന്നത് വിലപ്പെട്ട ഒന്നര മണിക്കൂ൪. ഡോക്ട൪മാരെ കിട്ടാതെ അവസാനം ആംബുലൻസുകൾ വരുത്തി ജീവൻ രക്ഷിക്കാൻ കോഴിക്കോട്ടേക്ക് നെട്ടോട്ടം. മുത്തങ്ങക്കടുത്ത എടത്തറയിൽ ഞായറാഴ്ച ടാറ്റാ സുമോ മറിഞ്ഞ് പരിക്കേറ്റ പത്തോളംപേ൪ക്ക് യഥാസമയം ചികിത്സ ലഭ്യമാക്കാനുള്ള അവസരമാണ് ബത്തേരിയിൽ  നഷ്ടമായത്. ബന്ധുക്കളും നാട്ടുകാരും പരിക്കേറ്റവരെയുംകൊണ്ട് പരക്കംപായുന്ന കാഴ്ച ദയനീയമായി.
സുൽത്താൻ ബത്തേരി അസംപ്ഷൻ ആശുപത്രി പരിസരത്ത് വിവരമറിഞ്ഞെത്തിയ നാട്ടുകാരും ബന്ധുക്കളും തിങ്ങിക്കൂടിയതോടെ ദേശീയപാതയിൽ ഗതാഗതവും താറുമാറായി. ശബരിമല ഡ്യൂട്ടിയായതിനാൽ പൊലീസിൻെറ ക്ഷാമം ഇവിടെ അനുഭവപ്പെട്ടു. മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി ഇവിടെ ഉണ്ടായിരുന്നതിനാൽ അദ്ദേഹത്തിന് പിന്നാലെയായിരുന്നു പൊലീസ് വ്യൂഹം.
അവസാനം ഒരുപറ്റം ചെറുപ്പക്കാ൪ മുൻകൈയെടുത്ത് ഗതാഗതം നിയന്ത്രിച്ചും ആംബുലൻസുകൾ വിളിച്ചുവരുത്തിയുമാണ് പരിക്കേറ്റവരെ കോഴിക്കോട്ടേക്ക് വിടാൻ സാധിച്ചത്.
ഞായറാഴ്ചകളിലും രാത്രിവേളകളിലും പല ആശുപത്രികളിലും ഡോക്ട൪മാരുടെ സാന്നിധ്യമുണ്ടാവാത്തത് കൊടും ദുരിതങ്ങൾക്ക് കാരണമാവുന്നു. വിദഗ്ധ ചികിത്സ വയനാട്ടുകാ൪ക്ക് ഇന്നും വിദൂരത്താണ്. പരിക്കേറ്റവരുടെ ജീവൻ പന്താടുന്ന അവസ്ഥ. താലൂക്ക് ഗവ. ആശുപത്രിയിലാവട്ടെ കാഷ്വാലിറ്റി പേരിൽമാത്രം ഒതുങ്ങുന്നു.
ഞായറാഴ്ച അപകടത്തിൽ പരിക്കേറ്റവരെ എത്തിച്ച ആശുപത്രിക്കുനേരെ തിരിഞ്ഞ രോഷാകുലരായ ഒരുവിഭാഗത്തെ സംരക്ഷിച്ചതും നാട്ടുകാരുടെ സംയമനവും ഇടപെടലും തന്നെ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.