ജി.എസ്.ടി: സമവായത്തിന് കോണ്‍ഗ്രസും സി.പി.എമ്മുമായി ചര്‍ച്ച

ന്യൂഡല്‍ഹി: ചരക്കു സേവന നികുതി സമ്പ്രദായം നടപ്പാക്കുന്നതിനുള്ള ജി.എസ്.ടി ഭരണഘടനാ ഭേദഗതി ബില്ലില്‍ കേന്ദ്ര മന്ത്രിസഭ പുതിയ ഭേദഗതികള്‍ വരുത്തിയ പശ്ചാത്തലത്തില്‍ സമവായത്തിന്‍െറ വഴി തേടി ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി വിവിധ പ്രതിപക്ഷ പാര്‍ട്ടി നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. കോണ്‍ഗ്രസ്, സി.പി.എം, സി.പി.ഐ, ജനതാദള്‍-യു, സമാജ്വാദി പാര്‍ട്ടി, ബി.ജെ.ഡി എന്നീ കക്ഷികളുടെ നേതാക്കളുമായാണ് അനൗപചാരിക ചര്‍ച്ചകള്‍ നടന്നത്.

അടുത്തയാഴ്ച ഭേദഗതി ബില്‍ രാജ്യസഭയില്‍ അവതരിപ്പിച്ച് പാസാക്കാനുള്ള സാധ്യതയാണ് കേന്ദ്രം തേടുന്നത്. പ്രതിപക്ഷത്തിന്‍െറയും സംസ്ഥാനങ്ങളുടെയും നിര്‍ദേശങ്ങളില്‍ ചിലത് ഭേദഗതിയില്‍ ഉള്‍പ്പെടുത്തിയതു വഴി നേരത്തേ ഉണ്ടായിരുന്ന കുരുക്ക് പലതും അഴിഞ്ഞെങ്കിലും പൂര്‍ണമായ വിട്ടുവീഴ്ചകള്‍ ഉണ്ടായിട്ടില്ല. ഇക്കാര്യത്തില്‍ കൂടുതല്‍ ചര്‍ച്ചകള്‍ നടക്കണം.
കേന്ദ്രവും സംസ്ഥാനങ്ങളുമായി നികുതി വിഷയങ്ങളില്‍ ഉണ്ടായേക്കാവുന്ന തര്‍ക്കം പരിഹരിക്കുന്ന ജി.എസ്.ടി കൗണ്‍സിലിന്‍െറ ഘടന, നികുതിപരിധി എന്നിവ സംബന്ധിച്ചാണ് കോണ്‍ഗ്രസുമായി തര്‍ക്കം ബാക്കിനില്‍ക്കുന്നത്. കോണ്‍ഗ്രസിലെ ആനന്ദ് ശര്‍മയുമായാണ് ജെയ്റ്റ്ലി പാര്‍ലമെന്‍റിന്‍െറ സെന്‍ട്രല്‍ ഹാളില്‍ കൂടിക്കാഴ്ച നടത്തിയത്. സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും സി.പി.ഐ അഖിലേന്ത്യാ സെക്രട്ടറി ഡി. രാജയുമായും സംസാരിച്ചു.

ബില്ലിന്‍െറ കരട് കണ്ടശേഷം മാത്രം നിലപാട് അറിയിക്കാമെന്നാണ് സീതാറാം യെച്ചൂരി ജെയ്റ്റ്ലിയെ അറിയിച്ചത്. ബില്‍ പാര്‍ലമെന്‍റില്‍ പാസാക്കാന്‍ കഴിയുമെന്നും അടുത്ത ഏപ്രില്‍ ഒന്നുമുതല്‍ നടപ്പാക്കാന്‍ കഴിയുമെന്നുമുള്ള പ്രതീക്ഷ സര്‍ക്കാറില്‍ വര്‍ധിച്ചിട്ടുണ്ട്. ഭരണഘടനാ ഭേദഗതിയായതിനാല്‍ രാജ്യസഭയിലും ലോക്സഭയിലും മൂന്നില്‍രണ്ട് ഭൂരിപക്ഷത്തോടെ ബില്‍ പാസാക്കാന്‍ കഴിയണം.

ലോക്സഭ നേരത്തേ ജി.എസ്.ടി ബില്‍ പാസാക്കിയിരുന്നെങ്കിലും ഭേദഗതികള്‍ വരുത്തിയതിനാല്‍ രാജ്യസഭ പാസാക്കിയശേഷം ബില്‍ ലോക്സഭ വീണ്ടും പരിഗണിച്ച് പാസാക്കേണ്ടിവരും. സര്‍ക്കാറിന് വ്യക്തമായ ഭൂരിപക്ഷമുള്ള ലോക്സഭയില്‍ ഇതൊരു തടസ്സമാവില്ല. വര്‍ഷകാല സമ്മേളനം അവസാനിക്കുന്ന ആഗസ്റ്റ് 12നുമുമ്പ് രണ്ടു സഭകളിലും ഭേദഗതി ബില്‍ പാസാക്കിയെടുക്കാന്‍ പാകത്തില്‍ കൂടുതല്‍ ചര്‍ച്ചകള്‍ തുടരും.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.