ബിനാമി സ്വത്ത് സര്‍ക്കാര്‍ പിടിച്ചെടുക്കും

ന്യൂഡല്‍ഹി:  ബിനാമി  പേരില്‍  സ്വത്ത് ഇടപാട് നിയന്ത്രിക്കുന്നതിനുള്ള  ബിനാമി ഇടപാട് (നിരോധ) ഭേദഗതി നിയമം 2016 ലോക്സഭ പാസാക്കി.  ബിനാമി സ്വത്ത് പിടിച്ചെടുക്കാന്‍ സര്‍ക്കാറിന് അധികാരം നല്‍കുന്നതാണ് ഭേദഗതി നിയമം. ബിനാമി ഇടപാടിന് പിടിക്കപ്പെട്ടവര്‍ക്കുള്ള കഠിന തടവ് ഉള്‍പ്പെടെയുള്ള ശിക്ഷയും നിയമത്തിലുണ്ട്. ബിനാമി സ്വത്തിന്‍െറ നിര്‍വചനത്തിലും മാറ്റം വരുത്തി.  ഇല്ലാത്ത കമ്പനികളുടെ പേരിലുള്ളവയും നേരിട്ട് ഒരാളുടെ പേരില്‍ രജിസ്റ്റര്‍ ചെയ്ത് മറ്റൊരാള്‍ അനുഭവിച്ചുവരുന്നതുമായ സ്വത്തും ബിനാമിയായി കണക്കാക്കും.  കള്ളപ്പണം തടയുന്നതിനുള്ള നടപടികളില്‍ പ്രധാനപ്പെട്ടതാണ് നിയമ ഭേദഗതി ബില്ളെന്ന് ഇതേക്കുറിച്ചുള്ള ചര്‍ച്ചക്ക് മറുപടി പറയവെ, ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി പറഞ്ഞു.  

കള്ളപ്പണം പിടിച്ചെടുക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ നിലവില്‍ നേരിടുന്ന ഒട്ടേറെ പ്രായോഗിക പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനുള്ള വ്യവസ്ഥകളും ഭേദഗതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. നിയമത്തിന്‍െറ പരിധിയില്‍നിന്ന് ആരാധനാലയങ്ങളെ ഒഴിവാക്കിയിട്ടുണ്ട്. നിയമത്തിലെ സെക്ഷന്‍ 58ല്‍ ഇക്കാര്യം പറയുന്നുണ്ട്.
ഇതനുസരിച്ച് സ്വത്ത് ആരാധനാലയങ്ങളുടേതാണെന്ന് ബോധ്യപ്പെട്ടാല്‍ അവയെ നിയമത്തിന്‍െറ പരിധിയില്‍നിന്ന് ഒഴിവാക്കാന്‍ സര്‍ക്കാറിന് അധികാരമുണ്ട്. അതേസമയം, സ്വത്ത് ആരാധനാലയങ്ങളുടെ പേരില്‍ വെക്കുകയും അത് മറ്റുള്ളവര്‍ വ്യവസായികമായി അനുഭവിക്കുകയും ചെയ്ത്  നികുതിവെട്ടിപ്പ് നടത്താനുള്ള സാധ്യതയുണ്ട്. അത് സര്‍ക്കാര്‍ അനുവദിക്കില്ല. അത്തരം കേസുകളില്‍ കര്‍ശന പരിശോധനക്കും നടപടിക്കുമുള്ള നിര്‍ദേശങ്ങള്‍ ഭേദഗതി നിയമത്തിലുണ്ടെന്നും മന്ത്രി പറഞ്ഞു. 

ഭൂമി സംസ്ഥാനങ്ങളുടെ അധികാരപരിധിയില്‍ വരുന്ന കാര്യമായതിനാല്‍,  ബിനാമി സ്വത്താണെന്ന് കണ്ടത്തെി സര്‍ക്കാര്‍ ഏറ്റെടുക്കുന്ന ഭൂമി സംസ്ഥാന സര്‍ക്കാറുകളുടെ കൈവശം നല്‍കണമെന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത വിവിധ എം.പിമാര്‍ ആവശ്യപ്പെട്ടു. എന്നാല്‍, ആവശ്യം കേന്ദ്രം തള്ളി. നിയമം  കൊണ്ടുവന്നതും നടപ്പാക്കുന്നതും കേന്ദ്രസര്‍ക്കാറാണ് എന്നതിനാല്‍ പിടിച്ചെടുക്കുന്ന ഭൂമിയും കേന്ദ്രത്തിന്‍െറ  കൈവശമാണ് വന്നുചേരുകയെന്ന് ധനമന്ത്രി പറഞ്ഞു.
കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച കള്ളപ്പണം സ്വമേധയാ  വെളിപ്പെടുത്തല്‍ പദ്ധതിപ്രകാരം വെളിപ്പെടുത്തിയ ബിനാമി സ്വത്ത് നിയമത്തിന്‍െറ പരിധിയില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.