സൽമാൻ ഖാൻ മാനിനെ വെടിവെച്ചു എന്ന മൊഴിയിലുറച്ച് മുഖ്യസാക്ഷി

ന്യൂഡൽഹി: ബോളിവുഡ് താരം സൽമാൻ ഖാൻ ചിങ്കാര മാനിനെ വെടിവെക്കുന്നത് കണ്ടുവെന്ന മൊഴിയിൽ ഉറച്ച് മുഖ്യസാക്ഷിയും മുൻ ഡ്രൈവറുമായ ഹരീഷ് ദുലാനി. മാൻവേട്ട കേസിൽ സൽമാൻ ഖാൻ കുറ്റവിമുക്തനാക്കി രാജസ്ഥാൻ ഹൈകോടതി വിധി പുറപ്പെടുവിച്ചതിന് പിന്നാലെയാണ് മുഖ്യസാക്ഷിയായ ഹരീഷ് ദുലാനി രംഗത്തെത്തിയത്. ദേശീയ മാധ്യമമായ എൻ.ഡി ടിവിക്ക് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. 18 വർഷം മുമ്പ് നടന്ന പ്രമാദമായ കേസിൽ സാക്ഷി മൊഴിനൽകിയ ശേഷം ഒളിവിൽ പോവുകയായിരുന്നു ഹരീഷ്. ജീവന് ഭീഷണി ഉണ്ടായതിനെ തുടർന്നാണ് ഒളിവിൽ പോയതെന്ന് ഹരീഷ് വ്യക്തമാക്കി.

1998 സെപ്റ്റംബറിൽ 'ഹം സാത്ത് സാത്ത് ഹെ' എന്ന ചിത്രത്തിന്‍റെ ഷൂട്ടിങ്ങിനിടെ ഒരാഴ്ചയോളം സൽമാൻ യാത്ര ചെയ്ത ജിപ്സി വാഹനത്തിന്‍റെ ഡ്രൈവറായിരുന്നു ഹരീഷ് ദുലാനി. സൽമാൻ വാഹനം ഒാടിച്ചിരുന്നതായും മാനിനെ വെടിവെച്ചതായും ഹരീഷ് വിചാരണവേളയിൽ മജിസ്ട്രേറ്റ് മുമ്പാകെ മൊഴി നൽകിയിരുന്നു.  

"സൽമാനെതിരായ മാൻവേട്ട കേസിൽ മജിസ്ട്രേറ്റിന് മുമ്പാകെ മൊഴി നൽകിയിട്ടുണ്ട്. താൻ ഒളിച്ചോടിയിട്ടില്ല. തനിക്കും കുടുംബത്തിനും ജീവന് ഭീഷണി നേരിട്ടതോടെ വീടുവിട്ട് പോവുകയായിരുന്നു. ആവശ്യമായ സുരക്ഷ ലഭിക്കാനായി കോടതിയെ സമീപിക്കുമെന്നും" ഹരീഷ് പറഞ്ഞു.

"മാൻവേട്ട കേസിനെ തുടർന്ന് ഡ്രൈവർ ജോലിയിൽ നിന്ന് വാഹനത്തിന്‍റെ ഉടമസ്ഥൻ പിരിച്ചുവിട്ടു. പല സ്ഥലങ്ങളിൽ അലഞ്ഞെങ്കിലും നല്ല ജോലി ലഭിച്ചില്ലെന്നും" ഹരീഷ് ദുവാലി വ്യക്തമാക്കി.  

1998 സെപ്റ്റംബർ 26ന് ജോധ്പുരിലെ ഉൾപ്രദേശമായ ഭവാധിലും സെപ്റ്റംബർ 28ന് ഗോദ ഫാമിലുമാണ് കേസിനാസ്പദമായ സംഭവങ്ങൾ നടക്കുന്നത്. 'ഹം സാത്ത് സാത്ത് ഹെ' എന്ന ചിത്രത്തിന്‍റെ ഷൂട്ടിങ്ങിനിടെ സൽമാൻ ഖാൻ വംശനാശം നേരിട്ടു കൊണ്ടിരിക്കുന്ന കൃഷ്ണമൃഗത്തെയും ചിങ്കാര മാനിനെയും സൽമാൻ ഖാൻ വേട്ടയാടി എന്നായിരുന്നു കേസ്. മാനിനെ ദൈവമായി ആരാധിക്കുന്ന ബിഷ്‌ണോയി വംശജരാണ് സൽമാൻ അടക്കം ആറ് ബോളിവുഡ് താരങ്ങള്‍ക്കെതിരെ പരാതി നല്‍കിയത്.

മാന്‍വേട്ടയുമായി ബന്ധപ്പെട്ട രണ്ട് കേസുകളില്‍ നേരത്തേ സല്‍മാന് തടവുശിക്ഷ വിധിച്ചിട്ടുണ്ട്. ആദ്യ കേസില്‍ ഒരു വര്‍ഷം തടവും രണ്ടാമത്തേതില്‍ ആവര്‍ത്തിച്ച്‌ കുറ്റകൃത്യം ചെയ്തതിന്‍റെ പേരില്‍ അഞ്ചു വര്‍ഷവും തടവാണ് ജോധ്പൂര്‍ കോടതി വിധിച്ചത്. ഈ കേസുകളിലെ വിധിക്കെതിരെ അപ്പീല്‍ നല്‍കിയ സല്‍മാന്‍ നിലവിൽ ജാമ്യത്തിലായിരുന്നു. കേസുമായി ബന്ധപ്പെട്ട് സൽമാൻ 1998ലും 2007ലും തടവുശിക്ഷ അനുഭവിച്ചിരുന്നു.

Full View

വിഡിയോ കടപ്പാട്: എൻ.ഡി ടിവി

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.