പ്രതിരോധ വിദേശനിക്ഷേപം: മോദി സര്‍ക്കാര്‍ പശ്ചാത്തപിക്കും –ആന്‍റണി

ന്യൂഡല്‍ഹി: പ്രതിരോധത്തില്‍ നേരിട്ടുള്ള വിദേശനിക്ഷേപം സ്വീകരിക്കാനുള്ള തീരുമാനത്തില്‍ മോദി സര്‍ക്കാറിന് പശ്ചാത്തപിക്കേണ്ടിവരുമെന്ന് മുന്‍ പ്രതിരോധമന്ത്രി എ.കെ. ആന്‍റണിയുടെ മുന്നറിയിപ്പ്. സുരക്ഷക്കുള്ള മന്ത്രിസഭാ സമിതിയെപ്പോലും അറിയിക്കാതെയാണ് രാജ്യസുരക്ഷയെ ബാധിക്കുന്ന ഇത്തരമൊരു വിഷയത്തില്‍ തീരുമാനം കൈക്കൊണ്ടതെന്നും ആന്‍റണി കുറ്റപ്പെടുത്തി. രാജ്യസഭയില്‍ ചോദ്യോത്തരവേളക്കിടെ ഇടപെട്ടാണ് ആന്‍റണി മോദി സര്‍ക്കാറിനെതിരെ അതിരൂക്ഷമായ വിമര്‍ശമഴിച്ചുവിട്ടത്.

പ്രധാനമന്ത്രിയെ കൂടാതെ ധനമന്ത്രിയും ആഭ്യന്തരമന്ത്രിയും പ്രതിരോധമന്ത്രിയുമടങ്ങുന്ന മന്ത്രിസഭാ സമിതി അനുവാദം നല്‍കാതെ എങ്ങനെയാണ് ഇത്തരമൊരു തീരുമാനം കൈക്കൊണ്ടതെന്ന് സഭയിലുണ്ടായിരുന്ന ആഭ്യന്തരമന്ത്രിയോടും വാണിജ്യമന്ത്രി നിര്‍മല സീതാരാമനോടും ആന്‍റണി ചോദിച്ചു. ഈ തീരുമാനത്തിന് രാജ്യം വന്‍വിലയൊടുക്കാന്‍ പോകുകയാണ്. അതിന്‍െറ പേരില്‍ സര്‍ക്കാറിന് പശ്ചാത്തപിക്കേണ്ടിവരും.
രാജ്യത്തെ ശാസ്ത്രസമൂഹത്തിന്‍െറ മനോബലം തകര്‍ക്കുന്ന നടപടിയായിപ്പോയി ഇത്. ഇത് ഏറ്റവും കൂടുതല്‍ ബാധിക്കുക സര്‍ക്കാര്‍ ഏജന്‍സിയായ ഡി.ആര്‍.ഡി.ഒയെ ആയിരിക്കുമെന്നും ആന്‍റണി ഓര്‍മിപ്പിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.