‘മുസ്​ലിം സ്ത്രീകള്‍ ആക്രമിക്കപ്പെടുമ്പോള്‍ എഴുന്നേറ്റ് ഉത്തരം പറയൂ’-നഖ്​വിയോട് മായാവതി

ന്യൂഡല്‍ഹി: ഗോരക്ഷയുടെ പേരില്‍ മുസ്​ലിംകളും ദലിതുകളും ആക്രമിക്കപ്പെടുന്ന വിഷയം ഏറ്റെടുത്ത ബി.എസ്.പി നേതാവ് മായാവതി ബുധനാഴ്ച രാജ്യസഭയില്‍ ന്യൂനപക്ഷ മന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്​വിക്കെതിരെ പൊട്ടിത്തെറിച്ചു. സ്വസമുദായത്തിലെ സ്ത്രീകള്‍ സ്വന്തം ഭരണത്തില്‍ ആക്രമിക്കപ്പെടുന്നതിന് നഖ്​വി എഴുന്നേറ്റ് ഉത്തരം പറയണമെന്ന് മായാവതി ആവശ്യപ്പെട്ടു. ബി.ജെ.പി ഭരിക്കുന്ന മധ്യപ്രദേശില്‍ ഗോസംരക്ഷണത്തിന്‍െറ പേരില്‍ മുസ്ലിം സ്ത്രീകള്‍ക്കെതിരെ നടന്ന ആക്രമണം ഉന്നയിച്ചായിരുന്നു മായാവതിയുടെ ചോദ്യം.  

 ശൂന്യവേളയില്‍ വിഷയം ഉയര്‍ത്തിയ മായാവതി,  ആക്രമണം മുസ്ലിം സ്​ത്രീകള്‍ക്കെതിരെയായതുകൊണ്ട് ന്യൂനപക്ഷ മന്ത്രിയായ മുഖ്താര്‍ അബ്ബാസ് നഖ്വിയോട് ചോദിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞാണ് ആരംഭിച്ചത്​. രണ്ട് മുസ്ലിം സ്ത്രീകളെ ജനം ആക്രമിക്കുന്നത്  തമാശ കാണുന്നതുപോലെ പൊലീസ് നോക്കിനില്‍ക്കുകയായിരുന്നു. സംഭവം നാണക്കേടുണ്ടാക്കുന്നതും അസ്വീകാര്യവുമാണ്. ഒരു ഭാഗത്ത് പെണ്‍കുട്ടിയെ സംരക്ഷിക്കേണ്ടതിനെക്കുറിച്ച് സംസാരിക്കുകയും മറുഭാഗത്ത് തങ്ങള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ സ്ത്രീകളെ പീഡനത്തിനിരയാക്കുകയും ആക്രമിക്കുകയുമാണ് ബി.ജെ.പി ചെയ്യുന്നത്​– മായാവതി പറഞ്ഞു.

മായാവതിയുടെ ചോദ്യത്തിനിടയിൽ ബി.എസ്.പി അംഗങ്ങള്‍ ഗോരക്ഷ സംഘങ്ങള്‍ നിര്‍ത്തലാക്കണം,  ഗോരക്ഷയുടെ പേരിലെ അക്രമം അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ട് നടുത്തളത്തിലിറങ്ങി. ഇതിനിടെ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ് മായാവതിയെ പിന്തുണച്ചു. ഗോരക്ഷ നിര്‍ത്തണമെന്ന അഭിപ്രായം തങ്ങള്‍ക്കില്ല, ഗോസംരക്ഷണം വേണമെന്നാണ് തങ്ങളുടെയും നിലപാട്​. എന്നാല്‍ ഗോരക്ഷയുടെ പേരില്‍ ദലിത്, മുസ്ലിം വിഭാഗങ്ങളെ ലക്ഷ്യമിടുന്നതിനെതിരാണെന്നും ഗുലാം നബി  പറഞ്ഞു. നടുത്തളത്തില്‍നിന്ന് മടങ്ങിയാല്‍ മന്ത്രി മറുപടി പറയുമെന്ന് രാജ്യസഭാ ഉപാധ്യക്ഷന്‍ പി.ജെ. കുര്യന്‍ പറഞ്ഞതോടെയാണ് അംഗങ്ങള്‍ ശാന്തരായത്.

തുടര്‍ന്ന് മറുപടി പറഞ്ഞ ന്യൂനപക്ഷ മന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്​വി എല്ലാ വിഭാഗങ്ങളുടെയും വികസനത്തിനും വിശ്വാസത്തിനും ബി.ജെ.പി സര്‍ക്കാര്‍ പ്രതിബദ്ധമാണെന്ന് വ്യക്തമാക്കി. ഇത്തരം ആക്രമണങ്ങള്‍ അപലപനീയവും നീതീകരിക്കാനാകാത്തതുമാണ്. മധ്യപ്രദേശ് സര്‍ക്കാര്‍ ആവശ്യമായ നടപടി സ്വീകരിച്ചതായും മന്ത്രി പറഞ്ഞു. മറുപടിയില്‍ തൃപ്തരാകാതിരുന്ന പ്രതിപക്ഷ അംഗങ്ങള്‍ അറസ്റ്റ് ചെയ്തത് അക്രമികളെയല്ലെന്നും ആക്രമിക്കപ്പെട്ട മുസ്ലിം സ്ത്രീകളെയാണെന്നും പറഞ്ഞ് വീണ്ടും ബഹളം വെച്ചു.

മധ്യപ്രദേശിലെ മണ്ട്സുവര്‍ റെയില്‍വേ സ്റ്റേഷനിലാണ് ഗോമാംസം വില്‍പനക്ക് കൊണ്ടുവന്നെന്ന് ആരോപിച്ച് രണ്ട് മുസ്ലിം സ്ത്രീകളെ പൊലീസ് സാന്നിധ്യത്തില്‍ ഗോരക്ഷാ സംഘടനക്കാര്‍ ആക്രമിച്ചത്. പോത്തിറച്ചിയായിരുന്നെന്ന് കണ്ടത്തെിയതോടെ പൊലീസ് കേസ് മാറ്റി. ഇറച്ചി വില്‍പനക്കുള്ള ലൈസന്‍സില്ലാത്ത ഇവര്‍ 30 കിലോ മാംസം കൈവശം വെച്ചെന്നാണ് ഇപ്പോ​​ഴത്തെ കേസ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.