നടന്‍ രാജ്പാല്‍ യാദവിന് സുപ്രീംകോടതി ശകാരം


ന്യൂഡല്‍ഹി: നിരവധി തവണ മുന്നറിയിപ്പ് നല്‍കിയിട്ടും വ്യാപാരിയില്‍നിന്നു വായ്പ വാങ്ങിയ പണം തിരിച്ചടക്കാതിരുന്ന ബോളിവുഡ് നടന്‍ രാജ്പാല്‍ യാദവിനെ സുപ്രീംകോടതി ശകാരിച്ചു. കേസ് പരിഹരിക്കുന്നതിന് പണം തിരികെനല്‍കുമെന്ന് നിരവധി തവണ സത്യവാങ്മൂലം നല്‍കിയിരുന്നെങ്കിലും നടന്‍ വാക്കുപാലിച്ചില്ല. ഇതാണ് കോടതിയെ ചൊടിപ്പിച്ചത്. കോടതിയെ വട്ടംകറക്കുകയാണ് നിങ്ങള്‍. നിങ്ങളെപ്പോലുള്ളവര്‍ ജയിലില്‍ പോവണം. സത്യവാങ്മൂലങ്ങള്‍ ഒന്നിന് പിറകെ മറ്റൊന്നായി നല്‍കിയിട്ടും പണം മാത്രം നല്‍കിയിട്ടില്ല. നിയമത്തിന്‍െറ ശക്തി കോടതി ബോധ്യപ്പെടുത്താം -ജസ്റ്റിസ് കുര്യന്‍ ജോസഫും ആര്‍.എഫ്. നരിമാനും അടങ്ങിയ ബെഞ്ച് പറഞ്ഞു.
വ്യാജ സത്യവാങ്മൂലം നല്‍കിയ കേസില്‍ 2013ല്‍ ഡല്‍ഹി ഹൈകോടതി നടനെതിരെ 10 ദിവസത്തെ തടവിന് ശിക്ഷിച്ചിരുന്നു. തുടര്‍ന്ന് നാലുദിവസം മാത്രം തടവ് അനുഭവിച്ച് പുറത്തിറങ്ങി. ശിക്ഷയുടെ ബാക്കികൂടി അനുഭവിക്കാന്‍ ജൂലൈ 15ന് തിഹാര്‍ ജയിലിലത്തെണമെന്ന് ജൂണ്‍ മൂന്നിന് ഹൈകോടതി ഉത്തരവിട്ടിരുന്നു. ഇതിനെതിരെ നല്‍കിയ അപ്പീലിലാണ് സുപ്രീംകോടതിയുടെ രോഷത്തിന് നടന്‍ വിധേയനായത്. നടന്‍െറ അഭിഭാഷകന്‍ ആവശ്യപ്പെട്ടതനുസരിച്ച് കേസ് ഈ മാസം 29ലേക്ക് മാറ്റിവെച്ചു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.