വ്യാജ ഏറ്റുമുട്ടല്‍: അമിത് ഷാക്കെതിരായ ഹരജിയില്‍ സുപ്രീംകോടതി വാദം കേള്‍ക്കും

ന്യൂഡല്‍ഹി: സൊഹ്റാബുദ്ദീന്‍ ശൈഖ് വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായെ കുറ്റമുക്തനാക്കിയതിനെതിരെ സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹരജിയില്‍ സുപ്രീംകോടതി ആഗസ്റ്റ് ഒന്നിന് വാദം കേള്‍ക്കും. മുന്‍ ഐ.എ.എസ് ഓഫിസറും സാമൂഹിക പ്രവര്‍ത്തകനുമായ ഹര്‍ഷ് മന്ദര്‍ ആണ് അമിത് ഷായെ കുറ്റമുക്തനാക്കിയതിനെതിരെ സുപ്രീംകോടതിയെ സമീപിച്ചത്. ജസ്റ്റിസുമാരായ എസ്.എ. ബോബ്ഡേ, ആര്‍. ഭാനുമതി എന്നിവരടങ്ങുന്ന ബെഞ്ചാണ് ഹരജി പരിഗണിച്ചത്.

2014 ഡിസംബര്‍ 30ന് മുംബൈയിലെ സി.ബി.ഐ കോടതി ബി.ജെ.പി അധ്യക്ഷനെ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ കുറ്റമുക്തനാക്കിയിരുന്നു. രാഷ്ട്രീയ കാരണങ്ങളാലാണ് അമിത് ഷായെ കേസില്‍ പ്രതിയാക്കിയതെന്നും അമിത് ഷാക്കെതിരെ കേസില്ളെന്നും പറഞ്ഞാണ് സി.ബി.ഐ കോടതി അദ്ദേഹത്തെ കുറ്റമുക്തനാക്കിയത്. ഇതിനെതിരെ ഹര്‍ഷ് മന്ദര്‍ ബോംബെ ഹൈകോടതിയെ സമീപിച്ചെങ്കിലും കേസുമായി ബന്ധപ്പെട്ട വ്യക്തിയല്ല ഹരജിക്കാരന്‍ എന്നുപറഞ്ഞ് കഴിഞ്ഞ മാര്‍ച്ചില്‍ ഈ ആവശ്യം നിരാകരിച്ചു.

ബോംബെ ഹൈകോടതിയുടെ ഈ വിധി ചോദ്യംചെയ്താണ് ഹര്‍ഷ് മന്ദര്‍ സുപ്രീംകോടതിയിലത്തെിയത്. കഴിഞ്ഞ 10 വര്‍ഷമായി ഈ കേസ് നടത്തിയ സൊഹ്റാബുദ്ദീന്‍െറ സഹോദന്‍ റുഹ്ബാബുദ്ദീന്‍ ഭീഷണിയും പ്രേരണയുംമൂലം പരാതി പിന്‍വലിക്കുകയായിരുന്നുവെന്ന് ഹര്‍ഷ് മന്ദറിന്‍െറ ഹരജിയില്‍ ബോധിപ്പിച്ചു. സൊഹ്റാബുദ്ദീനെ വധിച്ച കേസ് കേവലം ഒരു കൊലക്കുറ്റമല്ളെന്നും കസ്റ്റഡിയിലെടുത്ത് നടത്തിയ കൊലപാതകമാണെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടി. ഈ കുറ്റകൃത്യം ആഘാതവും ഭീതിയും നഷ്ടവും വരുത്തിയത് അതിന്‍െറ ഇരകള്‍ക്ക് മാത്രമല്ല, നിയമവ്യവസ്ഥക്ക് വിധേയമായി കഴിയുന്ന മൊത്തം സമൂഹത്തിനുമാണ്.

കീഴ്കോടതിയുടെ വിധിക്കെതിരെ അപ്പീല്‍ നല്‍കില്ളെന്ന സി.ബി.ഐ തീരുമാനം നിയമവ്യവസ്ഥയെ നിന്ദിക്കലും നീതിയുടെ വന്‍ പരാജയവുമാണ്. അമിത് ഷാക്കെതിരായ പരാതി റുഹ്ബാബുദ്ദീന്‍ പിന്‍വലിച്ചത് എന്തുകൊണ്ടാണെന്ന് കണ്ടത്തൊന്‍ അന്വേഷണത്തിന് ഉത്തരവിടണമെന്നും ഹര്‍ഷ് മന്ദര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

അമിത് ഷാക്കെതിരെയുള്ള രണ്ടു വ്യാജ ഏറ്റുമുട്ടല്‍ കേസുകള്‍ ഒന്നായി പരിഗണിക്കാന്‍ ഇപ്പോള്‍ കേരള ഗവര്‍ണറായ ജസ്റ്റിസ് പി. സദാശിവത്തിന്‍െറ നേതൃത്വത്തിലുള്ള സുപ്രീംകോടതി ബെഞ്ച് മുമ്പ് ഉത്തരവിട്ടിരുന്നു. കേസ് രണ്ടായി പരിഗണിച്ച് അറസ്റ്റും പ്രോസിക്യൂഷന്‍ നടപടികളും വെവ്വേറെ നടത്തണമെന്ന സി.ബി.ഐ ആവശ്യം തള്ളിയായിരുന്നു ജസ്റ്റിസ് പി. സദാശിവത്തിന്‍െറ നേതൃത്വത്തിലുള്ള സുപ്രീംകോടതി ബെഞ്ചിന്‍െറ വിധി. സൊഹ്റാബുദ്ദീന്‍ കേസില്‍ അറസ്റ്റിലായി ജാമ്യം നേടി സുപ്രീംകോടതി അനുമതിയോടെ ഗുജറാത്തില്‍ തെരഞ്ഞെടുപ്പിനെ നേരിട്ട് എം.എല്‍.എയായ അമിത് ഷാക്ക് തുളസീറാം പ്രജാപതി കേസിലെ അറസ്റ്റ് ഒഴിവാക്കാന്‍ സുപ്രീംകോടതി വിധിയോടെയാണ് സാധിച്ചത്.

കൊലപാതകം, ക്രിമിനല്‍ ഗൂഢാലോചന, തെളിവ് നശിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് കേസില്‍ അമിത് ഷാക്കും മറ്റ് 19 പ്രതികള്‍ക്കുമെതിരെ ചുമത്തിയിരിക്കുന്നത്. സി.ബി.ഐ കോടതി വിധിയോടെ രണ്ടില്‍നിന്നും അമിത് ഷാ കുറ്റമുക്തനായി.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.