കശ്മീര്‍: അഫ്സ്പ പിന്‍വലിക്കണമെന്ന് മെഹബൂബ അഞ്ചു ജില്ലകളില്‍ കര്‍ഫ്യൂ തുടരുന്നു

ശ്രീനഗര്‍: പ്രത്യേക സൈനികാധികാരനിയമം (അഫ്സ്പ) പിന്‍വലിച്ച് ജനങ്ങളുടെ പ്രീതി നേടണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ്സിങുമായുള്ള കൂടിക്കാഴ്ചക്കുശേഷം കശ്മീര്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി ആവശ്യപ്പെട്ടു.
അതേസമയം, ഹിസ്ബുല്‍ മുജാഹിദീന്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാനിയുടെ വധത്തെതുടര്‍ന്ന് കശ്മീരില്‍ തുടങ്ങിയ പ്രക്ഷോഭവും സംഘര്‍ഷവും 17ാം ദിവസത്തിലേക്ക് കടന്നു. സംഘര്‍ഷസാധ്യത നിലനില്‍ക്കുന്ന കശ്മീരിലെ അഞ്ചു ജില്ലകളിലും ശ്രീനഗറിലെ ചില ഭാഗങ്ങളിലും കര്‍ഫ്യൂ തുടരുകയാണ്. പലയിടങ്ങളിലും ജീവിതം സാധാരണനിലയിലായിട്ടില്ല. അതിനിടെ ജൂലൈ 15ന് കുല്‍ഗാം പൊലീസ് സ്റ്റേഷന്‍ ആക്രമണത്തിനിടെ പരിക്കേറ്റ പൊലീസുകാരന്‍ കഴിഞ്ഞദിവസം മരിച്ചു. ഇതോടെ സംഘര്‍ഷങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 46 ആയി ഉയര്‍ന്നു. പൊലീസ് സ്റ്റേഷന്‍ ആക്രമണത്തില്‍ പരിക്കേറ്റ ആറ് പൊലീസുകാരില്‍ മുദ്ദസിര്‍ അഹ്മദ് എന്നയാളാണ് മരിച്ചത്.
അനന്ത്നാഗ്, കുല്‍ഗാം, കുപ്വാര, പല്‍വാമ, ഷോപിയാന്‍ എന്നിവിടങ്ങളിലും ശ്രീനഗറിലെ എട്ട് പൊലീസ് സ്റ്റേഷന്‍ പരിസരങ്ങളിലുമാണ് കര്‍ഫ്യൂ നിലനില്‍ക്കുന്നത്. ബന്ദിപോറ, ബാരാമുല്ല, ബദ്ഗാം, ഗന്ദര്‍ബാല്‍ എന്നീ നാലു ജില്ലകളില്‍ കര്‍ഫ്യൂ പിന്‍വലിച്ചിട്ടുണ്ട്. എന്നാല്‍, ഇവിടങ്ങളിലും നാലുപേരിലധികം കൂട്ടമായി നില്‍ക്കുന്നതിന് വിലക്കുണ്ട്. താഴ്വരയില്‍ ഞായറാഴ്ച അനിഷ്ട സംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. വിഘടനവാദി സംഘടനകള്‍ സിവിലിയന്മാരുടെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് അനന്ത്നാഗ് പട്ടണത്തില്‍ തിങ്കളാഴ്ച മാര്‍ച്ചിന് ആഹ്വാനം ചെയ്തിട്ടുണ്ട്. 
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.