മാധ്യമവിചാരണയില്‍ മനംനൊന്ത് ആദ്യ സിവില്‍ സര്‍വിസ് ഒന്നാം റാങ്കുകാരന്‍

ശ്രീനഗര്‍: മാധ്യമവിചാരണയില്‍ മനംനൊന്ത് രാജിക്കൊരുങ്ങുകയാണ് കശ്മീരിലെ ആദ്യ സിവില്‍ സര്‍വിസ് റാങ്കുകാരനായ ഡോ. ഷാ ഫൈസല്‍. കൊല്ലപ്പെട്ട ഹിസ്ബുല്‍ മുജാഹിദീന്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാനിയുമായി തന്നെ താരതമ്യപ്പെടുത്തി നടക്കുന്ന മാധ്യമവിചാരണയാണ് ഷാ ഫൈസലിനെ വേദനിപ്പിച്ചത്. 2009ല്‍ സിവില്‍ സര്‍വിസ് പരീക്ഷയില്‍ രാജ്യത്ത് ഒന്നാം റാങ്ക് നേടിയ ഇദ്ദേഹം സംസ്ഥാന വിദ്യാഭ്യാസ ഡയറക്ടറായി പ്രവര്‍ത്തിക്കുകയാണിപ്പോള്‍. മാധ്യമചര്‍ച്ചകള്‍ തന്നെ വളരെയധികം അസ്വസ്ഥപ്പെടുത്തിയതായും യുക്തിരഹിതമായ ഈ ചര്‍ച്ചകള്‍ തുടരുകയാണെങ്കില്‍ വൈകാതെ രാജിവെക്കുന്നതിനെക്കുറിച്ച് ആലോചിക്കുമെന്നും ഫേസ്ബുക് പോസ്റ്റിലാണ് അദ്ദേഹം വ്യക്തമാക്കിയത്.

ദേശീയ മാധ്യമങ്ങളായ സീ ന്യൂസ്, ആജ്തക്, ടൈംസ് നൗ, ന്യൂസ് എക്സ് എന്നിവ കശ്മീരിനെക്കുറിച്ച് സത്യം പറയാന്‍ പോകുന്നില്ല. ഒരു രാജ്യം അതിന്‍െറ പൗരന്മാരെ കൊല്ലുകയും മുറിവേല്‍പിക്കുകയും ചെയ്യുമ്പോള്‍ അത് സ്വയം മുറിവേല്‍പിക്കലും സ്വയം നശിപ്പിക്കലുമാണ്. ഒരു സര്‍ക്കാറിനും ജനങ്ങളുടെ വേദനകളില്‍നിന്ന് അകലംപാലിക്കാനാവില്ല. നിലവിലുള്ള പ്രതിസന്ധി പരിഹരിക്കാനും യുവാക്കളെ സമീപിക്കാനും പരിശ്രമിക്കുന്നുണ്ട്. അതിന് കൂടുതല്‍ സമയമെടുക്കും -ഫൈസല്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ഹിസ്ബ് കമാന്‍ഡറുടെയും തന്‍െറയും ചിത്രങ്ങള്‍ ഒരുമിച്ചു കാണിക്കുന്നതിലൂടെ ഒരു വിഭാഗം ദേശീയ മാധ്യമങ്ങള്‍ വീണ്ടുമൊരിക്കല്‍കൂടി പരമ്പരാഗതമായ അതിന്‍െറ ക്രൂരത തുടരുകയാണ്. ഇത് ജനങ്ങളെ കൂടുതല്‍ ഭിന്നിപ്പിക്കുന്നതും വെറുപ്പ് വളര്‍ത്തുന്നതുമാണ്. കശ്മീര്‍ ഒരു മരണത്തില്‍ ദു$ഖിച്ചിരിക്കുമ്പോള്‍, ന്യൂസ് റൂമുകളില്‍നിന്ന് രൂപപ്പെടുന്ന പ്രചാരണങ്ങളും പ്രകോപനങ്ങളും കൂടുതല്‍ ഒറ്റപ്പെടുത്തലും ശത്രുതയും മാത്രമേ ഉല്‍പാദിപ്പിക്കൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.