ന്യൂഡല്‍ഹി: സുഖംപ്രാപിച്ച ശേഷവും ആശുപത്രികളില്‍ കഴിയുന്ന മനോരോഗികളുടെ കാര്യത്തില്‍ അഭിപ്രായം അറിയിക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതി കേരളമടക്കം ആറ് സംസ്ഥാനങ്ങള്‍ക്ക് നോട്ടീസയച്ചു. ഉത്തര്‍പ്രദേശിലെ വിവിധ മാനസികാരോഗ്യ ചികിത്സാ കേന്ദ്രങ്ങളില്‍ പുനരധിവാസം കാത്തുകഴിയുന്ന 300ഓളം രോഗികളെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് അഭിഭാഷകനായ ഗുരുദേവ് കുമാര്‍ ബന്‍സാല്‍ നല്‍കിയ പൊതുതാല്‍പര്യ ഹരജിയിലാണ് നടപടി.
കേസില്‍ യു.പി, പശ്ചിമ ബംഗാള്‍, കേരളം, ജമ്മു-കശ്മീര്‍, മേഘാലയ എന്നീ സംസ്ഥാനങ്ങള്‍ക്കാണ് ചീഫ് ജസ്റ്റിസ് ടി.എസ്. ഠാകുര്‍, ജസ്റ്റിസ് എ.എം. ഖാന്‍വില്‍കര്‍ എന്നിവരടങ്ങിയ ബെഞ്ച് നോട്ടീസ് അയച്ചത്. നിലവില്‍ രോഗമുക്തരായവരെ ആശുപത്രികളില്‍നിന്ന് ഡിസ്ചാര്‍ജ് ചെയ്യണമെന്നും ഇവരെ പുനരധിവസിപ്പിക്കാനുള്ള നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു പൊതു താല്‍പര്യ ഹരജി. ബറേലി, വാരാണസി, ആഗ്ര തുടങ്ങിയയിടങ്ങളിലെ മാനസികാരോഗ്യ കേന്ദ്രങ്ങളില്‍ കഴിയുന്ന രോഗമുക്തി നേടിയവരെക്കുറിച്ച് വിവരാവകാശ നിയമപ്രകാരം ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു ഹരജി. ഇത്തരത്തില്‍ ആശുപത്രികളില്‍ കഴിയുന്നവരെ മോചിപ്പിക്കുന്നതിനും പുനരധിവസിപ്പിക്കുന്നതിനും ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് കോടതി നോട്ടീസില്‍ വ്യക്തമാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.