ഐ.എസ് ഇല്ലാത്തതിന് മുസ്ലിംകളോട് രാജ്യത്തിന് കടപ്പാട് –പ്രതിപക്ഷ കക്ഷികള്‍

ന്യൂഡല്‍ഹി: ലോകത്ത് ഏറ്റവും കൂടുതല്‍ മുസ്ലിംകള്‍ വസിക്കുന്ന രണ്ടാമത്തെ രാജ്യമായിട്ടും ഇന്ത്യയില്‍ ഐ.എസിന്‍െറ സാന്നിധ്യമില്ലാത്തതിന് രാജ്യം ഇന്ത്യന്‍ മുസ്ലിംകളോട് കടപ്പെട്ടിരിക്കുന്നുവെന്ന് പാര്‍ലമെന്‍റില്‍ പ്രതിപക്ഷ കക്ഷികള്‍. കശ്മീര്‍ സംഘര്‍ഷത്തെ കുറിച്ച് രാജ്യസഭയില്‍ നടന്ന ചര്‍ച്ചയിലാണ് കോണ്‍ഗ്രസ് അടക്കമുള്ള പ്രധാന രാഷ്ട്രീയ കക്ഷികള്‍ ഈ അഭിപ്രായം പ്രകടിപ്പിച്ചത്. കശ്മീരില്‍ കാര്യങ്ങള്‍ ഇത്രയും വഷളാക്കിയതിന് പാകിസ്താനോടൊപ്പം ഭരണകക്ഷി എം.പിമാരും മന്ത്രിമാരും അവരുടെ വിചാരധാരയില്‍പ്പെട്ടവരും ഉത്തരവാദികളാണെന്ന് കുറ്റപ്പെടുത്തിയാണ് പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ് ഇന്ത്യന്‍ മുസ്ലിംകള്‍ ഐ.എസിനെ അകറ്റിനിര്‍ത്തിയ കാര്യം സഭയില്‍ ചര്‍ച്ചയാക്കിയത്. പ്രൈം ടൈം ചര്‍ച്ചകള്‍ നടത്തുന്ന ചില ചാനലുകളും കശ്മീരിലെ സ്ഥിതിഗതികള്‍ വഷളാക്കി. ലോകത്ത് മുസ്ലിം ജനസംഖ്യ നോക്കിയാല്‍ രണ്ടാമത്തെയും വിശ്വാസികളുടെ എണ്ണം പരിഗണിച്ചാല്‍ ഒന്നാമത്തെയും രാജ്യമാണ് ഇന്ത്യ. ഐ.എസിനെതിരെ ഇത്രയും കൂടുതല്‍ പണ്ഡിതര്‍ ഫത്വയിറക്കിയ മറ്റൊരു രാജ്യമുണ്ടാകില്ല. ലോകത്തെല്ലാ മുസ്ലിം രാജ്യങ്ങളിലും പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്ന ഐ.എസിന് ഇന്ത്യയില്‍ സാന്നിധ്യമറിയിക്കാന്‍ കഴിയാത്തത് ഇന്ത്യന്‍ മുസ്ലിംകള്‍ ഒന്നടങ്കം അതിനെ ചെറുത്തതുകൊണ്ടാണ്. ഇതിന് രാജ്യം ഇന്ത്യന്‍ മുസ്ലിംകളോട് കടപ്പെട്ടിരിക്കുന്നുവെന്ന് ഗുലാം നബി ഓര്‍മിപ്പിച്ചു.

എന്നിട്ടും രാജ്യത്തുടനീളും ഇസ്ലാമിനും മുസ്ലിംകള്‍ക്കുമെതിരെ പ്രകോപന പ്രസംഗം നടത്തുന്ന ഭരണകക്ഷി എം.പിമാരും മന്ത്രിമാരും അതിന്‍െറ പ്രതിഫലനങ്ങള്‍കൂടിയാണ് കശ്മീരില്‍ ഉണ്ടാകുന്നതെന്ന് മനസ്സിലാക്കുന്നില്ല. സാകിര്‍ നായികിനെതിരെ അന്വേഷണം നടക്കുകയാണ്. അത് പൂര്‍ത്തിയാക്കണം. കുറ്റക്കാരനെങ്കില്‍ അദ്ദേഹത്തെ ശിക്ഷിക്കണം. എന്നാല്‍, സാകിര്‍ നായികിന്‍െറ തലക്ക് 50 ലക്ഷം ഇനാം പ്രഖ്യാപിച്ച സാധ്വി പ്രാചിയുടെ കാര്യത്തില്‍ എന്തുകൊണ്ട് അന്വേഷണമില്ല. ഇരട്ട നീതിയാണിത്. ജയിലിലടക്കേണ്ട ഇത്തരം ആളുകളെ എന്തുകൊണ്ടാണ് സൈ്വരവിഹാരത്തിന് അനുവദിക്കുന്നതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം. വിദേശ രാജ്യങ്ങള്‍പോലുമുപയോഗിക്കാത്ത പെല്ലറ്റ് സാധാരണക്കാര്‍ക്കുനേരെ പ്രയോഗിച്ചതുമൂലം കുട്ടികളും  വയോജനങ്ങളുമടക്കം നിരവധി പേര്‍ക്കാണ് കാഴ്ച നഷ്ടപ്പെട്ടത്.

ഹരിയാനയിലും മറ്റു ചില സംസ്ഥാനങ്ങളിലും ഇതിലും വലിയ ജനക്കൂട്ടം പ്രക്ഷോഭത്തിനിറങ്ങിയിട്ടും പെല്ലറ്റുപയോഗിച്ചിട്ടില്ല. രാജ്യത്ത് നടക്കുന്ന ഇത്തരം കാര്യങ്ങളെല്ലാം കശ്മീരില്‍ പ്രതിഫലിക്കും. ഇത്രയും കലുഷിതമായ അന്തരീക്ഷത്തിലും അമര്‍നാഥ് ക്ഷേത്രത്തിലേക്ക് തീര്‍ഥാടനത്തിന് പോയവരെ രക്ഷിച്ചത് കശ്മീരിലെ മുസ് ലിംകളാണെന്ന് സര്‍ക്കാര്‍ മനസ്സിലാക്കണം. പ്രശ്നങ്ങള്‍ ഇത്രയും വഷളായിട്ടും കശ്മീരിലെ വിഷയത്തെ വര്‍ഗീയമായി സമീപിക്കാത്തതിന് കശ്മീരി മുസ്ലിംകളെ താന്‍ അഭിനന്ദിക്കുകയാണെന്ന് ഗുലാം നബി പറഞ്ഞു. ഐ.എസിന്‍െറ സാന്നിധ്യം രാജ്യത്ത് അശേഷമില്ളെന്നും ഇതിന് മുസ്ലിംകളോടാണ് നന്ദിപറയേണ്ടതെന്നും ജനതാദള്‍ -യു നേതാവ് ശരദ് യാദവും വ്യക്തമാക്കി.  കശ്മീരികളുടെ വികാരം മാനിക്കാതെയുള്ള സമീപനം സ്വീകാര്യമല്ളെന്ന് സി.പി.എം നേതാവ് സീതാറാം യെച്ചൂരിയും പറഞ്ഞു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.