ജഡ്ജിമാരുടെ എണ്ണം അപര്യാപ്തം –സുപ്രീംകോടതി

ന്യൂഡല്‍ഹി: കേസുകളുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുന്ന സാഹചര്യത്തില്‍ ജഡ്ജിമാരുടെ എണ്ണം അപര്യാപ്തമാണെന്ന് സുപ്രീംകോടതി. ജഡ്ജിമാരുടെ എണ്ണം കൂട്ടുകയല്ല, വിചാരണയുടെ വേഗം കൂട്ടുകയാണ് വേണ്ടതെന്ന് കേന്ദ്ര സര്‍ക്കാര്‍ നിലപാട് സ്വീകരിക്കവേയാണ് ജഡ്ജിമാരുടെ എണ്ണക്കുറവാണ് പ്രശ്നമെന്ന് സുപ്രീംകോടതി ആവര്‍ത്തിച്ചത്. അപ്പീല്‍ ഹരജി പരിഗണിക്കാന്‍ രാജ്യത്തിന്‍െറ നാലു മേഖലകളില്‍ ബെഞ്ചുകളോടു കൂടിയ പ്രത്യേക കോടതി സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജികള്‍ പരിഗണിക്കുന്നതിനിടയിലാണ് സുപ്രീംകോടതിയുടെ അഭിപ്രായ പ്രകടനം. ഈ ഹരജികള്‍ അഞ്ചംഗ ഭരണഘടനാ ബെഞ്ചിനു വിടാന്‍ സുപ്രീം കോടതി ഉത്തരവിട്ടു.
സുപ്രീം കോടതിയിലത്തെുന്ന കേസുകളുടെ എണ്ണത്തില്‍ കഴിഞ്ഞ ദശകങ്ങളില്‍ വന്‍വര്‍ധന ഉണ്ടാവുകയും കെട്ടിക്കിടക്കുന്ന കേസുകള്‍ പെരുകുകയും ചെയ്തുവെന്ന് വ്യക്തമാക്കിയ ചീഫ് ജസ്റ്റിസ് ടി.എസ്. ഠാക്കൂര്‍ അധ്യക്ഷനായ ബെഞ്ച്, ഇവ കൈകാര്യം ചെയ്യുന്നതിന് ജഡ്ജിമാരുടെ എണ്ണം അപര്യാപ്തമാണെന്ന് കൂട്ടിച്ചേര്‍ത്തു.

അഞ്ചംഗ ബെഞ്ച് പരിഗണിക്കേണ്ട വിഷയങ്ങളും ജസ്റ്റിസുമാരായ ആര്‍. ഭാനുമതി, യു.യു. ലളിത് എന്നിവരടങ്ങുന്ന ബെഞ്ച് നിര്‍ദേശിച്ചു.
കെട്ടിക്കിടക്കുന്നവയില്‍ 80 ശതമാനം കേസുകള്‍ കൈകാര്യം ചെയ്യുന്നതിന് മേഖലാ കോടതികള്‍ സ്ഥാപിച്ചാല്‍ സുപ്രീം കോടതിക്ക് ഭരണഘടനാ കോടതി എന്ന യഥാര്‍ഥ പദവി വീണ്ടെടുക്കാനാകുമോ, വൈകുന്ന കേസുകള്‍ നീതി നിഷേധിക്കുന്നുണ്ടോ, ജഡ്ജിമാരുടെ എണ്ണം വര്‍ധിപ്പിക്കുന്നത് പരിഹാരമാണോ, ആണെങ്കില്‍ അതെന്തു മാത്രം പ്രായോഗികമാണ്, സുപ്രീംകോടതി വടക്കേ അറ്റത്തുള്ള ഡല്‍ഹിയിലായതിനാല്‍ ദക്ഷിണേന്ത്യയില്‍നിന്നും മറ്റു സംസ്ഥാനങ്ങളില്‍നിന്നുമുള്ളവര്‍ക്ക് വന്‍ ചെലവും കാലതാമസവുമുണ്ടാകുന്നത് നീതി ലഭ്യമാക്കുന്നതിന് തടസ്സമാണോ തുടങ്ങിയ വിഷയങ്ങളാണ് പരിഗണിക്കാന്‍ നിര്‍ദേശിച്ചത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.