‘നീറ്റ്’ ഹരജികള്‍ പരിഗണിക്കുന്നതില്‍നിന്ന് സുപ്രീംകോടതി ജഡ്ജി പിന്മാറി

ന്യൂഡല്‍ഹി: എം.ബി.ബി.എസ്, ബി.ഡി.എസ് പ്രവേശം ദേശീയ പൊതുപ്രവേശ പരീക്ഷ (നീറ്റ്) വഴി മാത്രമാക്കിയ സുപ്രീംകോടതി ഉത്തരവ് മറികടക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച ഓര്‍ഡിനന്‍സ് ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹരജികള്‍ പരിഗണിക്കുന്നതില്‍നിന്ന് സുപ്രീംകോടതി ജഡ്ജി പിന്മാറി. ചൊവ്വാഴ്ച കേസ് പരിഗണിക്കുന്നതിനിടയിലാണ് ജസ്റ്റിസ് നാഗേശ്വര റാവു ബെഞ്ചില്‍നിന്ന് സ്വമേധയാ പിന്മാറുകയാണെന്ന് അറിയിച്ചത്. ഇതേ തുടര്‍ന്ന് ഹരജി പരിഗണിക്കുന്നത് ഈ മാസം 14ലേക്ക് മാറ്റി.

‘നീറ്റ്’ നടപ്പാക്കുന്നതിനെതിരെ കേരളമടക്കമുള്ള സംസ്ഥാനങ്ങളും സ്വകാര്യ കോളജുകളും സമര്‍പ്പിച്ച ഹരജികള്‍ ഒന്നടങ്കം തള്ളിയായിരുന്നു 2016-17 വര്‍ഷത്തെ പ്രവേശത്തിന് ‘നീറ്റ്’ നിര്‍ബന്ധമാക്കി സുപ്രീംകോടതി ഉത്തരവിട്ടത്.  എന്നാല്‍, സംസ്ഥാനങ്ങളുടെ എതിര്‍പ്പ് കണക്കിലെടുത്ത് സംസ്ഥാന സര്‍ക്കാര്‍ ക്വോട്ടയില്‍ പ്രവേശത്തിന് ഈ വര്‍ഷം ‘നീറ്റി’ല്‍ ഇളവ് അനുവദിച്ച് കേന്ദ്രം ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചു. സംസ്ഥാന സര്‍ക്കാര്‍ കോളജുകളിലെ സീറ്റുകളിലേക്കും സ്വകാര്യ കോളജുകളിലെ സര്‍ക്കാര്‍ സീറ്റുകളിലേക്കും സംസ്ഥാന സര്‍ക്കാറുകളുടെ പൊതു പ്രവേശ പരീക്ഷയില്‍നിന്ന് ഈ വര്‍ഷം പ്രവേശം നടത്താനാണ് ഓര്‍ഡിനന്‍സിലൂടെ ഇളവ് നല്‍കിയത്.

സ്വകാര്യ, ന്യൂനപക്ഷ മാനേജ്മെന്‍റുകളും കല്‍പിത സര്‍വകലാശാലകളും ‘നീറ്റ്’ വഴി പ്രവേശം നടത്തണമെന്നും കേന്ദ്രം വ്യക്തമാക്കി. ഇതനുസരിച്ച് പ്രവേശ നടപടി മുന്നോട്ടുപോകുന്നതിനിടയിലാണ് ഓര്‍ഡിനന്‍സിനെതിരായ ഹരജികള്‍ സുപ്രീംകോടതി വ്യാഴാഴ്ച പരിഗണിക്കുന്നത്. കേന്ദ്രത്തിനെതിരായ ഹരജികള്‍ അടിയന്തരമായി പരിഗണിക്കണമെന്ന ആവശ്യവും ഓര്‍ഡിനന്‍സ് സ്റ്റേ ചെയ്യണമെന്ന ആവശ്യവും സുപ്രീംകോടതിയുടെ അവധിക്കാല ബെഞ്ച് തള്ളിയിരുന്നു. ഓര്‍ഡിനന്‍സ് സ്റ്റേ ചെയ്ത് വീണ്ടും ആശയക്കുഴപ്പവും അനിശ്ചിതത്വവുമുണ്ടാക്കുന്നില്ളെന്ന് വ്യക്തമാക്കിയാണ് ജസ്റ്റിസുമാരായ പ്രഫുല്ല സി. പാന്ത്, ഡി.വൈ ചന്ദ്രചൂഡ് എന്നിവരടങ്ങുന്ന ബെഞ്ച് ഇതിന് വിസമ്മതിച്ചത്. സുപ്രീംകോടതി വേനലവധി കഴിഞ്ഞ് തുറക്കുമ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച ഓര്‍ഡിനന്‍സിന്‍െറ നിയമസാധുത പരിശോധിക്കാമെന്നും സുപ്രീംകോടതി വ്യക്തമാക്കി.

മധ്യപ്രദേശിലെ വ്യാപം അഴിമതി പുറത്തുകൊണ്ടുവരുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച സാമൂഹിക പ്രവര്‍ത്തകനായ ഡോ. ആനന്ദ് റായിയാണ് ഓര്‍ഡിനന്‍സ് ചോദ്യം ചെയ്ത് ആദ്യം സുപ്രീംകോടതിയെ സമീപിച്ചത്. സുപ്രീംകോടതിയില്‍ കേന്ദ്ര സര്‍ക്കാര്‍ കൈക്കൊണ്ട നിലപാടില്‍നിന്ന് പൂര്‍ണമായും തിരിച്ചുപോകുകയാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്തതെന്ന് ഹരജിയില്‍ ആരോപിച്ചു. തുടര്‍ന്ന് ‘നീറ്റ്’ ഉത്തരവിന് ആധാരമായ കേസിലെ പ്രധാന ഹരജിക്കാരായ സര്‍ക്കാറേതര സന്നദ്ധ സംഘടന സങ്കല്‍പ് ചാരിറ്റബ്ള്‍ ട്രസ്റ്റും കേന്ദ്ര ഓര്‍ഡിനന്‍സ് ചോദ്യം ചെയ്തു. ഓര്‍ഡിനന്‍സ് ഭരണഘടനാവിരുദ്ധമാണെന്നും നിയമവിരുദ്ധമാണെന്നും റദ്ദാക്കണമെന്നും ഹരജിയില്‍ ബോധിപ്പിച്ചു. ഓര്‍ഡിനന്‍സിന് അനുകൂലമായി ഒരു കൂട്ടം വിദ്യാര്‍ഥികള്‍ നല്‍കിയ തടസ്സ ഹരജിയും സുപ്രീംകോടതിയിലുണ്ട്. തങ്ങളുടെ വാദം കേള്‍ക്കാതെ ഇക്കാര്യത്തില്‍ ഉത്തരവിടരുതെന്നാണ് തടസ്സ ഹരജിക്കാരുടെ വാദം.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.