സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ പ്രോസിക്യൂട്ട് ചെയ്യാന്‍ പ്രത്യേക അനുമതി വേണ്ട –സുപ്രീംകോടതി

ന്യൂഡല്‍ഹി: കേസുകളില്‍ അകപ്പെട്ട പൊതുജന സേവകരായ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ പ്രോസിക്യൂട്ട് ചെയ്യാന്‍ പ്രത്യേക അനുമതി വേണ്ടതില്ളെന്ന് സുപ്രീംകോടതി വ്യക്തമാക്കി. പഞ്ചാബ് പൊലീസിലെ രണ്ട് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ നല്‍കിയ ഹരജി തള്ളിയാണ് ജസ്റ്റിസുമാരായ ജെ.എസ്. ഖാഹാറും സി. നാഗപ്പനും ഉള്‍പ്പെട്ട ബെഞ്ച് വിധി പ്രസ്താവിച്ചത്.1999ല്‍ നടന്ന സംഭവമാണ് വിധിക്ക് ആധാരം. പഞ്ചാബ് പൊലീസ് സേനയിലെ ഡിവൈ.എസ്.പിമാരായിരുന്ന എസ്.എസ്. മാന്ദും പി.എസ്. പര്‍മറും നീരജ്കുമാര്‍ എന്നയാളെ വാഹനമോഷണക്കുറ്റം ആരോപിച്ച് പിടികൂടുകയും നിയമവിരുദ്ധമായി തടഞ്ഞുവെക്കുകയും ചെയ്തു. സ്ഥലത്തെ എ.എസ്.പിയുടെ മകനായിരുന്നു നീരജ്.

സംഭവത്തില്‍ നീരജിന്‍െറ മാതാവ് പഞ്ചാബ് ഹൈകോടതിയെ സമീപിച്ചു.ഹരജി സ്വീകരിച്ച കോടതി വിഷയത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദേശിച്ചു. ഡിവൈ.എസ്.പിമാര്‍ക്ക് സംഭവത്തില്‍ നേരിട്ട് പങ്കുണ്ടെന്ന് സെഷന്‍സ് ജഡ്ജ് തയാറാക്കിയ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തില്‍ കേസെടുത്ത കോടതി ഇവര്‍ക്ക് സമന്‍സ് അയച്ചെങ്കിലും കോടതിയില്‍ ഹാജരാകാന്‍ തയാറായില്ല. തങ്ങളെ പ്രോസിക്യൂട്ട് ചെയ്യണമെങ്കില്‍ പ്രത്യേക അനുമതി വാങ്ങണമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഇത്. ഇക്കാര്യം ഹൈകോടതി തള്ളി. തുടര്‍ന്നാണ് ഇവര്‍ സുപ്രീംകോടതിയെ സമീപിച്ചത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.