കേന്ദ്രമന്ത്രിസഭയിൽ 19 പുതിയ മന്ത്രിമാർ; ജാവദേക്കറിന് കാബിനറ്റ് പദവി

ന്യൂഡല്‍ഹി: 19 പുതുമുഖ സഹമന്ത്രിമാരെ ഉള്‍പ്പെടുത്തിയും അഞ്ചുപേരെ ഒഴിവാക്കിയും രണ്ടു വര്‍ഷം പിന്നിട്ട നരേന്ദ്ര മോദി മന്ത്രിസഭ വികസിപ്പിച്ചു.  വനം-പരിസ്ഥിതി വകുപ്പിന്‍െറ സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രി പ്രകാശ് ജാവ്ദേക്കര്‍ക്ക് കാബിനറ്റ് പദവി നല്‍കി. യു.പി അടക്കം വിവിധ സംസ്ഥാനങ്ങളില്‍ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകള്‍ മുന്നില്‍ക്കണ്ടാണ് പുനസംഘടന.
രാഷ്ട്രപതിഭവനില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി പുതിയ സഹമന്ത്രിമാര്‍ക്കും കാബിനറ്റ് മന്ത്രിക്കും സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ബി.ജെ.പിയിലത്തെിയ പ്രമുഖ പത്രപ്രവര്‍ത്തകന്‍ എം.ജെ. അക്ബര്‍, വാജ്പേയി മന്ത്രിസഭയില്‍ അംഗമായിരുന്ന വിജയ് ഗോയല്‍, ദീര്‍ഘകാലം കോണ്‍ഗ്രസില്‍ പ്രവര്‍ത്തിച്ച് ബി.ജെ.പിയിലത്തെിയ എസ്.എസ്. അഹ്ലുവാലിയ തുടങ്ങിയവര്‍ സത്യപ്രതിജ്ഞ ചെയ്തവരില്‍ ഉള്‍പ്പെടുന്നു.

ഭരണത്തിന് കൂടുതല്‍ ഊര്‍ജസ്വലത ഉണ്ടാക്കാനാണ് പുന$സംഘടനയെന്ന് പ്രചാരണമുണ്ടായെങ്കിലും പരിചയസമ്പന്നതക്ക് വലിയ പ്രാധാന്യം ലഭിച്ചില്ല. വിവിധ സംസ്ഥാനങ്ങളില്‍ ബി.ജെ.പിക്ക് അനുകൂലമായി വോട്ട് സമ്പാദിക്കാന്‍ ലക്ഷ്യമിട്ട് ദലിത്, പിന്നാക്ക വിഭാഗങ്ങള്‍ക്ക് മെച്ചപ്പെട്ട പരിഗണന നല്‍കിയിട്ടുണ്ട്. സത്യപ്രതിജ്ഞക്കുപിന്നാലെ, അര്‍ഹമായ പരിഗണന കിട്ടാത്തതില്‍ കടുത്ത രോഷം പ്രകടിപ്പിച്ച് ബി.ജെ.പി സഖ്യകക്ഷിയായ ശിവസേന രംഗത്തുവന്നു. സത്യപ്രതിജ്ഞ ചെയ്ത 19ല്‍ രണ്ടു പേര്‍ മാത്രമാണ് സഖ്യകക്ഷി പ്രതിനിധികള്‍.
എന്‍.ഡി.എയിലെ നാമമാത്ര സഖ്യകക്ഷികളായ റിപ്പബ്ളിക്കന്‍ പാര്‍ട്ടി നേതാവ് രാംദാസ് അതാവലെ, അപ്നാദള്‍ എം.പി അനുപ്രിയ പട്ടേല്‍ എന്നിവര്‍ക്കാണ് സഹമന്ത്രിസ്ഥാനം കിട്ടിയത്.

രണ്ടാമത്തെ മന്ത്രിസഭാ വികസനമാണിത്. സത്യപ്രതിജ്ഞ ചെയ്തവരില്‍ നാലുപേര്‍ രാജസ്ഥാനില്‍നിന്നാണ്. പുതുമുഖ മന്ത്രിമാര്‍: ഫഗന്‍സിങ് കുലസ്തെ, എസ്.എസ്. അഹ്ലുവാലിയ, എം.ജെ. അക്ബര്‍, രമേഷ് ജിഗാഞ്ചിനാഗി, വിജയ് ഗോയല്‍, രാജന്‍ ഗൊഹെയ്ന്‍, അനില്‍ മാധവ് ദവെ, പുരുഷോത്തം റുപാല, അര്‍ജുന്‍റാം മേഘ്വാള്‍, ജസ്വന്ത്സിങ് ഭാഭോര്‍, മഹേന്ദ്രനാഥ് പാണ്ഡെ, അജയ് താംത, കൃഷ്ണരാജ്, മന്‍സുഖ് മാണ്ഡ്വ്യ, സി.ആര്‍. ചൗധരി, പി.പി. ചൗധരി, സുഭാഷ് ഭംഭ്രെ, അനുപ്രിയ പട്ടേല്‍ (അപ്നാദള്‍), രാംദാസ് അതാവലെ (റിപ്പബ്ളിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യ).
പുറത്താക്കപ്പെട്ടവര്‍: രാംശങ്കര്‍ കതേരിയ (മാനവശേഷി വികസനം), മോഹന്‍ഭായ് കുന്ദാരിയ (കൃഷി), മനൂക്ഷ്ഭായ് വാസവ (ആദിവാസിക്ഷേമം), നിഹാല്‍ചന്ദ് (പഞ്ചായത്തീരാജ്), സന്‍വാര്‍ ലാല്‍ജത് (ജലവിഭവം).


കേന്ദ്ര മന്ത്രിസഭയിലെ പുതിയ അംഗങ്ങൾ:

  • ഫഗൻ സിങ് കുലസ്തെ: വാജ്പേയി സർക്കാരിൽ കേന്ദ്ര ആദിവാസി ക്ഷേമ സഹമന്ത്രിയായിരുന്നു. മധ്യപ്രദേശിൽ നിന്നും ആറു തവണ ലോക്സഭാംഗമായി. ഒരു തവണ നിയമസഭാംഗം.
  • എസ്.എസ്.അലുവാലിയ: അഞ്ച് തവണ എം.പിയായ പശ്ചിമബംഗാളിൽ നിന്നുള്ള അലുവാലിയ കോൺഗ്രസിൽ നിന്നു ബി.ജെ.പിയിലെത്തിയ നേതാവാണ്. നിലവിൽ രാജ്യസഭാംഗമാണ്.
  • രമേഷ് ജിഗാജിനാഗി:  മുൻപു ജനതാ പാർട്ടിയിലും ജനതാദളിലുമായിരുന്ന രമേഷ് കർണാടകയിൽ  മന്ത്രിയായിരുന്നു. അഞ്ച് തവണ എം.പി സ്ഥാനവും മൂന്നു തവണ എം.എൽ.എ സ്ഥാനവും വഹിച്ചിട്ടുണ്ട്.
  • വിജയ് ഗോയൽ: വാജ്പേയി സർക്കാരിൽ സ്പോർട്സ് യുവജനകാര്യ സഹമന്ത്രിയായിരുന്നു. നാല് തവണ എം.പി. രാജസ്ഥാനിൽ നിന്നുള്ള ഇദ്ദേഹം നിലവിൽ രാജ്യസഭാംഗമാണ്.
  • കൃഷ്ണ രാജ്: ഉത്തർപ്രദേശിലെ വനിതാ ദലിത് നേതാവായ കൃഷ്ണ രാജ് രണ്ടു തവണ യു.പി നിയമസഭാംഗമായിരുന്നു.
  • രാംദാസ് അത്താവാലെ: മഹാരാഷ്ട്രയിലെ പ്രമുഖ ദലിത് നേതാവ്. സഖ്യകക്ഷിയായ ആർ.പി.ഐ പ്രതിനിധി.
  • രാജൻ ഗൊഹെയിൻ: അസമിൽ നിന്ന് നാല് തവണ ലോക്സഭാംഗമായിട്ടുണ്ട്.
  • അനിൽ മാധവ് ദവെ: ഗ്രന്ഥകാരനായ ദവെ ഹിന്ദിയിൽ ഏറെ പുസ്തകങ്ങൾ രചിച്ചു. മധ്യപ്രദേശുകാരനായ ഇദ്ദേഹം നർമദാ നദീസംരക്ഷണ പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുത്തിട്ടുണ്ട്.
  • പുരുഷോത്തം റൂപാല: ഗുജറാത്ത് സർക്കാരിൽ കൃഷിമന്ത്രിയായിരുന്നു.
  • എം.ജെ.അക്ബർ: പ്രശസ്തനായ മാധ്യമ പ്രവർത്തകനായ ഇദ്ദഹം ഝാർഖണ്ഡിൽ നിന്നാണ് സഭയിലെത്തിയത്. ബി.ജെ.പി ദേശീയ വക്താവ്.
  • അർജുൻ മേഘ്‌വാൾ: രാജസ്ഥാനിൽ നിന്നുള്ള മേഘ്‌വാൾ ഐ.എ.എസുകാരനാണ്.
  • ജസ്വന്ത് സിങ് ഭാഭോർ: ഗുജറാത്ത് സർക്കാരിൽ ഗ്രാമവികസന, ആദിവാസി ക്ഷേമ മന്ത്രിയായിരുന്നു.
  • മഹേന്ദ്ര നാഥ് പാണ്ഡെ: യു.പി സർക്കാരിൽ നഗരവികസന മന്ത്രിയായിരുന്നു. ബനാറസ് ഹിന്ദു സർവകലാശാലയിൽ നിന്നു പി.എച്ച്.ഡി നേടിയിട്ടുണ്ട്.
  • അജയ് താംത: ഉത്തരാഖണ്ഡിൽ നിന്നുള്ള ദലിത് നേതാവ്.
  • മൻസുഖ് മണ്ഡാവിയ: ഗുജറാത്ത് കാർഷിക വ്യവസായ കോർപറേഷൻ തലവനായി ദീർഘകാലത്തെ പ്രവർത്തന പരിചയം. രാജ്യസഭാംഗമാണ്.
  • അനുപ്രിയ പട്ടേൽ: ഉത്തർപ്രദേശിലെ അപ്നാ ദൾ ജനറൽ സെക്രട്ടറി അനുപ്രിയ പട്ടേൽ സംഘടനാപാടവം തെളിയിച്ചിട്ടുണ്ട്. എം.ബി.എ ബിരുദധാരിണിയാണ്.
  • സി.ആർ.ചൗധരി: ബിർമിഹാം സർവകലാശാലയിൽ നിന്ന് ഗ്രാമവികസന പഠന പശ്ചാത്തലമുള്ള ഇദ്ദേഹം രാജസ്ഥാനിൽ നിന്നാണ് സഭയിലെത്തിയത്.
  • പി.പി.ചൗധരി: സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകനായ ഇദ്ദഹം രാജസ്ഥാനിൽ നിന്നുള്ള എം.പിയാണ്. ഭരണഘടനാ കേസുകളിൽ നാലു പതിറ്റാണ്ടിലേറെ അനുഭവ പരിചയം.
  • സുഭാഷ് ഭാംറെ: മഹാരഷ്ട്രയിലെ പ്രശസ്ത ഡോക്ടറായ ഭാംറെ കാൻസർ ശസ്ത്രക്രിയാ വിദഗ്ധനാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.