കശ്മീർ ചർച്ച: പാക് ക്ഷണം ഇന്ത്യ തള്ളി

ന്യൂഡല്‍ഹി: കശ്മീര്‍ വിഷയത്തില്‍ വിദേശകാര്യ സെക്രട്ടറിതല ചര്‍ച്ചക്കുള്ള പാകിസ്താന്‍െറ ക്ഷണം ഇന്ത്യ തള്ളി. കശ്മീര്‍ സംഘര്‍ഷത്തില്‍ ഇടപെടേണ്ട, അതിന് പ്രധാന കാരണമായ അതിര്‍ത്തി കടന്നുള്ള ഭീകരതയില്‍ കേന്ദ്രീകരിച്ച് ചര്‍ച്ചയാകാമെന്ന് കേന്ദ്രസര്‍ക്കാര്‍ പാകിസ്താനെ അറിയിച്ചു. ഇസ്ലാമാബാദിലെ ഇന്ത്യന്‍ ഹൈകമീഷണര്‍ ഗൗതം ബംബാവാലയെ പാക് വിദേശകാര്യ മന്ത്രാലയത്തിലേക്ക് വിളിപ്പിച്ചാണ് ചര്‍ച്ചക്കുള്ള ക്ഷണം പാകിസ്താന്‍ കഴിഞ്ഞ ദിവസം കൈമാറിയത്. ഇതിനുള്ള മറുപടിക്കത്ത് ബംബാവാല മുഖേന ഇന്ത്യ നല്‍കുകയായിരുന്നു.

കശ്മീര്‍ വിഷയത്തില്‍ ചര്‍ച്ച നടത്തുന്നതിന് പാക് വിദേശകാര്യ സെക്രട്ടറി അസിയാസ് അഹ്മദ് ചൗധരിയാണ് കഴിഞ്ഞ ദിവസം ഇന്ത്യയെ ക്ഷണിച്ചത്. കശ്മീര്‍ പ്രശ്നം പരിഹരിക്കേണ്ടത് ഇന്ത്യയുടെയും പാകിസ്താന്‍െറയും അന്താരാഷ്ട്ര ബാധ്യതയാണെന്ന വിശദീകരണത്തോടെയായിരുന്നു പാക് നീക്കം. എന്നാല്‍, കശ്മീരിനെച്ചൊല്ലി പാക് നേതാക്കളുടെ ഭാഗത്തുനിന്ന് പ്രകോപനപരമായ പ്രസ്താവന പുറത്തുവന്നതോടെയാണ് ഇന്ത്യ നിലപാട് കടുപ്പിച്ചത്.
സ്വാതന്ത്ര്യത്തിന്‍െറ 70ാം വാര്‍ഷികത്തോട് അനുബന്ധിച്ച് ചെങ്കോട്ടയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസംഗത്തില്‍ ബലൂചിസ്താന്‍ പ്രശ്നം പരാമര്‍ശിച്ച് പാകിസ്താനെതിരെ ആഞ്ഞടിച്ചിരുന്നു. അടുത്തയാഴ്ച ഇസ്ലാമാബദില്‍ നടക്കുന്ന സാര്‍ക്ക് ഉന്നതതല യോഗത്തില്‍നിന്ന് ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്ലി വിട്ടുനില്‍ക്കാനും നീക്കമുണ്ട്. ഇതിന്‍െറ തുടര്‍ച്ചയെന്നോണമാണ് വിദേശകാര്യ സെക്രട്ടിതല ചര്‍ച്ചയെന്ന പാകിസ്താന്‍െറ നിര്‍ദേശവും ഇന്ത്യ തള്ളിയിരിക്കുന്നത്.

അതേസമയം, ചര്‍ച്ചക്ക് പാകിസ്താനില്‍ എത്താനുള്ള സന്നദ്ധത മറുപടിക്കത്തില്‍ വിദേശകാര്യ സെക്രട്ടറി എസ്. ജയശങ്കര്‍ പ്രകടിപ്പിച്ചു. പക്ഷേ, ചര്‍ച്ചാ വിഷയം അതിര്‍ത്തി കടന്നുള്ള ഭീകരതയും നുഴഞ്ഞുകയറ്റവുമായിരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. കശ്മീര്‍  ഇന്ത്യയുടെ ആഭ്യന്തര വിഷയമാണ്. അതില്‍ പാകിസ്താന് കാര്യമില്ളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യ-പാക് ബന്ധത്തെ മെച്ചപ്പെടുത്തുന്ന ഏത് ചര്‍ച്ചയെയും സ്വാഗതം ചെയ്യുന്നതായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം വക്താവ് വികാസ് സ്വരൂപ് പറഞ്ഞു. അതിര്‍ത്തി കടന്നുള്ള തീവ്രവാദം അവസാനിപ്പിക്കുന്നതിനെക്കുറിച്ചാണ് ഇപ്പോള്‍ ചര്‍ച്ചചെയ്യേണ്ടത്. മുംബൈ ഭീകരാക്രമണം, പത്താന്‍കോട്ട് വ്യോമനിലയം ആക്രമണം തുടങ്ങിയവയില്‍ ഇന്ത്യ നടത്തുന്ന അന്വേഷണങ്ങളോട് സഹകരിക്കുകയും ഹാഫിസ് സഈദ് അടക്കമുള്ള തീവ്രവാദികളെ നിയമത്തിന്‍െറ മുന്നില്‍കൊണ്ടുവരികയുമാണ് അടിയന്തരമായി പാകിസ്താന്‍ ചെയ്യേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.

അതിനിടെ, തീവ്രവാദത്തെ ചെറുക്കുന്നതിന് ഇരുരാജ്യങ്ങളും തമ്മില്‍ ചര്‍ച്ച നടത്തണമെന്ന് അമേരിക്ക ആവശ്യപ്പെട്ടു. വിഷയത്തില്‍ ഗുണപരമായ ചര്‍ച്ച നടത്തുന്നത് ഇന്ത്യ-പാക് ബന്ധം മെച്ചപ്പെടുത്തുന്നതോടൊപ്പം ദക്ഷിണേഷ്യയെ അത് കൂടുതല്‍ കരുത്തുറ്റതാക്കുമെന്നും യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്‍റ് പ്രസ്താവനയില്‍ വ്യക്തമാക്കി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.