പാകിസ്താന്‍ ഭീകരവാദം കയറ്റുമതി ചെയ്യുന്നു –ഇന്ത്യ

ന്യൂഡല്‍ഹി:  കശ്മീര്‍ വിഷയത്തില്‍ പാകിസ്താന്‍െറ തുടര്‍ച്ചയായ പ്രകോപനത്തിന് ചുട്ടമറുപടിയുമായി ഇന്ത്യ. പാകിസ്താന്‍െറ ട്രേഡ് മാര്‍ക്ക് കയറ്റുമതി ഇനങ്ങളായ ഭീകരവാദം, മയക്കുമരുന്ന്, കള്ളപ്പണം, നുഴഞ്ഞുകയറ്റക്കാര്‍ എന്നിവ ഇന്ത്യയും മറ്റ് അയല്‍രാജ്യങ്ങളും വേണ്ടുവോളം അനുഭവിക്കുന്നുണ്ടെന്ന് വിദേശകാര്യ വാക്താവ് വികാസ് സ്വരൂപ് തിരിച്ചടിച്ചു.
മാസത്തോളമായി സംഘര്‍ഷവും ഇടവിട്ട് കര്‍ഫ്യൂവും  തുടരുന്ന കശ്മീരിലേക്ക് നിത്യോപയോഗ സാധന സാമഗ്രികള്‍ അയക്കാമെന്ന നിര്‍ദേശം പാകിസ്താന്‍ മുന്നോട്ടുവെച്ചതിനോട് പ്രതികരിക്കുകയായിരുന്നു ഇന്ത്യ. ഇതിനുപുറമെയാണ് പാക് അതിര്‍ത്തിയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ പലകുറി വെടിനിര്‍ത്തല്‍ ലംഘനമുണ്ടായത്.
പാകിസ്താനിലെ ഇന്ത്യന്‍  ഹൈകമീഷന് നല്‍കിയ സന്ദേശത്തിലാണ് പാക് വിദേശകാര്യ മന്ത്രി കശ്മീരിലേക്ക് സഹായം അയക്കാനുള്ള നിര്‍ദേശം മുന്നോട്ടുവെച്ചത്. പാകിസ്താന്‍െറ നിര്‍ദേശം അപഹാസ്യമാണെന്ന് വിദേശകാര്യ വക്താവ് വിശേഷിപ്പിച്ചു. നിര്‍ദേശം അര്‍ഥശങ്കക്കിടയില്ലാത്തവിധം പൂര്‍ണമായും തള്ളുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. തൊട്ടുപിന്നാലെ, ഇന്ത്യയിലെ പാക് ഹൈകമീഷണര്‍ അബ്ദുല്‍ ബാസിതും കശ്മീര്‍ വിഷയത്തില്‍ പ്രകോപന പരാമര്‍ശം നടത്തി.
ഈ വര്‍ഷത്തെ പാക് സ്വാതന്ത്ര്യ ദിനാഘോഷങ്ങള്‍ സ്വതന്ത്രമാകാന്‍ പോകുന്ന കശ്മീരിനായി സമര്‍പ്പിക്കുന്നുവെന്നാണ് ബാസിത് പറഞ്ഞത്. കശ്മീര്‍ ജനതക്ക്  രാഷ്ട്രീയവും ധാര്‍മികവും നയതന്ത്രപരവുമായ പിന്തുണ തുടരും.
ഡല്‍ഹിയില്‍ പാക് ഹൈകമീഷനില്‍ നടന്ന പാക് സ്വാതന്ത്ര്യ ദിനാഘോഷത്തിലായിരുന്നു ബാസിതിന്‍െറ പരാമര്‍ശം.  ഈ പശ്ചാത്തലത്തിലാണ് ഇന്ത്യ കടുത്ത മറുപടിയുമായി രംഗത്തുവന്നത്.
കശ്മീര്‍ പാകിസ്താന്‍െറ ഭാഗമാകുന്ന ദിവസത്തിനായി കാത്തിരിക്കുകയാണെന്ന പാക് പ്രധാനമന്ത്രി നവാസ് ശരീഫിന്‍െറ പ്രസ്താവനക്ക് മറുപടിയായി പാക് അധീന കശ്മീര്‍ ഇന്ത്യയുടെ ഭാഗമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും തിരിച്ചടിച്ചിരുന്നു. ഇതോടെ ഇരു രാഷ്ട്രങ്ങള്‍ക്കുമിടയിലെ ബന്ധം കൂടുതല്‍ വഷളായ നിലയിലാണ്. കശ്മീരില്‍ സംഘര്‍ഷം അയവില്ലാതെ തുടരുന്നത് സ്ഥിതി കൂടുതല്‍ സങ്കീര്‍ണമാക്കി.  അതേസമയം, പാക് സ്വാതന്ത്ര്യദിനം പ്രമാണിച്ച് വാഗാ അതിര്‍ത്തിയില്‍ ഇന്ത്യ-പാക് സൈനികര്‍ തമ്മിലുള്ള മധുരം കൈമാറല്‍ ചടങ്ങ് സംഘര്‍ഷത്തിന്‍െറ പശ്ചാത്തലത്തിലും മുടങ്ങിയില്ല.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.