ഓഷോയുടെ യഥാര്‍ഥ ഒസ്യത്ത് കണ്ടത്തൊന്‍ ഹൈകോടതി ഉത്തരവ്

മുംബൈ: ഓഷോ രജനീഷിന്‍െറ യഥാര്‍ഥ ഒസ്യത്ത് സ്പെയിനില്‍നിന്ന് കണ്ടത്തൊന്‍ പുണെ പൊലീസിന് ബോംബെ ഹൈകോടതി നിര്‍ദേശം. നിലവിലെ ഒസ്യത്ത് പുണെ കൊരെഗാവ് പാര്‍ക്കിലുള്ള ഓഷോ ആശ്രമത്തിലെ ട്രസ്റ്റ് അംഗങ്ങള്‍ വ്യാജമായുണ്ടാക്കിയതാണെന്ന് ആരോപിച്ചും സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടും ഓഷോ ഫ്രണ്ട്സ് ഫൗണ്ടേഷന്‍ മാനേജിങ് ട്രസ്റ്റി യോഗേഷ് താക്കര്‍ നല്‍കിയ ഹരജിയിലാണ് ഉത്തരവ്.

യഥാര്‍ഥ ഒസ്യത്ത് സ്പെയിനിലെ കോടതിയില്‍ മുമ്പ് സമര്‍പ്പിച്ചിട്ടുണ്ടെന്ന് ഹരജിക്കാരന്‍ ചൂണ്ടിക്കാട്ടിയതിനെ തുടര്‍ന്നാണ് കോടതി നിര്‍ദേശം. സ്പെയിന്‍ പൊലീസിന്‍െറ സഹായം തേടാനാണ് പുണെ പൊലീസിനോട് കോടതി ആവശ്യപ്പെട്ടത്. 2013ല്‍ അന്വേഷണം ആവശ്യപ്പെട്ട് ഓഷോ ട്രസ്റ്റ് അംഗങ്ങള്‍ക്കെതിരെ പുണെ പൊലീസില്‍ യോഗേഷ് താക്കര്‍ പരാതി നല്‍കുകയായിരുന്നു. അന്വേഷണത്തില്‍ പുരോഗതിയില്ലാത്തതിനെ തുടര്‍ന്നാണ് താക്കര്‍ ഹൈകോടതിയെ സമീപിച്ചത്.

അന്വേഷണത്തിന് നേതൃത്വം നല്‍കാന്‍ നേരത്തേ കോടതി പുണെ ക്രൈംബ്രാഞ്ച്  മേധാവിക്ക് നിര്‍ദേശം നല്‍കിയിരുന്നു. നിലവിലെ ഒസ്യത്തിന്‍െറ കൈയക്ഷരം പരിശോധിക്കാനും നിര്‍ദേശം നല്‍കിയിരുന്നു.
ഓഷോ ആശ്രമത്തിന്‍െറ വരുമാനവും പ്രധാന വസ്തുക്കളും ട്രസ്റ്റ് അംഗങ്ങള്‍ സ്വിറ്റ്സര്‍ലന്‍ഡ്, അമേരിക്ക, ഐയര്‍ലന്‍ഡ്, യൂറോപ്പ് എന്നിവിടങ്ങളിലേക്ക് കടത്തുന്നതായാണ് യോഗേശ് താക്കര്‍ ഉന്നയിച്ച ആരോപണം. അനധികൃത ഇടപാടുകള്‍ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് റിസര്‍വ് ബാങ്കിനും എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിനും കത്തെഴുതിയിരുന്നതായി ഹരജിക്കാരന്‍ പറഞ്ഞു. റിസര്‍വ് ബാങ്കിനെയും എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിനെയും കക്ഷിചേര്‍ക്കാന്‍ കോടതി ആവശ്യപ്പെട്ടു. 1990 ജനുവരി 19ന് 58ാം വയസ്സില്‍ പുണെയിലായിരുന്നു ഓഷോയുടെ അന്ത്യം.
 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.