അഞ്ചു വര്‍ഷത്തിനിടെ 183 ഇടതു പ്രവര്‍ത്തകരെ തൃണമൂല്‍ കൊലപ്പെടുത്തിയെന്ന് സി.പി.എം

ന്യൂഡല്‍ഹി: ബംഗാളില്‍ കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ 183 ഇടതു പ്രവര്‍ത്തകരെ തൃണമൂല്‍  കോണ്‍ഗ്രസ് കൊലപ്പെടുത്തുകയും രണ്ടായിരം പേരെ പരിക്കേല്‍പിക്കുകയും ചെയ്തതായി  സി.പി.എം ആരോപിച്ചു. ഇടതുപക്ഷ പ്രവര്‍ത്തകര്‍ക്കെതിരെ അഭൂതപൂര്‍വമായ അക്രമങ്ങളാണ് നടമാടുന്നത്.
വനിതാ പ്രവര്‍ത്തകരെ പ്രത്യേകം ലക്ഷ്യമിട്ടും അക്രമം നടത്തുന്നുണ്ട്- സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ട് ഡല്‍ഹിയില്‍ വാര്‍ത്താലേഖകരെ അറിയിച്ചതാണിത്. മന്ദഗതിയിലാണ് കേന്ദ്ര സര്‍ക്കാറിന്‍െറ ഇടപെടലുകള്‍ ഉണ്ടാകുന്നത്. ശാരദാ കുംഭകോണ കേസില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരായ സി.ബി.ഐ അന്വേഷണം  ഉണ്ടെങ്കിലും ഒന്നും സംഭവിക്കുന്നില്ല.  മുഖ്യമന്ത്രി മമതാ ബാര്‍ജി നേതൃത്വം നല്‍കുന്ന പാര്‍ട്ടിയുടെ കളങ്കിതരായ പ്രവര്‍ത്തകരെ സംരക്ഷിക്കാനാണ്  ശ്രമം.

സര്‍ക്കാറിന്‍െറ പിന്തുണയില്‍  പൊലീസിലെ വലിയൊരു വിഭാഗം തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ സഹായിക്കുകയാണ്. ഇടതുമുന്നണി പ്രവര്‍ത്തകരെ വ്യാപകമായി വേട്ടയാടുന്ന സ്ഥിതിയാണ് തുടരുന്നത്. സ്വതന്ത്ര ഇന്ത്യയില്‍ മറ്റൊരു പാര്‍ട്ടിയും ഇതുപോലെ  അക്രമത്തിനിരയായത് കാണാനാവില്ല. സംസ്ഥാനത്തുനിന്ന് ഇടതുപാര്‍ട്ടികളെ  ഉന്മൂലനം ചെയ്യാനാണ് ശ്രമം. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെയും ട്രേഡ് യൂനിയന്‍െറയും ഓഫിസുകള്‍ വ്യാപകമായി നശിപ്പിക്കപ്പെടുന്നുണ്ട്. ഇതിനകം സി.പി.എമ്മിന്‍െറ 649  ഓഫിസുകള്‍ തൃണമൂല്‍ പാര്‍ട്ടിക്കാര്‍  കൊള്ളയടിച്ചിട്ടുണ്ട്-വൃന്ദ കാരാട്ട് പറഞ്ഞു. പി.ബി അംഗം എം.എ. ബേബിയും അവരോടൊപ്പം ഉണ്ടായിരുന്നു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.