2002-2003 സ്ഫോടന കേസ്: അതിഫ് മുല്ലയുടെ ശിക്ഷ മരവിപ്പിച്ചു

മുംബൈ: 2002ല്‍ മുംബൈ സെൻട്രൽ റെയില്‍വെ സ്റ്റേഷനിലും 2003ല്‍ മുളുണ്ട് റെയില്‍വെ സ്റ്റേഷനിലെ ട്രെയിനിലും വില്ലെപാര്‍ളെ ചന്തയിലുമുണ്ടായ സ്ഫോടന കേസുകളില്‍ കീഴ്കോടതി വിധിച്ച തടവുശിക്ഷ ബോംബെ ഹൈകോടതി മരവിപ്പിച്ചു. കേസില്‍ ശിക്ഷിപ്പെട്ട 10 പ്രതികളില്‍ ഒരാളായ ആതിഫ് മുല്ലയുടെ ശിക്ഷയാണ് ജസ്റ്റിസുമാരായ അഭയ് ഓക,  അംജദ് സൈദ് എന്നിവരുടെ ഡിവിഷന്‍ ബെഞ്ച് മരവിപ്പിച്ചത്.

സ്ഫോടന ഗൂഢാലോചനയില്‍ നിന്ന് കുറ്റമുക്തനാക്കിയ അതിഫിന് ഏ.കെ 56 തോക്കും വെടിയുണ്ടകളും സൂക്ഷിച്ചതിന് 10 വര്‍ഷം തടവും പിഴയുമാണ് രണ്ട് മാസംമുമ്പ് പ്രത്യേക പോട്ട കോടതി വിധിച്ചത്. ആയുധം കണ്ടെത്തിയതിനുള്ള സാക്ഷിയുടെ മൊഴി വിശ്വാസ്യയോഗ്യമല്ലെന്ന് പറഞ്ഞാണ് ഹൈകോടതി ബുധനാഴ്ച ശിക്ഷ മരവിപ്പിച്ചത്. ഒന്നര ലക്ഷം രൂപ കെട്ടിവെക്കാനും നിയമവിരുദ്ധ പ്രവര്‍ത്തികളില്‍ ഏര്‍പ്പെടില്ലെന്ന് സത്യവാങ്മൂലം സമര്‍പ്പിക്കാനും ആവശ്യപ്പെട്ട് കോടതി ആതിഫ് മുല്ലക്ക് ജാമ്യം അനുവദിച്ചു. ഒപ്പം പോട്ട കോടതി വിധിച്ച 1.15 ലക്ഷം രൂപ പിഴയും കെട്ടിവെക്കണം.

ആതിഫ് മുല്ലയുടെ നാടായ പഡ്ഗ ഗ്രാമത്തിലുള്ള പിതാവിന്‍െറ ഈര്‍ച്ച മില്ലില്‍ നിന്ന് 2003 മെയ് മൂന്നിന് എ.കെ 56 തോക്കും 28 വെടിയുണ്ടകളും കണ്ടെത്തിയെന്നാണ് പ്രോസിക്യൂഷന്‍ കേസ്. ആയുധം കണ്ടെത്തിയതിന് ഘാഡ്കൂപ്പറിലെ ഓട്ടോ ഡ്രൈവറാണ് പ്രോസിക്യൂഷന്‍റെ സാക്ഷി. ആയുധം കണ്ടെടുത്ത സ്ഥലത്ത് താനുണ്ടായിരുന്നില്ലെന്നും അപ്പോള്‍ പുറത്ത് പൊലീസ് വാഹനത്തിന് അടുത്തായിരുന്നുവെന്നും ക്രോസ് വിസ്താരത്തിനിടെ സാക്ഷി വെളിപ്പെടുത്തുകയുണ്ടായി. സാക്ഷി തന്‍റെ മൊഴിയില്‍ ഒപ്പിട്ടത് സംഭവ സ്ഥലത്തുവെച്ചല്ല പൊലീസ് കമീഷണറുടെ ഓഫീസില്‍ വെച്ചാണെന്നും ആതിഫ് മുല്ലക്കായി ഹാജറായ അഭിഭാഷകന്‍ മുബിന്‍ സോള്‍ക്കര്‍ വാദിച്ചു. തൊണ്ടി കണ്ടെത്തുമ്പോള്‍ സ്ഥലത്തില്ലാത്ത സാക്ഷിയുടെ മൊഴി അംഗീകരിക്കരുതെന്ന് സുപ്രീംകോടതി നിര്‍ദേശവും മുബിന്‍ സോള്‍ക്കര്‍ ചൂണ്ടിക്കാട്ടി.
 
13 പേര്‍ മരിച്ച സ്ഫോടനങ്ങളില്‍ സിമി മുന്‍ ജനറല്‍ സെക്രട്ടറി സാഖിബ് നാച്ചനടക്കം 10 പേരെയാണ് പ്രത്യേക പോട്ട കോടതി ശിക്ഷിച്ചത്. ബോംബ് സ്ഥാപിച്ചവരായി കണ്ടെത്തിയ മൂന്ന് പേര്‍ക്ക് ജീവപര്യന്തവും ആയുധം സൂക്ഷിച്ചതിന് ആതിഫ്, നാച്ചന്‍ എന്നിവരടക്കം നാല് പേര്‍ക്ക് 10 വര്‍ഷം തടവും ശേഷിച്ച മൂന്ന് പേര്‍ക്ക് രണ്ട് വര്‍ഷം തടവുമാണ് പോട്ട കോടതി വിധിച്ചത്. കേസന്വേഷിച്ച മുംബൈ ക്രൈം ബ്രാഞ്ചിന് തിരിച്ചടിയാണ് ഹൈകോടതി വിധി.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.