ഇംഫാല്‍: സിനിമയിലെ അതിവൈകാരിക രംഗം പോലെയായിരുന്നു അത്. 2009ല്‍ ഇംഫാലിലെ ജവഹര്‍ലാല്‍ നെഹ്റു ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സസിന്‍െറ വാര്‍ഡുകളിലൊന്നിലാണ് അത് അരങ്ങേറിയത്. ഒരമ്മ കഠിനമായ ആസ്തമ മൂലം അവിടെ പ്രവേശിപ്പിക്കപ്പെട്ടു. ഒരുവേള അവര്‍ മരണത്തിലേക്കെന്ന് തോന്നിപ്പിച്ചു. അപ്പോള്‍ മാത്രമാണ് അതേ ആശുപത്രിയില്‍ വര്‍ഷങ്ങളായി നിരാഹാരത്തില്‍ കഴിയുന്ന പെണ്‍കുട്ടിക്ക് തന്‍െറ പ്രതിജ്ഞ ലംഘിക്കണമെന്ന് തോന്നിയത്.
അമ്മയെ ഒന്നുകൂടി കാണണമെന്നായിരുന്നു ആഗ്രഹം. അവര്‍ എഴുന്നേറ്റു. വേച്ചും ഇടറിയും അമ്മക്കടുത്തേക്ക് ‘പിച്ചവെച്ചു’. സമയം അര്‍ധരാത്രി പിന്നിട്ടിരുന്നു. എന്നാല്‍, മകള്‍ വരുന്നത് ദൂരെനിന്ന് അറിഞ്ഞ ആ അമ്മ, മകളെ തടയുകയായിരുന്നു. വരേണ്ട. എന്നെ കാണേണ്ട. എന്തിനാണോ പുറപ്പെട്ടിറങ്ങിയത്, അതില്‍ ജയിച്ചിട്ട് വന്നാല്‍ മതി...അതായിരുന്നു അമ്മയുടെ വാക്കുകള്‍. അത് ധിക്കരിക്കാതെ ആ പെണ്‍കുട്ടി തന്‍െറ കിടക്കയിലേക്ക് മടങ്ങി. പിന്നീട് കഴിഞ്ഞ ചൊവ്വാഴ്ച വരെ അവിടെ തുടര്‍ന്നു. തളരാത്ത പോരാട്ട വീര്യവുമായി. സൈന്യത്തിന് പ്രത്യേകാധികാരം നല്‍കുന്ന (അഫ്സ്പ) നിയമത്തിനെതിരെ ലോകത്തെ ഏറ്റവും നീണ്ട നിരാഹാരം അനുഷ്ഠിച്ച് സ്വയം ചരിത്രമായി മാറിയ ആ പെണ്‍കുട്ടിയാണ് ഇറോം ചാനു ശര്‍മിള.
‘ അഫ്സ്പ’ പിന്‍വലിക്കാതെ അമ്മയെ കാണാന്‍ വീട്ടിലേക്കില്ളെന്ന് 16 വര്‍ഷം മുമ്പെടുത്ത പ്രതിജ്ഞയില്‍നിന്ന് പിന്മാറില്ളെന്നാണ് ഇറോം മാധ്യമങ്ങളോട് വ്യക്തമാക്കിയത്. ഇത്രയും കാലം അവര്‍ നഖം വെട്ടിയിട്ടില്ല, മുടി ചീകിയിട്ടില്ല, കണ്ണാടി നോക്കിയിട്ടില്ല, വീട്ടില്‍ പോയിട്ടില്ല. ഇതെല്ലാം കൂടിച്ചേര്‍ന്നപ്പോഴാണ് ഇറോം ഒരു ആഗോള പ്രതീകമായി മാറിയത്. ഈ തീരുമാനങ്ങളില്‍നിന്നൊന്നും പിന്തിരിയില്ളെന്നും അവര്‍ ആവര്‍ത്തിച്ചു.
അമ്മ ഷഖി ദേവിക്ക് 84 വയസ്സായി. മകള്‍ക്ക് 44. ഒമ്പതുമക്കളില്‍ ഏറ്റവും ഇളയവളായിരുന്നു ഇറോം. 2000 നവംബര്‍ അഞ്ചിനാണ് സമരത്തിനിറങ്ങിയത്. ഇംഫാല്‍ നഗരാതിര്‍ത്തിയിലെ കൊങ്പല്‍ കൊങ്ഖാം ലെയ്ക്കയിലാണ് ഇവരുടെ വീട്. ആശുപത്രി വിട്ടാലും ഒരാശ്രമത്തിലായിരിക്കും താമസിക്കുക. ആ കരിനിയമം പിന്‍വലിക്കുംവരെ. ‘അഫ്സ്പ’ പിന്‍വലിച്ചതിനുശേഷം മാത്രം മകള്‍ വീട്ടിലത്തൊനാണ് വയോവൃദ്ധയായ അമ്മയും കാത്തിരിക്കുന്നതെന്ന് ഇറോമിന്‍െറ മൂത്ത സഹോദരന്‍ സിംഗജിത്ത് പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.