ആറന്മുള വിമാനത്താവളം: പരിസ്ഥിതി പഠനം നടത്താന്‍ കേന്ദ്രാനുമതി

ന്യൂഡല്‍ഹി: ആറന്മുളയില്‍ അന്താരാഷ്ട്ര വിമാനത്താവളം നിര്‍മിക്കുന്നതിന് പരിസ്ഥിതി പഠനവുമായി മുന്നോട്ടുപോകാന്‍ കേന്ദ്രസര്‍ക്കാറിന്‍െറ വിദഗ്ധ സമിതി പുതിയ അനുമതി നല്‍കി. പുതിയ പരിസ്ഥിതി പഠനത്തോടൊപ്പം പൊതുജനാഭിപ്രായം തേടണമെന്നും അതിന്‍െറ വിശദാംശം പഠന റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തണമെന്നും സമിതി നിര്‍ദേശിച്ചു. പരിസ്ഥിതി ആഘാത പഠനത്തിനുള്ള പരിഗണനാവിഷയങ്ങളും കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം പുറത്തുവിട്ടു.

പരിസ്ഥിതി വിഷയങ്ങളുടെ പേരിലല്ല നപടിക്രമങ്ങളെ ചൊല്ലിയാണ് ദേശീയ ഹരിത ട്രൈബ്യൂണല്‍ ആദ്യത്തെ പരിസ്ഥിതി അനുമതി റദ്ദാക്കിയതെന്ന കെ.ജി.എസ് ഗ്രൂപ്പിന്‍െറ വാദം അംഗീകരിച്ചാണ് വീണ്ടും പരിസ്ഥിതി പഠനത്തിന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്‍െറ വിദഗ്ധ സമിതി ഉപാധികളോടെ അനുമതി നല്‍കിയത്. പദ്ധതിക്ക് സംസ്ഥാന സര്‍ക്കാര്‍ അനുകൂലമാണെന്ന വാദവും കൂടി മുന്നോട്ടുവെച്ചാണ് കമ്പനി അനുമതി നേടിയെടുത്തത്. പരിസ്ഥിതി പഠനത്തിന് കേന്ദ്രസമിതി പ്രത്യേകമായി മുന്നോട്ടുവെച്ച നാല് ഉപാധികളും കമ്പനി അംഗീകരിച്ച സാഹചര്യത്തിലാണ് അനുമതിയെന്നും മന്ത്രാലയം വ്യക്തമാക്കി.

പരിസ്ഥിതി ആഘാതപഠന റിപ്പോര്‍ട്ടിന്‍െറ കരട് ആദ്യം പൊതുജനാഭിപ്രായത്തിന് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് മുമ്പാകെ സമര്‍പ്പിക്കണം. തുടര്‍ന്ന് ജനങ്ങളുന്നയിക്കുന്ന പ്രശ്നങ്ങളും മറുപടിയും ഉള്‍പ്പെടുത്തിയാണ് അന്തിമ റിപ്പോര്‍ട്ട് തയാറാക്കേണ്ടത്. ഈ റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തിലായിരിക്കും മന്ത്രാലയം വിമാനത്താവളത്തിനുള്ള പരിസ്ഥിതി അനുമതിയുടെ കാര്യത്തില്‍ തീരുമാനമെടുക്കുക.

കമ്പനി അംഗീകരിച്ചതായി മന്ത്രാലയം പറയുന്ന ഉപാധികള്‍:

  1. വിമാനത്താവളത്തിന്‍െറ നിര്‍ദിഷ്ട റണ്‍വേയിലുള്ള കൈതോടില്‍ നീരൊഴുക്ക് തടസ്സപ്പെടാത്ത തരത്തിലുള്ള രൂപകല്‍പന.
  2. പരിസ്ഥിതി ആഘാത പഠന റിപ്പോര്‍ട്ട് എല്ലാവിധ പരിസ്ഥിതി-സാമൂഹിക വിഷയങ്ങളെയും സംബോധന ചെയ്യുന്നതാകണം.
  3. ജനങ്ങളുയര്‍ത്തുന്ന പ്രശ്നങ്ങള്‍ക്ക് ഉത്തരം നല്‍കണം.
  4. പ്രതിരോധ മന്ത്രാലയം നേരത്തെ നല്‍കിയ അനുമതി പിന്‍വലിച്ചതിനാല്‍ പുതിയ അനുമതി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.