പുണെ: ബൈക്കിടിച്ച് തെറിപ്പിച്ചത് ചോദ്യം ചെയ്ത ടാക്സി ഡ്രൈവറെ കാറിന്റെ ബോണറ്റിലൂടെ രണ്ട് കിലോമീറ്ററോളം ഓടിച്ച് യുവതി. സംഭവത്തിൽ ടാക്സി ഡ്രൈവർ റാം റാത്തോഡിന് സാരമായി പരിക്കേറ്റു. ജനുവരി 17 ന് നടന്ന സംഭവത്തിന്റെ വിഡിയോ പുറത്തു വന്നതിന് പിന്നാലെ റാത്തോഡെ പൊലീസിൽ പരാതി നൽകി. ഡ്രൈവറുടെ പരാതിയുടെ അടിസ്ഥാനത്തിൽ വാഹനമോടിച്ച സ്ത്രീയെ പൊലീസ് അറസ്റ്റ് ചെയ്തു.
ജനുവരി 17 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. യെർവാഡയിൽ നിന്ന് ശിവാജിനഗറിലേക്ക് പോവുകയായിരുന്ന സ്ത്രീ സഞ്ചരിച്ച കാർ ഒരു ബൈക്കിൽ ഇടിച്ചിരുന്നു. അപകടത്തിൽ ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന ദമ്പതികളും കുട്ടിയും റോഡിൽ തെറിച്ചു വീണു. തുടർന്ന് പിന്നോട്ടെടുത്ത കാർ റാത്തോഡെയുടെ വാഹനത്തിലും ഇടിച്ചു. അപകടത്തിന് പിന്നാലെ ഇവരെ പിന്തുടർന്ന റാത്തോഡെ കാർ തടഞ്ഞു നിർത്തി ചോദ്യം ചെയ്തതോടെ പ്രകോപിതയായ യുവതി കാർ മുന്നോട്ടെടുക്കുകയായിരുന്നു. ഇടിയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ച റാത്തോഡെ കാറിന് മുകളിലേക്ക് ചാടി.
എന്നാൽ യുവതി വാഹനം നിർത്താതെ ഡ്രൈവറെയും കൊണ്ട് രണ്ട് കിലോമീറ്ററോളം നിർത്താതെ കാറോടിച്ചു. വാഹനം നിർത്താൻ റാത്തോഡെയും മറ്റ് യാത്രക്കാരും ആവശ്യപ്പെട്ടെങ്കിലും യുവതി ചെവികൊണ്ടില്ല. ഇതിനിടെ പിന്നാലെ ബൈക്കിലെത്തിയ യാത്രക്കാർ അപകടത്തിന്റെ ദൃശ്യം പകർത്തിയിരുന്നു.
രണ്ട് കിലോമീറ്ററോളം അമിതവേഗതയിൽ ഓടിച്ച ശേഷമാണ് റാത്തോഡെയെ റോഡിൽ ഉപേക്ഷിച്ചത്. തുടർന്ന് റാത്തോഡെയെ ശിവാജിനഗറിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. റാത്തോഡെയുടെ കൈക്കാണ് പരിക്കേറ്റത്. അപകടത്തിന് കാരണക്കാരിയായ സ്ത്രീക്കെതിരെ മനപൂർവമല്ലാത്ത നരഹത്യക്കും അശ്രദ്ധമായി വാഹനമോടിച്ചതിനും കേസെടുത്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.