ഉദ്ധവ് താക്കറെയും രാജ് താക്കറെയും
മുംബൈ: കല്യാൺ -ഡോംബിവാലി മുനിസിപ്പൽ കോർപറേഷനിൽ രാജ് താക്കറെയുടെ നേതൃത്വത്തിലുള്ള മഹാരാഷ്ട്ര നവനിർമാൺ സേനയിലെ (എം.എൻ.എസ്) പുതിയ കൗൺസിലർമാരുമായി സഖ്യമുണ്ടാക്കാൻ ഏകനാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള ശിവസേന പദ്ധതിയിടുന്നതായി റിപ്പോർട്ട്. രാജ് താക്കറെയും ഉദ്ധവ് താക്കറെയും ഭിന്നതകൾ മറന്ന് ബൃഹൻമുംബൈ മുൻസിപ്പൽ കോർപറേഷൻ (ബി.എം.സി) തെരഞ്ഞെടുപ്പിൽ ഒരുമിച്ച് മത്സരിച്ചതിന് പിന്നാലെയാണ് ഈ നീക്കം. ബി.എം.സി തെരഞ്ഞെടുപ്പിൽ ബി.ജെ.പി-ഷിൻഡെ സേന സഖ്യം മികച്ച പ്രകടനം കാഴ്ചവെച്ചെങ്കിലും മേയർ സ്ഥാനത്തെച്ചൊല്ലി ഇരുകക്ഷികളും തമ്മിൽ തർക്കം നിലനിൽക്കുകയാണ്.
കല്യാൺ -ഡോംബിവാലി തെരഞ്ഞെടുപ്പിൽ ശിവസേനയും ബി.ജെ.പിയും യഥാക്രമം 53ഉം 50ഉം വീതം സീറ്റുകൾ നേടിയിട്ടുണ്ട്. ഭൂരിപക്ഷത്തിന് 62 സീറ്റുകളാണ് വേണ്ടത്. എന്നാൽ രണ്ട് കക്ഷികളും മേയർ സ്ഥാനത്തിനായി അവകാശവാദം ഉന്നയിച്ചിരിക്കുകയാണ്. ഇവിടെയാണ് അഞ്ച് എം.എൻ.എസ് കൗൺസിലർമാരുടെ പ്രസക്തി. ഷിൻഡെ സേന ഈ അഞ്ച് പേരുമായി സഖ്യമുണ്ടാക്കിയാൽ സീറ്റുനില 58ലേക്ക് എത്തും, ഇത് ഭൂരിപക്ഷത്തിന് നാല് സീറ്റുകൾ മാത്രം അകലെയാണ്.
ശിവസേന നേതാക്കളായ ഏകനാഥ് ഷിൻഡെയും നരേഷ് മസ്കെയും എം.എൻ.എസ് നേതാവ് രാജു പാട്ടീലുമായി കൂടിക്കാഴ്ച നടത്തിയത് രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചയായിട്ടുണ്ട്. എന്നാൽ പുതിയ രാഷ്ട്രീയ നീക്കം മഹായുതി സഖ്യത്തിലെ വിള്ളലല്ലെന്ന് നരേഷ് മസ്കെ പറഞ്ഞു. എം.എൻ.എസുമായുള്ള സഖ്യത്തിന്റെ ആവശ്യകതയെക്കുറിച്ച് ചോദിച്ചപ്പോൾ, വികസനത്തിനായി എല്ലാവരും ഒന്നിച്ചു വരികയാണെങ്കിൽ അവരെ സ്വാഗതം ചെയ്യുമെന്നും ഇത് തദ്ദേശതലത്തിലുള്ള വികസന രാഷ്ട്രീയമാണെന്നുമായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
107 വാർഡുകളുള്ള കല്യാൺ ഡോംബിവാലിയിൽ ബി.ജെ.പി -50, ഷിൻഡെ സേന -53, എം.എൻ.എസ് -അഞ്ത്, ശിവസേന (ഉദ്ധവ് വിഭാഗം) 11, എൻ.സി.പി (ശരദ് പവാർ) -ഒന്ന്, കോൺഗ്രസ് -രണ്ട് എന്നിങ്ങനെയാണ് സീറ്റുനില. നഗരസഭയുടെ സ്ഥിരത ഉറപ്പാക്കാനാണ് പാർട്ടിയുടെ തീരുമാനമെന്ന് രാജു പാട്ടീൽ പറഞ്ഞു. പ്രാദേശിക സാഹചര്യങ്ങൾക്കനുസരിച്ച് സ്വതന്ത്ര തീരുമാനങ്ങൾ എടുക്കാൻ രാജ് താക്കറെ അനുമതി നൽകിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എന്നാൽ ഈ സംഭവവികാസങ്ങളോട് ശിവസേന (ഉദ്ധവ് വിഭാഗം) എം.പി സഞ്ജയ് റാവത്ത് രൂക്ഷമായാണ് പ്രതികരിച്ചത്. മഹാരാഷ്ട്രയെ ഒറ്റുകൊടുക്കുന്നവർ വഞ്ചകരാണ്. അധികാരം കിട്ടാത്തതുകൊണ്ട് അഴിമതി കാണിക്കുന്നത് മഹാരാഷ്ട്ര ക്ഷമിക്കില്ല. വ്യക്തിപരമായ കാരണങ്ങൾ ഉണ്ടാകാം, പക്ഷേ അത് വ്യക്തിപരമായി തന്നെ വെക്കണം. കല്യാൺ-ഡോംബിവാലി വിഷയം ഉദ്ധവ് താക്കറെയെ പ്രകോപിപ്പിച്ചിട്ടുണ്ട്. ഒന്നും കിട്ടിയില്ലെങ്കിൽ പാർട്ടി വിടുന്ന മാനസികാവസ്ഥയുള്ള ചിലരെക്കുറിച്ച് രാജ് താക്കറെ തന്നെ തന്നോട് സംസാരിച്ചിട്ടുണ്ടെന്നും റാവത്ത് പറഞ്ഞു.
ഇത്തരത്തിൽ പാർട്ടി മാറുന്നവർ ‘രാഷ്ട്രീയ മനോരോഗികൾ’ ആണെന്നും റാവത്ത് വിമർശിച്ചു. വിഷയത്തിൽ എം.എൻ.എസ് നേതൃത്വം നിലപാട് വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. “ശിവസേനയും എം.എൻ.എസും ഒന്നിച്ചാണ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. അത്തരമൊരു സമയത്ത് ഒരാൾ പാർട്ടി ചിഹ്നത്തിൽ വിജയിക്കുകയും പിന്നീട് വഞ്ചിക്കുകയും ചെയ്താൽ പാർട്ടിയും നേതൃത്വവും അതിൽ ഉറച്ച നിലപാട് എടുക്കണം” -അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.