ഗോസംരക്ഷണത്തിന്‍െറ പേരില്‍ മുസ്ലിംകളെ ആക്രമിക്കാമെന്നാണോ മോദി പറഞ്ഞത്? –യെച്ചൂരി

ന്യൂഡല്‍ഹി: ഗോസംരക്ഷണത്തിന്‍െറ പേരില്‍ ദലിതരെ ആക്രമിക്കരുതെന്ന് പ്രധാനമന്ത്രി പറഞ്ഞതിനര്‍ഥം മുസ്ലിംകളെ ആക്രമിക്കാമെന്നാണോ എന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി രാജ്യസഭയില്‍ ചോദിച്ചു. ഗോസംരക്ഷണത്തിന്‍െറ പേരില്‍ നടക്കുന്ന അതിക്രമങ്ങളെക്കുറിച്ച് പ്രധാനമന്ത്രി പാര്‍ലമെന്‍റിലാണ് പ്രസ്താവന നടത്തേണ്ടതെന്നും യെച്ചൂരി പറഞ്ഞു. കശ്മീര്‍ ചര്‍ച്ചക്കിടെ വിഷയം പരാമര്‍ശിച്ച ബി.എസ്.പി നേതാവ് മായാവതിയും  ദലിത് ആക്രമണ വിഷയത്തില്‍ പാര്‍ലമെന്‍റില്‍ പ്രസ്താവന നടത്താന്‍ മോദിയോട് ആവശ്യപ്പെട്ടു.   

ദലിതര്‍ക്കെതിരായ അക്രമങ്ങളെ അപലപിച്ചും പശുസംരക്ഷകരെ വിമര്‍ശിച്ചും പ്രധാനമന്ത്രി പൊതുവേദിയില്‍ നടത്തിയ പ്രസംഗത്തെ പരിഹസിച്ച സീതാറാം യെച്ചൂരി അത് ഹിന്ദി സിനിമയിലെ ഡയലോഗ് പോലെയുണ്ടെന്ന് അഭിപ്രായപ്പെട്ടു. ‘ദലിതരെ വെടിവെക്കരുതേ, പകരം തന്‍െറ നെഞ്ചിലേക്ക് നിറയൊഴിക്കൂ’ എന്ന് സിനിമയിലേതുപോലെ പറയുകയാണ് മോദി. ഗോസംരക്ഷണത്തിന്‍െറ പേരില്‍ ദലിതുകളെ ആക്രമിക്കരുതെന്നു മാത്രം പറയുമ്പോള്‍ മുസ്ലിംകളെ ആക്രമിക്കാമെന്നാണോ? മറ്റു മതന്യൂനപക്ഷങ്ങളെ ആക്രമിക്കാമെന്നാണോ? -അദ്ദേഹം ചോദിച്ചു.

ഈ തരത്തിലുള്ള ആദ്യ അക്രമമല്ല ഗുജറാത്തിലേത് എന്ന് മോദി മനസ്സിലാക്കണം. ദാദ്രിയിലെ മുഹമ്മദ് അഖ്ലാഖാണ് ഗോസംരക്ഷണത്തിന്‍െറ പേരില്‍ ആദ്യം കൊല്ലപ്പെട്ട വ്യക്തി. ഇത്തരം വിഷയങ്ങളില്‍ നിയമം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കേണ്ടത്. അത്തരമൊരു ഉറപ്പ് പ്രധാനമന്ത്രിയില്‍നിന്ന് ഇതുവരെയുണ്ടായിട്ടില്ല. അതുണ്ടാകണം. ദലിതുകളെ ആക്രമിച്ച ശേഷം അവര്‍ക്കായി പ്രസ്താവന നടത്തുന്നതിനെ യെച്ചൂരി മാക്കിയവെല്യന്‍ പ്രമാണത്തോടും ഉപമിച്ചു.  മോശം അനുഭവം ജനങ്ങള്‍ക്കുണ്ടാക്കിയ ശേഷം അതില്‍നിന്ന് വിട്ടുനിന്ന് ആശ്വാസം നല്‍കിയെന്ന് വരുത്തുകയെന്ന മാക്കിയവെല്യന്‍ പ്രമാണമാണ് മോദി സര്‍ക്കാറിന്‍െറ സ്വഭാവം കാണുമ്പോള്‍ ഓര്‍മവരുന്നത്.

കശ്മീരിലെ സ്ഥിതിഗതികള്‍ സംബന്ധിച്ച് സംസാരിക്കുന്നതിനിടയില്‍ ബി.എസ്.പി നേതാവ് മായാവതി പാര്‍ലമെന്‍റ് നടന്നുകൊണ്ടിരിക്കുമ്പോള്‍ പ്രധാനമന്ത്രി ദലിത് വിഷയത്തില്‍ പുറത്ത് പ്രസ്താവന നടത്തിയതിനെ വിമര്‍ശിച്ചു. പ്രധാനമന്ത്രി സഭയിലുണ്ടാകണം. സഭയിലുന്നയിക്കുന്ന ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുകയും വേണം. ദലിത് വിഷയത്തില്‍ പ്രധാനമന്ത്രി സഭയില്‍ വന്ന് പ്രസ്താവന നടത്തണമെന്നും മായാവതി ആവശ്യപ്പെട്ടു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.