ഇറോം ശർമിളക്ക് വധഭീഷണി: നിരാഹാരം അവസാനിപ്പിക്കരുതെന്ന് ആവശ്യം

ഇംഫാൽ: മണിപ്പൂരിലെ ഉരുക്കുവനിത ഇറോം ശർമിളക്ക് വധഭീഷണി. നിരാഹാരം അവസാനിപ്പിക്കരുതെന്നും മണിപൂർ സ്വദേശിയല്ലാത്ത ഒരാളെ വിവാഹം കഴിക്കരുതെന്നും രാഷ്ട്രീയത്തിൽ ഇറങ്ങരുതെന്നുമാണ് മണിപൂരിലെ വിഘടനവാദി സംഘടനകൾ ഇറോം ശർമിളയോട് ആവശ്യപ്പെടുന്നത്. രാഷ്ട്രീയത്തില്‍ പ്രവേശിച്ച മുന്‍ഗാമികളെപ്പോലെ മരണമായിരിക്കും ശിക്ഷയെന്നും ഭീകരസംഘടനകൾ ഭീഷണി മുഴക്കുന്നു.

ഇതിനുമുൻപും ചില നേതാക്കൾ തങ്ങളുയർത്തുന്ന ആവശ്യങ്ങളിൽ നിന്ന് വ്യതിചലിക്കുകയും പൊതുതെരഞ്ഞെടുപ്പിൽ മത്സരിക്കുകയും ചെയ്തിട്ടുണ്ട്. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ ഉൾപ്പെട്ടാൽ പിന്നീടെന്ത് സംഭവിക്കുമെന്ന് എല്ലാവർക്കും അറിയാം. എല്ലാ കാര്യങ്ങളുടേയും അന്ത്യമായിരിക്കും അതെന്നും സംഘടന പുറത്തിറക്കിയ പ്രസ്താവനയിൽ അറിയിച്ചു. ഇറോം ശർമിളയോട് നിരാഹാരം തുടരണമെന്ന് മറ്റ് ചില സംഘടനകളും ആവശ്യപ്പെട്ടിട്ടുണ്ട്.

ഇറോം ശര്‍മിളയുടെ ജീവന് ഭീഷണിയുണ്ടെന്നും അതിനാല്‍ ഉടന്‍ മോചിപ്പിക്കാതിരിക്കാന്‍ സാധ്യതയുണ്ടെന്നും ഇറോമിന്‍റെ അടുത്ത സുഹൃത്തും ഹ്യൂമന്‍ റൈറ്റ്സ് അലേര്‍ട്ട് ചെയര്‍മാനുമായ ബബ്‌ലു ലോയി ടോങ്ബാം അറിയിച്ചു.  

16 വർഷമായി തുടരുന്ന നിരാഹാരം ആഗസ്റ്റ് 9ന് അവസാനിപ്പിക്കുമെന്ന് ജൂലയ് 16നാണ് ഇറോം ശർമിള പ്രഖ്യാപിച്ചത്. സൈന്യത്തിന്‍റെ പ്രത്യേക അധികാരം (അഫ്സ്പ) റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഇറോം 2000 നവംബര്‍ അഞ്ചിന് നിരാഹാരസമരം ആരംഭിച്ചത്.  

ഗോവയിൽ വേരുകളുള്ള ബ്രിട്ടീഷ് പൗരനെ ഇറോം വിവാഹം കഴിക്കുമെന്നും വാർത്തകളുണ്ട്. എഴുത്തുകാരനും സാമൂഹ്യപ്രവർത്തകനുമായ ഡെസ്മണ്ട് കൗണ്ടിഞ്ഞോയുമായി പ്രണയത്തിലാണെന്ന് ശർമിള നേരത്തേ ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.