ഒൗറംഗാബാദ് ആയുധ വേട്ട: അബൂ ജുന്ദല്‍ അടക്കം ഏഴു പേര്‍ക്ക് ജീവപര്യന്തം

മുംബൈ: 2006ലെ ഒൗറംഗാബാദ് ആയുധവേട്ട കേസില്‍ മുംബൈ ഭീകരാക്രമണ കേസ് പ്രതി അബൂ ജുന്ദല്‍ എന്ന സബീഉദ്ദീന്‍ അന്‍സാരി അടക്കം ഏഴു പേര്‍ക്ക് ജീവപര്യന്തം. രണ്ടു പേര്‍ക്ക് 14 വര്‍ഷവും മൂന്നു പേര്‍ക്ക് എട്ടു വര്‍ഷം തടവും വിധിച്ചു.

പ്രത്യേക മഹാരാഷ്ട്ര സംഘടിത കുറ്റകൃത്യ നിയന്ത്രണ നിയമ (മകോക) കോടതി ജഡ്ജി ശ്രീകാന്ത് അനേക്കറാണ് ചൊവ്വാഴ്ച ശിക്ഷ പ്രഖ്യാപിച്ചത്. കേസില്‍ വിചാരണ നേരിട്ട 20 പ്രതികളില്‍ 12 പേര്‍ കുറ്റക്കാരാണെന്ന് കോടതി വ്യാഴാഴ്ച വിധിച്ചിരുന്നു. എട്ടു പേരെ വെറുതെ വിടുകയും ചെയ്തു. പ്രതികള്‍ക്ക് എതിരെ മഹാരാഷ്ട്ര എ.ടി.എസ് ചുമത്തിയ മകോക നിയമം തള്ളി യു.എ.പി.എ, സ്ഫോടക വസ്തു നിയമം, ഐ.പി.സി നിയമങ്ങളിലെ വിവിധ വകുപ്പുകള്‍ പ്രകാരമായിരുന്നു വിധി.

ഗൂഢാലോചന, ആയുധം കടത്തല്‍, രാജ്യത്തിനെതിരെ യുദ്ധം ചെയ്യല്‍ തുടങ്ങിയ കുറ്റങ്ങള്‍ക്ക് അബൂ ജുന്ദല്‍, മുഹമ്മദ് അമീര്‍, അഖ്വിബ്​, ബിലാല്‍, ഫൈസല്‍, അഫ്രോസ്, അസ്ലം എന്നിവര്‍ക്കാണ് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചത്. 20,000 രൂപ വീതം പിഴയും ഒടുക്കണം. അഫ്രോസ്, അസ്ലം എന്നിവര്‍ക്കാണ് 14 വര്‍ഷം തടവ്. എട്ടു വര്‍ഷം തടവ് വിധിച്ചത് മുസ്താഖ്, അഫ്സല്‍, ജാവേദ് എന്നിവര്‍ക്കാണ്.

2006 മേയ് എട്ടിന് ഒൗറംഗാബാദിലെ ചന്ദ്വാഡ്-മന്‍മാഡ് ഹൈവേയില്‍ വാഹനങ്ങളിലും യേവ്ല, മാലേഗാവ് എന്നിവിടങ്ങളിലും നടത്തിയ റെയ്ഡില്‍ 30 കിലോ ആര്‍.ഡി.എക്സ്, 10 എ.കെ 47 തോക്കുകള്‍, 3,200 വെടിയുണ്ടകള്‍ എന്നിവ കണ്ടെത്തിയതുമായി ബന്ധപ്പെട്ടാണ് കേസ്. ഗുജറാത്ത് കലാപത്തിന് പ്രതികാരമായി അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോദിയെയും വി.എച്ച്.പി നേതാവ് പ്രവീണ്‍ തൊഗാഡിയയെയും വധിക്കുകയും അതുവഴി ജനങ്ങളില്‍ ഭീതിയുണ്ടാക്കുകയുമായിരുന്നു പ്രതികളുടെ ലക്ഷ്യമെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു.
ഇത് അംഗീകരിച്ചാണ് കോടതി വിധി.

ചന്ദ്വാഡ്-മന്‍മാഡ് ഹൈവേയിലെ റെയ്ഡിനിടയില്‍ പൊലീസിനെ വെട്ടിച്ചു കടന്ന അബൂ ജുന്ദല്‍ ബംഗ്ളാദേശ് വഴി പാകിസ്താനിലേക്ക് കടക്കുകയായിരുന്നു എന്നാണ് പൊലീസ് ഭാഷ്യം. മുംബൈ ഭീകരാക്രമണ കേസിലും പ്രതിയായ അബൂ ജുന്ദല്‍ 2012 സൗദിയില്‍ പിടിയിലായി നാടുകടത്തപ്പെടുകയായിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.