ടെസ്ലയുടെ പവര്‍വാള്‍ ടെക്നോളജിയില്‍ ആകൃഷ്ടനായി നരേന്ദ്ര മോദി

സാന്‍ ജോസ്: അമേരിക്കയിലെ ടെസ്ലാ മോട്ടോഴ്സിന്‍െറ പവര്‍വാള്‍ ടെക്നോളജിയില്‍ ആകൃഷ്ടനായി പ്രധാനമന്ത്രി നരേന്ദ്ര മോദി. കമ്പനിയുടെ നൂതന കണ്ടുപിടുത്തങ്ങളില്‍, പ്രത്യേകിച്ചും ഗ്രാമങ്ങളില്‍ പലരീതിയില്‍ പ്രായോഗികമാക്കാവുന്ന പുനരുപയോഗ ഊര്‍ജമേഖലയിലെ കണ്ടത്തെലുകളിലാണ് മോദി താല്‍പര്യം പ്രകടിപ്പിച്ചത്. അമേരിക്കയിലെ ജനപ്രിയ ഓട്ടോമേറ്റിവ് കമ്പനിയായ ടെസ്ല സന്ദര്‍ശിച്ചശേഷം മോദി തന്നെയാണ് ട്വിറ്ററിലൂടെ ഇക്കാര്യം വെളിപ്പെടുത്തിയത്.

ദീര്‍ഘകാലത്തേക്ക് വൈദ്യുതി ബാറ്ററിയില്‍ സൂക്ഷിച്ചുവെക്കാവുന്ന സാങ്കേതികവിദ്യയാണ് പവര്‍വാള്‍. ഈ ബാറ്ററി ടെക്നോളജി കര്‍ഷകര്‍ക്ക് എങ്ങനെ സഹായകരമാക്കാമെന്ന ചര്‍ച്ച ആസ്വദിച്ചുവെന്നാണ് മോദി പറഞ്ഞത്. കമ്പനിയുടെ സി.ഇ.ഒ എലോണ്‍ മസ്ക്കും മോദിക്കൊപ്പമുണ്ടായിരുന്നു. സോളാറും ബാറ്ററികളും ഗ്രാമീണസമൂഹങ്ങളുടെ ഉന്നമനത്തിനുവേണ്ടി പ്രയോജനപ്പെടുത്തുമെന്നതിനെപ്പറ്റി ഗൗരവമേറിയ ചര്‍ച്ചയാണ് നടന്നതെന്ന് മസ്ക്കും പ്രതികരിച്ചു.

മോട്ടോര്‍ വ്യവസായികമേഖലയില്‍ വന്‍മാറ്റത്തിന് കാരണമാകുന്നതും ഇന്ത്യ പോലുള്ള വികസ്വരരാജ്യങ്ങളിലെ പുനരുപയോഗ ഊര്‍ജത്തില്‍ പ്രതിഫലനമുണ്ടാക്കുന്നതുമായ ടെസ്ലയുടെ പുതിയ സാങ്കേതികവിദ്യകളെ മസ്ക് ചര്‍ച്ചയില്‍ അവതരിപ്പിച്ചു. ടെസ്ലയുടെ ബാറ്ററി സാങ്കേതികവിദ്യയും ഊര്‍ജസംഭരണവും പുനരുപയോഗ ഊര്‍ജവും ഇന്ത്യക്ക് അനുകൂലമായ രീതിയില്‍ ഉപയോഗപ്പെടുത്താമെന്നതിനെക്കുറിച്ചാണ് മോദിയും മസ്ക്കും ചര്‍ച്ച നടത്തിയതെന്ന് ടെസ്ലയുടെ പ്രതിനിധി റിക്കാര്‍ഡോ റിയെസ് പറഞ്ഞു. ടെസ്ലയില്‍ ജോലിചെയ്യുന്ന ഇന്ത്യക്കാര്‍ക്കൊപ്പം അല്‍പസമയം ചെലവഴിച്ച മോദി അവര്‍ക്കൊപ്പം ചിത്രങ്ങളെടുത്താണ് മടങ്ങിയത്. 2003ല്‍ ഒരുകൂട്ടം എന്‍ജിനീയര്‍മാര്‍ സ്ഥാപിച്ചതാണ് ടെസ്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.