ന്യൂഡല്‍ഹി: ഗോവിന്ദ് പന്‍സാരെ കൊലപാതക കേസിന്‍െറ അന്വേഷണത്തില്‍ വീണ്ടും വഴിത്തിരിവ്. പന്‍സാരെയെ കൊലപ്പെടുത്തിയത് പോലെ പ്രമുഖ മറാത്തി മാധ്യമപ്രവര്‍ത്തകന്‍ നിഖില്‍ വാഗ്‌ലെയെ വകവരുത്താന്‍ തീവ്ര ഹിന്ദുത്വ സംഘടന സനാതന്‍ സന്‍സ്ത പദ്ധതിയിട്ടിരുന്നതായി പൊലീസ്. പന്‍സാരെ വധക്കേസില്‍ അറസ്റ്റിലായ സനാതന്‍ സന്‍സ്ത അംഗം സമീര്‍ വിഷ്ണു ഗെയ്ക് വാദിന്‍െറ ടെലിഫോണ്‍ സംഭാഷണത്തിലാണ് ഇതു സംബന്ധിച്ച വിവരങ്ങള്‍ പൊലീസിന് ലഭിച്ചത്. പന്‍സാരെ വധത്തിന് ശേഷം ഗെയ്ക് വാദിന്‍െറ ഫോണ്‍ സംഭാഷണങ്ങള്‍ പൊലീസ് നിരീക്ഷണത്തിലായിരുന്നു. നിഖില്‍ വാഗ്‌ലെ യെയും വകവരുത്തുമെന്ന സംഭാഷണം ലഭിച്ചതിന് പിന്നാലെയാണ് ഗെയ്ക് വാദ് അറസ്റ്റിലായത്.
അതേസമയം, സംരക്ഷണം നല്‍കാമെന്ന മഹാരാഷ്ട്ര പൊലീസിന്‍െറ വാഗ്ദാനം താന്‍ നിരസിച്ചിരുന്നതായി നിഖില്‍ വാഗ്‌ലെ സ്ഥിരീകരിച്ചു. 2011ല്‍ മഹാരാഷ്ട്ര അന്ധവിശ്വാസ വിരുദ്ധ ബില്ലിനെ കുറിച്ച് സംഘടിപ്പിച്ച ടിവി ഷോയില്‍ താന്‍ അവതാരകനായിരുന്നു. ഷോയില്‍ നിന്ന് പ്രകോപിതനായ സനാതന്‍ സന്‍സ്ത അംഗം ഇറങ്ങിപ്പോയി. ഈ സംഭവത്തിന് ശേഷം വധഭീഷണി സന്ദേശങ്ങള്‍ തനിക്ക് ലഭിച്ചിരുന്നതായും വാഗ്‌ലെ മാധ്യമങ്ങളോട് പറഞ്ഞു.
മഹാരാഷ്ട്രയിലെ എഴുത്തുകാരനും കോലാപൂര്‍ ടോള്‍വിരുദ്ധ സമരനായകനും സി.പി.ഐ നേതാവുമായ ഗോവിന്ദ് പന്‍സാരെ ഫെബ്രുവരിയിലാണ് വെടിയേറ്റു മരിച്ചത്. ഭാര്യ ഉമക്കൊപ്പം പ്രഭാത നടത്തം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന ഇദ്ദേഹത്തിനു നേരെ ബൈക്കിലെ ത്തിയ രണ്ടുപേര്‍ തൊട്ടടുത്തു നിന്ന് വെടിയുതിര്‍ക്കുകയായിരുന്നു. ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ), മഹാരാഷ്ട്ര ഭീകര വിരുദ്ധസേന (എ.ടി.എസ്), ഗോവ പൊലീസ് എന്നിവയുടെ സംയുക്ത അന്വേഷണമാണ് നടക്കുന്നത്.
ചരിത്രം വളച്ചൊടിച്ച് ശിവജിക്ക് പ്രാധാന്യം നല്‍കുന്നതിനും ശിവജിയെ ശിവസേനയടക്കമുള്ള പാര്‍ട്ടികള്‍ ദുരുപയോഗം ചെയ്യന്നതിനുമെതിരെ ഗോവിന്ദ് പന്‍സാരെ പുസ്തകം രചിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.