ഷീന ബോറ കേസ്: കമീഷണര്‍ അഹമദ് ജാവേദിന് ഇന്ദ്രാണിയുമായി മുന്‍ പരിചയം

മുംബൈ: ഷീന ബോറ കൊലക്കേസ് അന്വേഷണത്തിന് നേതൃത്വം നല്‍കുന്ന മുംബൈ പൊലീസ് കമീഷണര്‍ അഹമദ് ജാവേദിന് മുഖ്യപ്രതി ഇന്ദ്രാണി മുഖര്‍ജിയും ഭര്‍ത്താവ് പീറ്റര്‍ മുഖര്‍ജിയുമായും മുന്‍ പരിചയമുണ്ടെന്ന് റിപ്പോര്‍ട്ട്. അഹമദ് ജാവേദ് നടത്തിയ ഈദ് പാര്‍ട്ടിയിലേക്ക് ഇന്ദ്രാണിയെയും പീറ്ററെയും ക്ഷണിച്ചിരുന്നതായി സി.എന്‍.എന്‍-ഐ.ബി.എന്‍ റിപ്പോര്‍ട്ട് ചെയ്തു. 2014 ജൂലൈയില്‍ മുംബൈ വര്‍ളിയിലെ മഹാരാഷ്ട്ര പൊലീസ് ഓഫീസര്‍മാരുടെ മെസ്സിലാണ് കമീഷണര്‍ അഹമദ് ജാവേദ് ഈദ് പാര്‍ട്ടി സംഘടിപ്പിച്ചത്.

രാകേഷ് മരിയയുടെ സ്ഥലംമാറ്റം കേസ് അന്വേഷണത്തെ ബാധിക്കില്ളെന്ന് മുംബൈ പൊലീസ് കമീഷണറായി ചുമതലയേറ്റ വേളയില്‍ അഹമദ് ജാവേദ് പറഞ്ഞിരുന്നു. ഷീന ബോറ കൊലപാതക കേസിന്‍െറ അന്വേഷണം അവസാന ഘട്ടത്തിലേക്ക് കടന്ന സാഹചര്യത്തിലായിരുന്നു രാകേഷ് മരിയയുടെ സ്ഥാനചലനം. മഹരാഷ്ട്ര സര്‍ക്കാറിന്‍െറ ഈ നീക്കം കേസ് അട്ടിമറിക്കാനാണെന്ന് അന്നുതന്നെ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.

രാകേഷ് മാരിയയെ മാറ്റി അഹമദ് ജാവേദിനെ മുംബൈ പൊലീസ് കമീഷണറായി നിയമിക്കുകയായിരുന്നു. കമീഷണര്‍ പദവിയില്‍ കാലാവധി പൂര്‍ത്തിയാകാന്‍ 22 ദിവസം ബാക്കി നില്‍ക്കെയായിരുന്നു എ.ഡി.ജി.പി റാങ്കില്‍ നിന്ന് ഡി.ജി.പിയായി ഉയര്‍ത്തി ഹോംഗാര്‍ഡിന്‍െറ നേതൃത്വം രാകേഷ് മാരിയക്ക് നല്‍കിയത്.

മൂന്ന് വര്‍ഷം മുമ്പ് നടന്ന കൊലപാതകവുമായി ബന്ധപ്പെട്ട് രാകേഷ് മാരിയക്കു ലഭിച്ച രഹസ്യവിവരമാണ് ഷീന ബോറ കൊലക്കേസ് അന്വേഷണത്തിന് വഴിതുറന്നത്. രണ്ട് മാസത്തെ രഹസ്യാന്വേഷണത്തിനും നിരീക്ഷണത്തിനും ശേഷം കഴിഞ്ഞ മാസം 25 നാണ് മാധ്യമ മേധാവിയായിരുന്ന ഇന്ദ്രാണി മുഖര്‍ജിയെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്ദ്രാണി മുന്‍ സ്റ്റാര്‍ ഇന്ത്യാ മേധാവി പീറ്റര്‍ മുഖര്‍ജിയുടെ ഭാര്യയായതിനാല്‍ ഷീന ബോറ കൊലക്കേസ് ലോകശ്രദ്ധ ആകര്‍ഷിക്കുകയും ചെയ്തു. ഷീന ബോറ കൊല്ലപ്പെട്ടതാണെന്നും റായിഗഡിലെ ഗാഗൊഡെ ഖുര്‍ദ് ഗ്രാമത്തില്‍ നിന്ന് കണ്ടെടുത്തത് ഷീന ബോറയുടെ എല്ലുകളാണെന്നും ഫോറന്‍സിക് റിപ്പോര്‍ട്ട് സ്ഥിരീകരിച്ചതിന് തൊട്ടുപിന്നാലെയാണ് മാരിയയുടെ പദവി മാറ്റം.

1981 ലെ ഐ.പി.എസ് ബാച്ചുകാരനാണ് മാരിയ. 1993 ലെ മുംബൈ സ്ഫോടന പരമ്പര കേസില്‍ തുമ്പുണ്ടാക്കിയത് മാരിയയാണ്. അന്ന് ട്രാഫിക് ചുമതലയുള്ള ഡെപ്യൂട്ടി കമീഷണറായിരുന്നു അദ്ദേഹം. സ്ഫോടന പരമ്പരയില്‍ ടൈഗര്‍ മേമന്‍െറയും മേമന്‍ കുടുംബത്തിന്‍െറയും പങ്ക് കണ്ടെ ത്തിയത് മാരിയയാണ്. പിന്നീടാണ് കേസ് സി.ബി.ഐ ഏറ്റെടുക്കുന്നത്. 2008 ലെ മുംബൈ ഭീകരാക്രമണ കേസ് അന്വേഷിച്ചതും മാരിയയാണ്. മുംബൈ ക്രൈംബ്രാഞ്ച്, മഹാരാഷ്ട്ര ഭീകര വിരുദ്ധ സേന എന്നിവയുടെ മേധാവിത്വവും വഹിച്ചിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.