ആശാറാമിന്‍െറ വിചാരണ ജയിലിലേക്ക് മാറ്റുന്നതിനുള്ള സ്റ്റേ നീട്ടി

ജോധ്പുര്‍: ബലാത്സംഗക്കേസില്‍ വിവാദസന്യാസി ആശാറാം ബാപ്പുവിന്‍െറ വിചാരണ ജയിലിലേക്ക് മാറ്റുന്നതിനുള്ള രാജസ്ഥാന്‍ ഹൈകോടതിയുടെ സ്റ്റേ ഈ മാസം 28വരെ നീട്ടി. കേസിന്‍െറ വിചാരണ സെപ്റ്റംബര്‍ 16 മുതല്‍ സെഷന്‍സ് കോടതിയിലാണ് നടക്കുന്നത്. വിഷയത്തില്‍ കോടതി സര്‍ക്കാര്‍നിലപാട് തേടുകയും ചെയ്തിട്ടുണ്ട്.
കോടതിയിലും പരിസരത്തും തടിച്ചുകൂടി പ്രശ്നങ്ങളുണ്ടാക്കരുതെന്ന് അനുയായികളോട് ആശാറാം പറയണമെന്നും ജസ്റ്റിസ് ഗോവിന്ദ് മാതൂര്‍ തലവനായ ബെഞ്ച് ആവശ്യപ്പെട്ടു. പത്രമാധ്യമങ്ങളില്‍ ഇതുസംബന്ധിച്ച് ആശാറാമിന്‍െറ പ്രസ്താവന പ്രസിദ്ധീകരിക്കാന്‍ കോടതി നിര്‍ദേശിച്ചതായി അഭിഭാഷകന്‍ മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം, കോടതിയുടെ പ്രവേശകവാടത്തില്‍ മെറ്റല്‍ ഡിറ്റക്ടര്‍ ഉള്‍പ്പെടെയുള്ള സുരക്ഷാക്രമീകരണങ്ങളൊരുക്കാന്‍ ജോധ്പുര്‍ പൊലീസ് കമീഷണറോട് ഹൈകോടതി ആവശ്യപ്പെട്ടു.
ആശാറാമിന് ജീവന് ഭീഷണിയുണ്ടെന്നും അനുയായികളുടെ തള്ളിക്കയറ്റമുണ്ടാകുമെന്നും ചൂണ്ടിക്കാട്ടി ഹൈകോടതി ചീഫ് ജസ്റ്റിസ് വിചാരണ ജയിലിലേക്ക് മാറ്റാന്‍ നിര്‍ദേശിച്ചിരുന്നു.
എന്നാല്‍, ചീഫ് ജസ്റ്റിസിന് അത്തരം വിഷയങ്ങളില്‍ ഒറ്റക്ക് തീരുമാനമെടുക്കാന്‍ അധികാരമില്ളെന്ന് ചൂണ്ടിക്കാട്ടിയതിനെ തുടര്‍ന്ന് ജഡ്ജിമാരുടെ ബെഞ്ചിന്‍െറ പരിഗണനക്ക് വിടുകയായിരുന്നു.
അതിനിടെ, കേസിലെ സാക്ഷികള്‍ക്ക് സംരക്ഷണം നല്‍കണമെന്നാവശ്യപ്പെടുന്ന ഹരജികള്‍ വന്നാല്‍ പരിഗണിക്കണമെന്ന് സുപ്രീംകോടതി വിചാരണക്കോടതികള്‍ക്ക് നിര്‍ദേശം നല്‍കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.