ബംഗളൂരു: സെക്കന്ദരാബാദ്- മുംബൈ തുരന്തോ എക്സ്പ്രസ് കര്‍ണാടകയിലെ കലബുറഗിക്ക് (ഗുല്‍ബര്‍ഗ) സമീപം പാളംതെറ്റി രണ്ടു സ്ത്രീകള്‍ മരിച്ചു. എട്ടുപേര്‍ക്ക് പരിക്കേറ്റു. ശനിയാഴ്ച പുലര്‍ച്ചെ 2.15ഓടെയാണ് അപകടം. കലബുറഗിയില്‍നിന്ന് 20 കിലോമീറ്റര്‍ അകലെ മര്‍ത്തൂര്‍ സ്റ്റേഷന് സമീപമായിരുന്നു അപകടം.
മരിച്ചവരും പരിക്കേറ്റവരും ആന്ധ്ര സ്വദേശികളാണ്. ജ്യോതി (46), പുഷ്പലത (26) എന്നിവരാണ് മരിച്ചത്. ഹൈദരാബാദില്‍നിന്ന് മുംബൈയിലേക്ക് പോവുകയായിരുന്നു ഇവര്‍. എന്‍ജിനുശേഷമുള്ള ഏഴ് ബോഗികള്‍ സുരക്ഷിതമായി കടന്നതിനുശേഷമുള്ള ഒമ്പത് ബോഗികളാണ് പാളംതെറ്റിയത്. ഡി-എട്ട് കമ്പാര്‍ട്മെന്‍റിന് ഏറെ കേടുപറ്റി. ഈ ബോഗിയിലുള്ളവരാണ് മരിച്ചവരും പരിക്കേറ്റവരും. അപകടകാരണം വ്യക്തമല്ല.
മനീഷ് റെഡ്ഡി (52), യാഥമ്മ റെഡ്ഡി (55), ശ്രീകാന്ത് കാശിനാഥ് (24), രാമകൃഷ്ണ സുബ്ബെറെ (40), രാജീവ് രാമചന്ദ്ര (30), അബ്ദുല്‍ അഷ്റഫ് (23), ലക്ഷ്മി (50), ഭാസ്കര്‍ (45) എന്നിവര്‍ക്കാണ് പരിക്കേറ്റത്. നേവി ഉദ്യോഗസ്ഥനായ അബ്ദുല്‍ അഷ്റഫിന് ഒരു കാല് അപകടത്തില്‍ നഷ്ടപ്പെട്ടു. പരിക്കേറ്റവരെ കലബുറഗി സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നാട്ടുകാരും റെയില്‍വേ ജീവനക്കാരുമാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
അപകടകാരണം അന്വേഷിക്കാന്‍ കേന്ദ്ര റെയില്‍വേ മന്ത്രി സുരേഷ് പ്രഭു ഉത്തരവിട്ടു. റെയില്‍വേ സുരക്ഷാ വിഭാഗം സെന്‍ട്രല്‍ കമീഷണര്‍ക്കാണ് അന്വേഷണ ചുമതല. മരിച്ചവരുടെ ബന്ധുക്കള്‍ക്ക് രണ്ടു ലക്ഷം വീതവും ഗുരുതര പരിക്കേറ്റവര്‍ക്ക് 50,000ഉം നിസ്സാര പരിക്കേറ്റവര്‍ക്ക് 25,000 രൂപയും നല്‍കുമെന്ന് റെയില്‍വേ അറിയിച്ചു. ആന്ധ്രയില്‍നിന്ന് മുംബൈയിലേക്ക് പോകുന്ന പ്രധാന പാതകളിലൊന്നിലാണ് അപകടം. ഇതോടെ ആന്ധ്ര-മുംബൈ റൂട്ടില്‍ ട്രെയിന്‍ ഗതാഗതം താറുമാറായി.
Saddened by Duranto accident.Ordered enquiry.Immediate medical relief& other assistance rushed.Chair Rail board asked to rush.
— Suresh Prabhu (@sureshpprabhu) September 12, 2015
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.