ഇന്ത്യക്കാരുമായി കാണാതായ ചരക്കുകപ്പല്‍ റാഞ്ചിയതെന്ന് സംശയം

ക്വാലാലംപുര്‍: ഇന്ത്യക്കാരുള്‍പ്പെടെ 14 ജീവനക്കാരുമായി കാണാതായ മലേഷ്യന്‍ ചരക്കുകപ്പല്‍ ദക്ഷിണ ചൈനാകടലിലെ കടല്‍ക്കൊള്ളസാധ്യതാ പ്രദേശത്ത് റാഞ്ചിയതാകാമെന്ന് സംശയം. കപ്പലിനെ കുറിച്ചു ഒരാഴ്ച കഴിഞ്ഞിട്ടും വിവരങ്ങള്‍ ലഭിക്കാത്ത സാഹചര്യത്തില്‍ മലേഷ്യന്‍ മാരിടൈം എന്‍ഫോഴ്സ്മെന്‍റ് ഏജന്‍സി (എം.എം.ഇ.എ) അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കപ്പല്‍ കടല്‍ക്കൊള്ളക്കാര്‍ തട്ടിയെടുത്തിട്ടുണ്ടോ എന്നും സംശയുമുണ്ട്. കടല്‍ക്കൊള്ളക്കാര്‍ ശക്തമായ തെക്കന്‍ ചൈന കടലില്‍വെച്ചാണ് കപ്പല്‍ കാണാതായത്.

ഇന്ത്യയെ കൂടാതെ മലേഷ്യ, ഇന്തോനേഷ്യ, മ്യാന്‍മര്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള രാജ്യങ്ങളിലെ പൗരന്മാരായ ജീവനക്കാരും കപ്പലിലുണ്ട്. ചൈനാ കടലിലെ ബൊര്‍നിയോക്കും മലേഷ്യക്കും ഇടയില്‍ നാതുന ദ്വീപിന് സമീപത്തായിരുന്നു സംഭവം. മിരിയില്‍ നിന്ന് പടിഞ്ഞാറ് 23 നോട്ടിക്കല്‍ മൈല്‍ അകലെവെച്ചാണ് മലേഷ്യയില്‍ രജിസ്റ്റര്‍ ചെയ്ത എം.വി സാഹ് ലിയന്‍ ചരക്ക് കപ്പല്‍ കാണാതായത്. തെക്ക് കിഴക്കന്‍ ഏഷ്യന്‍ മേഖലയില്‍ കടല്‍ക്കൊള്ളക്കാര്‍ക്ക് ശക്തമായ സാന്നിധ്യമാണുള്ളത്.  

സവാരക് തലസ്ഥാനമായ കച്ചിങ്ങില്‍ നിന്ന് ലിംബാങ് പട്ടണത്തിലേക്ക് യാത്ര പുറപ്പെട്ട കപ്പലില്‍ ഇരുമ്പ് ഉത്പന്നങ്ങള്‍, പൈപ്പുകള്‍, ഭക്ഷണ പദാര്‍ഥങ്ങള്‍ തുടങ്ങി വിവിധങ്ങളായ ചരക്കുകളാണ് ഉണ്ടായിരുന്നത്. അതേസമയം, കപ്പലിന്‍െറ ഗിയര്‍ ബോക്സും പ്രൊപല്ലര്‍ ക്രാങ്ക് ഷാഫ്റ്റും തകരാറിലായതായി മലേഷ്യന്‍ മാരിടൈം എന്‍ഫോഴ്സ്മെന്‍റ് ഏജന്‍സിക്ക് വിവരം ലഭിച്ചിട്ടുണ്ട്.

ജൂണില്‍ ദക്ഷിണ ചൈനാ കടലില്‍ ഒരു മലേഷ്യന്‍ ടാങ്കര്‍ കടല്‍ക്കൊള്ളക്കാര്‍ റാഞ്ചിയിരുന്നു. ഒരാഴ്ചക്കുശേഷം പ്രതികളെന്ന് സംശയിക്കുന്ന ഇന്തോനേഷ്യക്കാരായ എട്ട് കടല്‍ക്കൊള്ളക്കാരെ വിയറ്റ്നാമിലെ ദ്വീപില്‍വെച്ച് അറസ്റ്റ് ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.