ഉപരാഷ്ട്രപതിയുടെ പ്രസംഗത്തിന്‍െറ പകര്‍പ്പ് ആവശ്യപ്പെട്ട് കേന്ദ്രം

സംഘ്പരിവാര്‍ നേതാക്കളെ പ്രധാനമന്ത്രി നിലക്കുനിര്‍ത്തണമെന്ന് ആപ്
 ന്യൂഡല്‍ഹി: മുസ്ലിം മജ്ലിസെ മുശാവറയുടെ സുവര്‍ണ ജൂബിലി ഉദ്ഘാടനം ചെയ്ത് ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരി നടത്തിയ പ്രസംഗത്തെ ചൊല്ലിയുള്ള വിവാദം മുറുകുന്നു. ഉപരാഷ്ട്രപതിക്കെതിരെ വി.എച്ച്.പിയും ബി.ജെ.പിയും രംഗത്തുവന്നതിന് പിന്നാലെ കേന്ദ്ര ന്യൂനപക്ഷ വകുപ്പ് പ്രസംഗത്തിന്‍െറ പകര്‍പ്പ് ആവശ്യപ്പെട്ട് ഉപരാഷ്ട്രപതിയുടെ ഓഫിസിനെ സമീപിച്ചു.
ഭരണഘടനാപരമായി രണ്ടാമത്തെ ഉയര്‍ന്ന പദവിയാണ് ഉപരാഷ്ട്രപതി. ഉപരാഷ്ട്രപതിയുടെ ഓഫിസില്‍നിന്ന് രേഖകള്‍ ആവശ്യപ്പെടാന്‍ മന്ത്രാലയത്തിന് അധികാരമില്ല. പ്രസംഗത്തിന്‍െറ പകര്‍പ്പ് ആവശ്യപ്പെടുകയല്ല, അപേക്ഷിക്കുക മാത്രമാണ് ചെയ്തതെന്ന് ന്യൂനപക്ഷ മന്ത്രാലയം വിശദീകരിച്ചു. ഉപരാഷ്ട്രപതി പറഞ്ഞത് ന്യൂനപക്ഷ മന്ത്രാലയവുമായി ബന്ധപ്പെട്ട കാര്യമായതിനാലാണ് പ്രസംഗത്തിന്‍െറ പകര്‍പ്പ് ആവശ്യപ്പെട്ടതെന്നും അവര്‍ പറയുന്നു. മുസ്ലിം സമുദായം നേരിടുന്ന ദാരിദ്ര്യം, വിവേചനം, അരക്ഷിതാവസ്ഥ എന്നിവ പരിഹരിക്കാന്‍ ഭരണകൂടം സ്വമേധയാ  നടപടിയെടുക്കണമെന്നാണ് ഉപരാഷ്ട്രപതി പ്രസംഗിച്ചത്. സച്ചാര്‍ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് തുടക്കമിട്ട പദ്ധതികള്‍ തുടങ്ങിയേടത്തുതന്നെ നില്‍ക്കുന്നത്, സമുദായം നേരിടുന്ന സുരക്ഷാപ്രശ്നങ്ങള്‍, വിദ്യാഭ്യാസം, സര്‍ക്കാര്‍ പദ്ധതികള്‍ എന്നിവയില്‍ അര്‍ഹിക്കുന്ന വിഹിതം കിട്ടാതെ പോകുന്നത്, തീരുമാനങ്ങളെടുക്കുന്ന സമിതികളില്‍ സമുദായത്തിന് പ്രാതിനിധ്യമില്ലാത്തത് എന്നിവയെല്ലാം എണ്ണിപ്പറഞ്ഞ അന്‍സാരിയുടെ പ്രസംഗം മുസ്ലിം സമുദായത്തിന്‍െറ ആശങ്കകള്‍ പ്രതിഫലിക്കുന്നതാണ്. ഇതാണ് സംഘ്പരിവാറിനെ പ്രകോപിപ്പിച്ചത്.
ഹാമിദ് അന്‍സാരി പറഞ്ഞത് രാഷ്ട്രീയവും വര്‍ഗീയതയുമാണെന്നും പ്രസ്താവന പിന്‍വലിച്ച് മാപ്പുപറയണമെന്നും അവര്‍ ആവശ്യപ്പെട്ടു. ഉപരാഷ്ട്രപതിയെ പിന്തുണച്ച് കോണ്‍ഗ്രസ്, ജെ.ഡി.യു തുടങ്ങിയ പാര്‍ട്ടികള്‍  രംഗത്തുവന്നിരുന്നു. സംഘ്പരിവാറിനെതിരായ പ്രതികരണവുമായി കൂടുതല്‍ പാര്‍ട്ടികള്‍ രംഗത്തുവന്നിട്ടുണ്ട്. അന്‍സാരിയുടെ പ്രസ്താവനയില്‍ തെറ്റായി ഒന്നുമില്ളെന്ന് ആം ആദ്മി പാര്‍ട്ടി നേതാവ് അശുതോഷ് ചൂണ്ടിക്കാട്ടി. യോഗദിനാചരണത്തിന്‍െറ പേരിലും റിപ്പബ്ളിക്ദിന ചടങ്ങിന്‍െറ പേരിലും അന്‍സാരിക്കെതിരെ തെറ്റായ ആക്ഷേപം ഉന്നയിച്ച് സംഘ്പരിവാര്‍ തികഞ്ഞ വര്‍ഗീയതയാണ് കളിക്കുന്നത്. ഭരണഘടനാപദവിയിലിരിക്കുന്നയാളെ ആക്ഷേപിക്കുന്ന സ്വന്തം ആളുകളെ നിലക്കുനിര്‍ത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തയാറാകണമെന്നും അശുതോഷ് പറഞ്ഞു.
 ഉപരാഷ്ട്രപതിക്കെതിരായ ആക്ഷേപം സംഘ്പരിവാറിന്‍െറ വര്‍ഗീയമനസ്സാണ് കാണിക്കുന്നതെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി പ്രസിഡന്‍റ് എസ്.ക്യു.ആര്‍. ഇല്യാസ് പറഞ്ഞു. ഒരു മുസ്ലിം സംഘടനയുടെ പരിപാടിയില്‍ സംസാരിക്കവെ, മുസ്ലിം വിഭാഗത്തിന് സര്‍ക്കാര്‍ പദ്ധതികളുടെ ആനുകൂല്യം ലഭ്യമാക്കണമെന്ന് പറയുന്നത് സ്വാഭാവികമാണ്. അതില്‍ ഭരണഘടനക്കും പദവിക്കും നിരക്കാത്തതായി എന്താണുള്ളതെന്നും ഇല്യാസ് ചോദിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.