മണിപ്പൂരില്‍ മന്ത്രിയുടെയും അഞ്ച് എം.എല്‍.എമാരുടെയും വീടിന് തീയിട്ടു

ഇംഫാല്‍: മണിപ്പൂരില്‍ മന്ത്രിയുടെയും അഞ്ച് എം.എല്‍.എമാരുടെയും വീടിന് തീയിട്ടു. ചുരാചന്ദ്പുര്‍ ജില്ലയില്‍ തിങ്കളാഴ്ച വൈകീട്ടാണ് സംഭവം. ആരോഗ്യമന്ത്രി ഫുങ്സാഫാങ് ടോണ്‍സിങ്ങിന്‍െറയും ഹെങ്ലേപ് മണ്ഡലത്തെ പ്രതിനിധാനംചെയ്യുന്ന മാന്‍ഗ വായിഫേയിയുടെ ഉള്‍പ്പെടെ എം.എല്‍.എമാരുടെയും വീടുകളാണ് പ്രതിഷേധക്കാര്‍ അഗ്നിക്കിരയാക്കിയത്.

പുറത്തുനിന്നുള്ളവര്‍ക്ക് നിയന്ത്രണങ്ങളേര്‍പ്പെടുത്തുന്ന മൂന്ന് ബില്ലുകള്‍ മണിപ്പൂര്‍ നിയമസഭ പാസാക്കിയിരുന്നു. ഇതിനെതിരെ മൂന്ന് ആദിവാസി വിദ്യാര്‍ഥി സംഘടനകള്‍ തിങ്കളാഴ്ച ആഹ്വാനംചെയ്ത 12 മണിക്കൂര്‍ ബന്ദാണ് വൈകീട്ട് ആറോടെ അക്രമത്തിലേക്ക് തിരിഞ്ഞത്. എം.എല്‍.എമാര്‍ നിയമസഭയില്‍ ബില്ലിനെ എതിര്‍ക്കാതിരുന്നതാണ് ഇവര്‍ക്കെതിരെ പ്രതിഷേധമുയരാന്‍ കാരണം. മന്ത്രിയും എം.എല്‍.എമാരും സുരക്ഷിതരാണെന്ന് പൊലീസ് അറിയിച്ചു. ചുരചന്ദ്പുര്‍ ഡെപ്യൂട്ടി കമീഷണറുടെ ഉള്‍പ്പെടെ വാഹനങ്ങള്‍ക്കും തീയിട്ടതായി റിപ്പോര്‍ട്ടുണ്ട്.

മേഖലയില്‍ അനിശ്ചിതകാലത്തേക്ക് കര്‍ഫ്യൂ പ്രഖ്യാപിച്ചു. തദ്ദേശീയരാണോ എന്ന് നിര്‍വചിക്കുന്നതിന് 1951 അടിസ്ഥാന വര്‍ഷമായി പ്രഖ്യാപിച്ചതാണ് ബില്ലുകളിലെ വിവാദ വ്യവസ്ഥകളിലൊന്ന്. ഇതനുസരിച്ച് 1951നുമുമ്പ് മണിപ്പൂരില്‍ താമസമാക്കിയവര്‍ക്ക് ഭൂമിയില്‍ അവകാശം നല്‍കും. അതിനുശേഷം കുടിയേറിയവര്‍ അവകാശം ഉപേക്ഷിക്കേണ്ടിവരും. കഴിഞ്ഞ മൂന്നു വര്‍ഷമായി ഈ വിഷയത്തില്‍ മണിപ്പൂരില്‍ സമരങ്ങള്‍ നടക്കുന്നുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.