ഭൂമി ഓര്‍ഡിനന്‍സ് അസാധു

ന്യൂഡല്‍ഹി: മൂന്നുവട്ടം പുതുക്കിയ ഭൂമി ഏറ്റെടുക്കല്‍ നിയമഭേദഗതി ഓര്‍ഡിനന്‍സ് ഒടുവില്‍ അസാധുവായി. വിവാദ ഓര്‍ഡിനന്‍സിന്‍െറ കാലാവധി തിങ്കളാഴ്ച അവസാനിച്ചു. ഇതോടെ 2013ല്‍ പാസാക്കിയ ഭൂമി ഏറ്റെടുക്കല്‍ പുനരധിവാസ-നഷ്ടപരിഹാര നിയമവ്യവസ്ഥകള്‍ക്കാണ് ഇനി പ്രാബല്യം. ഈ നിയമത്തിന് അനുസൃതമായി റെയില്‍വേ, ഹൈവേ തുടങ്ങിയവക്കായി മറ്റു 13 കേന്ദ്രനിയമപ്രകാരം ഭൂമി ഏറ്റെടുക്കുമ്പോഴും 2013ലെ നിയമത്തിന്‍െറ വ്യവസ്ഥകള്‍ക്ക് അനുസൃതമായി നഷ്ടപരിഹാരം ലഭിക്കും. പ്രതിപക്ഷത്തിന്‍െറയും ഭരണപക്ഷത്തുള്ളവരുടെയും ശക്തമായ എതിര്‍പ്പ് നേരിടേണ്ടിവന്നതിനൊടുവില്‍, ഓര്‍ഡിനന്‍സ് വീണ്ടും പുതുക്കേണ്ടതില്ളെന്ന് മോദിസര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു.

‘കര്‍ഷകതാല്‍പര്യം മുന്‍നിര്‍ത്തി’ ഓര്‍ഡിനന്‍സ് കാലഹരണപ്പെടട്ടെ എന്ന് തീരുമാനിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം റേഡിയോയിലൂടെ നടത്തിയ ‘മന്‍ കീ ബാത്’ പരിപാടിയില്‍ ഒൗപചാരികമായി പ്രഖ്യാപിച്ചു. ഭൂമി ഓര്‍ഡിനന്‍സിന് അനുസൃതമായ നിയമം കൊണ്ടുവരുന്നതിന് തയാറാക്കിയ ബില്‍ പാര്‍ലമെന്‍റ് സംയുക്ത സമിതിയുടെ പരിഗണനയിലാണ്. ഭൂമി ഏറ്റെടുക്കാന്‍ സാമൂഹികാഘാതപഠനം വേണ്ട, വ്യവസായ ഇടനാഴിയുടെ ഇരുപുറത്തും ഒരു കിലോമീറ്റര്‍ വീതിയില്‍ ഭൂമി ഏറ്റെടുക്കാം തുടങ്ങിയ വിവാദ വ്യവസ്ഥകള്‍ ഉപേക്ഷിക്കുന്നതിന് സമിതിയില്‍ തീരുമാനമായിരുന്നു. ഭേദഗതി നിര്‍ദേശങ്ങള്‍ സംയുക്ത സമിതി ശീതകാല പാര്‍ലമെന്‍റ് സമ്മേളനത്തില്‍ വെക്കും.

അതിന് അനുസൃതമായി ഓര്‍ഡിനന്‍സ് അസാധുവായ പശ്ചാത്തലത്തില്‍, ഭൂമി ഏറ്റെടുക്കല്‍ വിഷയത്തില്‍ സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ സ്വാതന്ത്ര്യം നല്‍കുന്ന ഭേദഗതി നിര്‍ദേശങ്ങള്‍ മാത്രം സര്‍ക്കാര്‍ കൊണ്ടുവരാനാണ് സാധ്യത. വ്യവസായികളെ പ്രീണിപ്പിക്കാന്‍ കര്‍ഷകദ്രോഹ ഓര്‍ഡിനന്‍സ് കൊണ്ടുവന്ന ഭരണപിഴവിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബി.ജെ.പിയും മാപ്പുപറയണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ഭൂമി ഓര്‍ഡിനന്‍സ് പാസാക്കാന്‍ സര്‍വതും പയറ്റുകയും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്തശേഷമാണ് പിന്മാറ്റമെന്ന് പാര്‍ട്ടി വക്താവ് ആനന്ദ് ശര്‍മ ചൂണ്ടിക്കാട്ടി.

ജനങ്ങളുടെ ഇച്ഛാശക്തിക്കു മുന്നില്‍ സര്‍ക്കാറിന് തലകുനിക്കേണ്ടിവന്നു. കഴിഞ്ഞ ഡിസംബര്‍ മുതല്‍ മൂന്നു വട്ടം ഓര്‍ഡിനന്‍സുമായി മുന്നോട്ടുപോയ നിര്‍ബന്ധബുദ്ധിയെക്കുറിച്ച് സര്‍ക്കാര്‍ വിശദീകരിക്കണമെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ആവശ്യപ്പെട്ടു.
ഓര്‍ഡിനന്‍സിനെ കാലഹരണപ്പെടാന്‍ വിട്ടത് സര്‍ക്കാറിനേറ്റ തിരിച്ചടിയല്ളെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി വിശദീകരിച്ചു. സര്‍ക്കാര്‍ മുന്നോട്ടുവെക്കുന്ന ബദല്‍മാര്‍ഗം, ഭൂമിയേറ്റെടുക്കല്‍ വിഷയം കൈകാര്യം ചെയ്യാന്‍ സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ സ്വാതന്ത്ര്യം നല്‍കുന്നുണ്ടെന്ന് അദ്ദേഹം അവകാശപ്പെട്ടു. രാഷ്ട്രീയക്കുരുക്കില്‍പെട്ടുകിടക്കാതിരിക്കാനുള്ള വഴിയാണിത്. നിയമംകൊണ്ട് പ്രയോജനമുണ്ടാക്കേണ്ട സംസ്ഥാനങ്ങള്‍ക്ക് അങ്ങനെ ചെയ്യുകയുമാകാം -ജെയ്റ്റ്ലി പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.