ന്യൂഡല്‍ഹി: മുസ്ലിം സ്ത്രീകള്‍ അനുഭവിക്കുന്ന ലിംഗവിവേചനത്തിനെതിരെ സ്വമേധയാ പൊതുതാല്‍പര്യ ഹരജി രജിസ്റ്റര്‍ ചെയ്യാന്‍ സുപ്രീംകോടതി ഉത്തരവ്. നിര്‍ബന്ധിത വിവാഹമോചനം, ഒരു ഭാര്യ നിലവിലിരിക്കെ ഭര്‍ത്താവിന്‍െറ രണ്ടാം വിവാഹം എന്നിവയില്‍ മുസ്ലിം സ്ത്രീകള്‍ അനുഭവിക്കുന്ന വിവേചനം പരിശോധിക്കാന്‍ പ്രത്യേക ബെഞ്ച് രൂപവത്കരിക്കണമെന്നും ജസ്റ്റിസുമാരായ അനില്‍ ആര്‍ ദവെ, ആദര്‍ശ് കുമാര്‍ ഗോയല്‍ എന്നിവരടങ്ങുന്ന ബെഞ്ച് വിധിച്ചു. ഹിന്ദു പിന്തുടര്‍ച്ചാവകാശവുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ വിധിപറയുന്നതിനിടയിലാണ് കേസുമായി ബന്ധമില്ലാതിരുന്നിട്ടും മുസ്ലിം സ്ത്രീകളുടെ വിഷയം സുപ്രീംകോടതി സ്വമേധയാ ഏറ്റെടുത്തത്.
വിവാദമായേക്കാവുന്ന ഉത്തരവില്‍, ഇത്തരത്തില്‍ മുസ്ലിം സ്ത്രീകള്‍ അനുഭവിക്കുന്ന ലിംഗവിവേചനം ഭരണഘടനയുടെ 14,15, 21 അനുച്ഛേദങ്ങള്‍ ഉറപ്പുവരുത്തുന്ന മൗലികാവകാശങ്ങളുടെ ലംഘനമായി പരിഗണിക്കണോ എന്ന് സുപ്രീംകോടതി കേന്ദ്ര സര്‍ക്കാറിനോട് അഭിപ്രായം തേടി.
ഇക്കാര്യത്തില്‍ അടുത്ത മാസം 23നകം കേന്ദ്ര സര്‍ക്കാറിനുവേണ്ടി മറുപടി നല്‍കണമെന്ന് കേന്ദ്ര സര്‍ക്കാറിന്‍െറ അറ്റോണി ജനറല്‍ മുകുള്‍ റോത്തഗിയോടും ദേശീയ നിയമ സേവന അതോറിറ്റിയോടും ബെഞ്ച് നിര്‍ദേശിച്ചു. അന്തര്‍ദേശീയ കണ്‍വെന്‍ഷനുകള്‍ പ്രകാരമുള്ള അവകാശങ്ങളുടെ ലംഘനം മുസ്ലിം സ്ത്രീകളുടെ കാര്യത്തിലുണ്ടോയെന്ന് മറുപടിയില്‍ വ്യക്തമാക്കണമെന്നും ബെഞ്ച് ആവശ്യപ്പെട്ടു. ഏക സിവില്‍ കോഡ് നടപ്പാക്കുന്ന കാര്യത്തില്‍ കേന്ദ്ര സര്‍ക്കാറിനോട് അഭിപ്രായം തേടിയതിന്‍െറ പിറകെ പുറപ്പെടുവിച്ച ഈ ഉത്തരവില്‍ 1990 മുതല്‍ക്കുള്ള പതിനാറോളം സുപ്രീംകോടതി വിധികള്‍ തങ്ങളുടെ ഉത്തരവിന് അനുകൂലമായി ജഡ്ജിമാര്‍ ഉദ്ധരിച്ചു.
ഹിന്ദു പിന്തുടര്‍ച്ചാവകാശക്കേസിന്‍െറ വാദത്തിനിടയില്‍ മുസ്ലിം സ്ത്രീകള്‍ അനുഭവിക്കുന്ന വിവേചനം പല അഭിഭാഷകരും ചൂണ്ടിക്കാണിച്ചതിനാലാണ് ഈ വിഷയം പരിഗണിക്കുന്നതെന്ന് ജസ്റ്റിസ് ഗോയല്‍ വിധിപ്രസ്താവത്തില്‍ കുറിച്ചു. ഭരണഘടന അവകാശം ഉറപ്പുവരുത്തിയിട്ടും മുസ്ലിം സ്ത്രീകള്‍ വിവേചനത്തിനിരയാകുന്നുവെന്നാണ് അഭിഭാഷകര്‍ ചൂണ്ടിക്കാണിച്ചത്. ആദ്യ വിവാഹം നിലനില്‍ക്കെ ഭര്‍ത്താവ് രണ്ടാം വിവാഹം ചെയ്യുന്നതില്‍നിന്ന് മുസ്ലിം സ്ത്രീകള്‍ക്ക് പരിരക്ഷയില്ല. ഇതവളുടെ അന്തസ്സിനെയും സുരക്ഷിതത്വത്തെയുമാണ് ബാധിക്കുന്നത്. ഭരണഘടനയുടെ 21ാം അനുച്ഛേദം അന്തസ്സോടെയുള്ള ജീവിതം ഉറപ്പുവരുത്തുന്നുണ്ട്.
മുസ്ലിം സ്ത്രീകളുടെ മൗലികാവകാശത്തെ പിന്തുണക്കുന്നതാണ് ഈ അനുച്ഛേദം. പൊതുധാര്‍മികതക്ക് ഹാനികരമായ ബഹുഭാര്യത്വത്തെ ഭരണകൂടം ‘സതി’ പോലെ മറികടക്കണമെന്ന 2003ലെ സുപ്രീംകോടതി വിധിയും ജസ്റ്റിസ് ഗോയല്‍ ഉദ്ധരിച്ചു. മുസ്ലിംകള്‍ക്കും ഏകസിവില്‍ കോഡ് നടപ്പാക്കണമെന്ന് കേന്ദ്ര സര്‍ക്കാറിനോട് അഭിപ്രായപ്പെട്ട പ്രമാദമായ ശാബാനുകേസിലെ വിധി വന്ന് 30 വര്‍ഷത്തിനുശേഷമാണ് മുസ്ലിം വ്യക്തിനിയമത്തില്‍ നേര്‍ക്കുനേരെയുള്ള സുപ്രീംകോടതി ഇടപെടല്‍. വിപരീത ആദര്‍ശങ്ങളുള്ള ഒരു രാജ്യത്ത് അഖണ്ഡത കൊണ്ടുവരാന്‍ ഏകസിവില്‍കോഡ് സഹായിക്കുമെന്നായിരുന്നു ശബാനുകേസില്‍ സുപ്രീംകോടതി പറഞ്ഞത്.
എല്ലാ ഹിന്ദു പെണ്‍മക്കള്‍ക്കും തുല്യ അനന്തരാവകാശം
2005ലെ ഹിന്ദു പിന്തുടര്‍ച്ചാവകശ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് വിവിധ ഹൈകോടതികളിലുണ്ടായിരുന്ന ഹരജികള്‍ തീര്‍പ്പാക്കിയ സുപ്രീംകോടതി ജീവിച്ചിരിപ്പുള്ള എല്ലാ പെണ്‍മക്കള്‍ക്കും അനന്തരാവകാശത്തില്‍ തുല്യ വിഹിതം നല്‍കണമെന്ന് ഈ മാസം16ന് പുറപ്പെടുവിച്ച വിധിയില്‍ നിര്‍ദേശിച്ചു. ഹിന്ദു പെണ്‍കുട്ടികള്‍ക്ക് അനന്തരാവകാശം നിഷേധിക്കുന്ന 1956ലെ ഹിന്ദു അനന്തരാവകാശ നിയമത്തില്‍ 2005 സെപ്റ്റംബര്‍ ഒമ്പതിന് ഭേദഗതി കൊണ്ടുവന്നത് പെണ്‍മക്കള്‍ക്ക് തുല്യാവകാശം നല്‍കുന്നതിനാണെന്ന് സുപ്രീംകോടതി ഓര്‍മിപ്പിച്ചു.
നിയമഭേദഗതി 2005 ലാണെങ്കിലും അതിന് മുമ്പും ശേഷവും ജനിച്ചവര്‍ക്കും ഇപ്പോള്‍ ജീവിച്ചിരിക്കുന്നവരുമായ എല്ലാ പെണ്‍മക്കള്‍ക്കും തുല്യ അവകാശത്തിന് അര്‍ഹതയുണ്ടെന്നും സുപ്രീംകോടതി കൂട്ടിച്ചേര്‍ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.