ഉത്തരേന്ത്യയില്‍ ശക്തിയേറിയ ഭൂചലനം; പാകിസ്താനില്‍ 130 മരണം

ന്യൂഡല്‍ഹി: രാജ്യ തലസ്ഥാനമായ ഡല്‍ഹിയിലടക്കം ഉത്തരേന്ത്യയിലും അയല്‍രാജ്യങ്ങളായ പാകിസ്താനിലും അഫ്ഗാനിസ്താനിലും ശക്തിയേറിയ ഭൂചലനം. ശ്രീനഗറില്‍ ബങ്കര്‍ തകര്‍ന്ന് രണ്ട് സൈനികര്‍ക്ക് പരിക്കേറ്റു. ശ്രീനഗറില്‍ നിന്ന് 55 കിലോമീറ്റര്‍ അകലെ വടക്കന്‍ കശ്മീരിലെ ബാരമുല്ലയിലാണ് സംഭവം. ഇന്ത്യയില്‍ റിക്ടര്‍ സ്കെയിലില്‍ 7.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉച്ചകഴിഞ്ഞ് 2.43നാണ് അനുഭവപ്പെട്ടത്. അഫ്ഗാനിസ്താനിലെ ഹിന്ദുകുഷില്‍ ഭൂമിക്കടിയില്‍ 241 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂചലനത്തിന്‍െറ പ്രഭവ കേന്ദ്രം. ഇന്ത്യയില്‍ ആളപായമോ നാശനഷ്ടമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കേരളത്തിലെ കൊച്ചിയിലും പ്രകമ്പനം അനുഭവപ്പെട്ടിട്ടുണ്ട്.


അതേസമയം, പാകിസ്താനില്‍ റിക്ടര്‍ സ്കെയിലില്‍ 7.7 തീവ്രതയിലുള്ള ഭൂചലനത്തില്‍ 130 പേര്‍ മരിച്ചു. 300 പേര്‍ക്ക് പരിക്കേറ്റു. പെഷാവറില്‍ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നിട്ടുണ്ട്. പെഷവാര്‍ കൂടാതെ റാവല്‍പിണ്ടി, ഇസ് ലാമാബാദ്, ഖസൂര്‍ എന്നിവിടങ്ങളിലും ചലനം അനുഭവപ്പെട്ടു. ഭൂചലനത്തിന്‍െറ തീവ്രത 8.1 വരെ ഉയര്‍ന്നതായി പാക് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ഭൂചലനത്തില്‍ അഫ്ഗാനിസ്താനിലെ കാബൂളില്‍ വൈദ്യുതി ബന്ധം തടസപ്പെട്ടു.

ഡല്‍ഹി കൂടാതെ ജമ്മു കശ്മീര്‍, പഞ്ചാബ്, ഹരിയാന, ഉത്തരഖണ്ഡ്, ഹിമാചല്‍ പ്രദേശ്, ഛത്തീസ്ഗഡ്, ജയ് പൂര്‍, ഭോപ്പാല്‍ എന്നിവിടങ്ങളിലും ചലനം അനുഭവപ്പെട്ടു. ഭൂചലനത്തിന്‍െറ പശ്ചാത്തലത്തില്‍ ഡല്‍ഹി മെട്രോ സര്‍വീസ് താത്കാലികമായി നിര്‍ത്തിവെച്ചു. ശ്രീനഗറില്‍ വൈദ്യുതി, ടെലിഫോണ്‍ ബന്ധങ്ങള്‍ തകരാറിലായിട്ടുണ്ട്.

പരിഭാന്ത്രരായ ജനങ്ങള്‍ വീടുകളിലും കച്ചവട സ്ഥാപനങ്ങളില്‍ നിന്നും തിരത്തിലേക്ക് ഇറങ്ങിയോടി. കെട്ടിടങ്ങളില്‍ കഴിയുന്നവരെ ഒഴിപ്പിച്ചു വരികയാണ്. ഡല്‍ഹിയിലെ ഭൂചലനം ഒരു മിനിറ്റോളം നീണ്ടുനിന്നു. രാജ്യത്ത് ആശങ്കപ്പെടാനുള്ള സാഹചര്യമില്ളെന്ന് ഭൗമപഠന കേന്ദ്രം അറിയിച്ചു. പ്രതികൂല സാഹചര്യം നേരിടാന്‍ വ്യോമസേനയെ തയാറാക്കിയതായി കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.  

ഭൂചലനത്തിന്‍െറ സാഹചര്യത്തില്‍ പാകിസ്താനും അഫ്ഗാനിസ്താനിലും വേണ്ട സഹായം ചെയ്യാന്‍ തയാറാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററില്‍ കുറിച്ചു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.