ന്യൂഡല്‍ഹി: യുദ്ധവിമാനം പറത്താന്‍ വനിതാ പൈലറ്റുമാരെ നിയമിക്കാനുള്ള വ്യോമസേനയുടെ നിര്‍ദേശത്തിന് കേന്ദ്ര സര്‍ക്കാറിന്‍െറ അനുമതി. പ്രതിരോധ മന്ത്രാലയം വക്താവ് സിതാന്‍ഷു ഖര്‍ ട്വിറ്റിലൂടെയാണ് ഇക്കാര്യമറിയിച്ചത്. വ്യോമസേന അക്കാദമിയിലെ നിലവിലെ ബാച്ചില്‍ നിന്നാണ് ആദ്യ വനിതാ പൈലറ്റിനെ തെരഞ്ഞെടുക്കുക. യുദ്ധരംഗത്ത് വനിതകള്‍ക്ക് തുല്യ അവസരം ലഭ്യമാക്കുന്നതിന്‍െറ ഭാഗമായാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനം.
2016 ജൂണിലാണ് വനിതാ പൈലറ്റുമാരുടെ ആദ്യ ബാച്ച് പുറത്തിറങ്ങുക. ഒരു വര്‍ഷത്തെ വിദഗ്ധ പരിശീലനം പൂര്‍ത്തിയാക്കിയ ശേഷം 2017 ജൂണിലാവും ആദ്യ വനിതാ പൈലറ്റ് യുദ്ധ വിമാനം പറത്തുക. നിലവില്‍ സിഗ്നല്‍, എന്‍ജിനീയറിങ്, ആര്‍മി ഏവിയേഷന്‍, ആര്‍മി എയര്‍ ഡിഫന്‍സ് അടക്കമുള്ള മേഖലകളില്‍ വനിതകള്‍ സേവനം ചെയ്യുന്നുണ്ട്.
വ്യോമസേനയുടെ 83ാം വാര്‍ഷിക ആഘോഷവേളയില്‍ എയര്‍ ചീഫ് മാര്‍ഷല്‍ അരൂപ് റാഹയാണ് യുദ്ധ വിമാനങ്ങള്‍ പറത്തുവാന്‍ വനിതാ പൈലറ്റുമാരെ നിയമിക്കാനുള്ള തീരുമാനം പുറത്തുവിട്ടത്. നിലവില്‍ വനിതാ പൈലറ്റുമാര്‍ യാത്രാ വിമാനങ്ങളും ഹെലികോപ്ടറുകളും പറത്താറുണ്ട്. യുദ്ധ വിമാനങ്ങള്‍ നിയന്ത്രിക്കാനുള്ള രാജ്യത്തെ വനിതകളുടെ അഭിലാഷം യാഥാര്‍ഥ്യമാകുമെന്നും അരൂപ് റാഹ വ്യക്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.