ന്യായാധിപ നിയമനം വിവിധ രാജ്യങ്ങളില്‍ പലവിധം

ന്യൂഡല്‍ഹി: മേല്‍കോടതികളിലേക്ക് ന്യായാധിപന്മാരെ നിയമിക്കുന്നതിന് വിവിധ രാജ്യങ്ങളില്‍ നിലവിലുള്ള രീതികള്‍ വ്യത്യസ്തമാണ്.

ബ്രിട്ടന്‍: അഞ്ചംഗ സെലക്ഷന്‍ കമീഷനാണ് സുപ്രീംകോടതി ജഡ്ജിമാരെ നിയമിക്കുന്നത്. സുപ്രീംകോടതി അധ്യക്ഷനും ഉപാധ്യക്ഷനും പുറമെ ഇംഗ്ളണ്ട്, സ്കോട്ട്ലന്‍ഡ്, വടക്കന്‍ അയര്‍ലന്‍ഡ് എന്നിവിടങ്ങളിലെ നിയമന കമീഷനുകള്‍ നിയോഗിക്കുന്ന ഓരോ അംഗങ്ങള്‍ എന്നിവരാണ് ഉള്ളത്.

കാനഡ: കൗണ്‍സില്‍ ഗവര്‍ണറാണ് നിയമനം നടത്തുന്നത്. നോമിനികളുടെ പട്ടിക ഭരണ-പ്രതിപക്ഷ നിരയിലെ അഞ്ച് എം.പിമാരുടെ സെലക്ഷന്‍ പാനല്‍ പരിശോധിക്കുന്നു. അതില്‍നിന്ന് മൂന്നു പേരുകള്‍ പ്രധാനമന്ത്രിക്ക് സമര്‍പ്പിക്കുന്നു.

യു.എസ്.എ: പ്രസിഡന്‍റാണ് നിയമനാധികാരി. സുപ്രീംകേ ാടതി ജഡ്ജിമാരെ പ്രസിഡന്‍റ് നാമനിര്‍ദേശം ചെയ്യുന്നു. അത് സെനറ്റ് സ്ഥിരീകരിക്കുന്നു.

ജര്‍മനി: തെരഞ്ഞെടുപ്പിലൂടെയാണ് നിയമനം. ഫെഡറല്‍ ഭരണഘടനാ കോടതിയിലെ പകുതി അംഗങ്ങളെ എക്സിക്യൂട്ടിവും ബാക്കി പകുതി പേരെ നിയമനിര്‍മാണ സഭയും തെരഞ്ഞെടുക്കുന്നു.

ഫ്രാന്‍സ്: പ്രസിഡന്‍റ് നിയമിക്കുന്നു. മജിസ്ട്രേറ്റ് കൗണ്‍സില്‍ സുപ്പീരിയറില്‍നിന്നുള്ള നിയമന നിര്‍ദേശം പ്രസിഡന്‍റ് സ്വീകരിക്കുന്നു.
കൊളീജിയം സമ്പ്രദായം മാറ്റി സ്വതന്ത്രമായൊരു ന്യായാധിപ നിയമന കമീഷന്‍ വേണമെന്നാണ് പതിറ്റാണ്ടുകളായി നിരവധി ഉന്നതതല കമീഷനുകള്‍ ആവശ്യപ്പെടുന്നത്. അതില്‍ കോടതി, നിയമനിര്‍മാണ സഭ, സര്‍ക്കാര്‍ എന്നിവയില്‍നിന്നുള്ള പ്രാതിനിധ്യത്തിന്‍െറ കാര്യത്തിലാണ് തര്‍ക്കം.
1987ലെ നിയമകമീഷന്‍ നിര്‍ദേശിച്ച ഘടന: നീതിപീഠത്തെ പ്രതിനിധാനംചെയ്ത് സുപ്രീംകോടതി ചീഫ് ജസ്റ്റിസ്, മൂന്ന് മുതിര്‍ന്ന സുപ്രീംകോടതി ജഡ്ജിമാര്‍, തൊട്ടുമുമ്പത്തെ ചീഫ് ജസ്റ്റിസ്, സര്‍ക്കാറിനെ പ്രതിനിധാനംചെയ്ത് നിയമമന്ത്രി, അറ്റോണി ജനറല്‍, ഒരു നിയമ പണ്ഡിതന്‍.
2005ല്‍ ദേശീയ ഉപദേശക സമിതി നിര്‍ദേശിച്ചത് ഇങ്ങനെ: നീതിപീഠത്തില്‍നിന്ന് ചീഫ് ജസ്റ്റിസ്, സര്‍ക്കാറിനെ പ്രതിനിധാനംചെയ്ത് ഉപരാഷ്ട്രപതി, പ്രധാനമന്ത്രി, നിയമമന്ത്രി, പാര്‍ലമെന്‍റിനെ പ്രതിനിധാനംചെയ്ത് ലോക്സഭാ സ്പീക്കര്‍, ഇരുസഭകളുടെയും പ്രതിപക്ഷ നേതാക്കള്‍.
2007ലെ രണ്ടാം ഭരണ പരിഷ്കരണ കമീഷന്‍ ശിപാര്‍ശ: കോടതിക്കു വേണ്ടി ചീഫ് ജസ്റ്റിസ്, സര്‍ക്കാറിനു വേണ്ടി ഉപരാഷ്ട്രപതി, പ്രധാനമന്ത്രി, നിയമമന്ത്രി, പാര്‍ലമെന്‍റിനു വേണ്ടി ലോക്സഭാ സ്പീക്കര്‍, ഇരുസഭകളുടെയും പ്രതിപക്ഷ നേതാക്കള്‍.
സുപ്രീംകോടതി വിധി സ്വതന്ത്രവും നിഷ്പക്ഷവുമായൊരു ദേശീയ ന്യായാധിപ നിയമന കമീഷന്‍ പ്രാബല്യത്തില്‍ കൊണ്ടുവരുന്ന പുതിയൊരു നിയമനിര്‍മാണത്തിന് പാര്‍ലമെന്‍റിന് അവസരം നല്‍കിയിരിക്കുകയാണെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.